കപ്പ് നിറയെ കണ്ണീരുമായി റബീഹെത്തി
text_fieldsമലപ്പുറം: ഇന്ത്യൻ സൂപ്പർ ലീഗിലെ അരങ്ങേറ്റ സീസണായിരുന്നു ഒതുക്കുങ്ങൽ സ്വദേശി അബ്ദുൽ റബീഹിന്. സ്വന്തം ടീം ഫൈനലിലെത്തിയപ്പോൾ അതിൽപരം സന്തോഷം വേറെയില്ലായിരുന്നു. കലാശക്കളി നടക്കുമ്പോൾ പക്ഷേ, പ്രിയപ്പെട്ടവരുടെ വേർപാടുണ്ടാക്കിയ വേദനയിലായിരുന്നു റബീഹ്.
ഒരു വേള ഫൈനലിന് നിൽക്കാതെ നാട്ടിലേക്ക് വരാൻ വരെ തുനിഞ്ഞതാണ്. ടീം കിരീടം നേടിയപ്പോഴും റബീഹിന്റെ മുഖത്ത് പുഞ്ചിരി വിടർന്നില്ല. പിതൃസഹോദരപുത്രൻ ഷിബിലും കൂട്ടുകാരൻ ജംഷീറും ഫൈനൽ കാണാൻ റബീഹിന്റെ ബൈക്കുമായി ഗോവയിലേക്കുള്ള യാത്രാമധ്യേയാണ് ഞായറാഴ്ച കാസർകോട്ട് അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച രാത്രി വൈകി നാട്ടിലെത്തിയ റബീഹ് ആദ്യം പോയത് ഇവരെ മറവ് ചെയ്ത ഒതുക്കുങ്ങൽ വലിയ ജുമാമസ്ജിദ് പള്ളി ഖബർസ്ഥാനിലേക്കാണ്.
ടീം ഗോവയിൽ നിന്ന് ഹൈദരാബാദിലേക്ക് പോയപ്പോൾ വിജയാഘോഷത്തിന് നിൽക്കാതെ വീട്ടിലേക്ക് തിരിക്കുകയായിരുന്നു റബീഹ്. രാത്രി പത്തോടെ കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ റബീഹിനെ കാത്ത് സഹോദരൻ റാസിക്കും സുഹൃത്തുക്കളുമുണ്ടായിരുന്നു. രാത്രി 11ഓടെ ഇവർക്കൊപ്പം ഒതുക്കുങ്ങൽ ചെറുകുന്നിലെത്തി. ഖബറിടത്തിൽ പ്രാർഥന നിർവഹിച്ച് ഷിബിലിന്റെയും ജംഷീറിന്റെയും മാതാപിതാക്കളെയും കണ്ടു.
കിരീടം നേടി വരുന്ന റബീഹിനെ ആഘോഷത്തോടെ വരവേൽക്കാനായിരുന്നു നാട്ടുകാർ പദ്ധതിയിട്ടിരുന്നത്. എല്ലാം പക്ഷേ കണ്ണീരിൽ കുതിർന്നു. ചൊവ്വാഴ്ച കായികമന്ത്രി വി. അബ്ദുറഹിമാൻ മരിച്ചവരുടെ വീടുകൾ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.