വൈശാഖിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് കരിനിഴൽ
text_fieldsമലപ്പുറം: അംഗപരിമിത ഫുട്ബാളിൽ രാജ്യത്തെ നയിക്കുന്ന കോഴിക്കോട്ടുകാരൻ വൈശാഖിന് ടീമിനെക്കുറിച്ച് വലിയ സ്വപ്നങ്ങളുണ്ട്. ഈ വർഷം നടക്കാനിരിക്കുന്ന ആംപ്യൂട്ടി ഫുട്ബാൾ ലോകകപ്പിന് ഇന്ത്യക്ക് യോഗ്യത നേടിക്കൊടുക്കുകയാണ് പ്രധാനം. അതിന് മുമ്പ് വേൾഡ് ആംപ്യൂട്ടി ഫുട്ബാൾ ഫെഡറേഷന് കീഴിൽ കിഷ് ഐലൻഡിൽ ഇറാൻ ആംപ്യൂട്ടി ഫുട്ബാൾ ഫെഡറേഷൻ മാർച്ചിൽ നടത്തുന്ന വെസ്റ്റ് ഏഷ്യൻ ആംപ്യൂട്ടി ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കണം. ലോകകപ്പ് യോഗ്യത കൂടി നിശ്ചയിക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ചെലവ് ആര് വഹിക്കും. ഇന്ത്യയുടെ 18 അംഗ ടീമിലെ ബഹുഭൂരിഭാഗം പേരും നിർധനരാണെന്ന് വൈശാഖ് വേദനയോടെ പറയുന്നു.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സബ് ജൂനിയർ ജില്ല ഫുട്ബാൾ ടീം തെരഞ്ഞെടുപ്പിന് പോകുമ്പോഴുണ്ടായ അപകടത്തിലാണ് പേരാമ്പ്ര സ്വദേശിയായ വൈശാഖിന് കാൽ നഷ്ടമായത്. വർഷങ്ങളോളം വീൽചെയറിൽ. നിശ്ചയദാർഢ്യം മുന്നോട്ട് നയിച്ചപ്പോൾ കോഴിക്കോട് ദേവഗിരി സെൻറ് ജോസഫ്സ് കോളജിൽ ഡിഗ്രി വിദ്യാർഥിയായിരിക്കെ അംഗപരിമിതരുടെ ഫുട്ബാളിലെത്തി. ദേശീയ ആംപ്യൂട്ടി ടീം നിലവിൽ വന്നപ്പോൾ വൈശാഖിനെ ക്യാപ്റ്റനാക്കി. ശ്രീലങ്ക, കെനിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നടന്ന മത്സരങ്ങളിൽ രാജ്യത്തെ നയിച്ചു. പാലക്കാട് ആലത്തൂരിൽ ഹോമിയോ ഫാർമസിസ്റ്റായി ജോലി ചെയ്യുകയാണ് വൈശാഖ്. ചെറുപ്പം തൊട്ട് പ്രതിസന്ധികളിൽ കൂടെ നിന്ന കൂട്ടുകാരി തീർത്ഥ കഴിഞ്ഞ ദിവസം ജീവിത സഖിയായി.
വെസ്റ്റ് ഏഷ്യൻ ആംപ്യൂട്ടി ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന 18 അംഗ ടീമിലെ പത്ത് പേരും മലയാളികളാണ്. വൈശാഖിനെ കൂടാതെ സിജോ ജോർജ് (തിരുവനന്തപുരം), ബി. ബാഷ (ആലപ്പുഴ), മനു പി. മാത്യു (പാലക്കാട്), അബ്ദുൽ മുനീർ (കോഴിക്കോട്), ബി. ഷൈജു (കൊല്ലം), വി.പി. ലെനിൻ (പാലക്കാട്), ഷെബിൻ ആന്റോ (തൃശൂർ), മുഹമ്മദ്ഷഫീഖ് പാണക്കാടൻ (മലപ്പുറം), ഷബിൻരാജ് (കാസർകോട്) എന്നിവർ സംഘത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.