ഗോവയിൽ ഗോളുത്സവം
text_fieldsപനജി: ഇരു ഗോൾമുഖങ്ങളും നിരന്തരം കുലുങ്ങിയ മനോഹര പോരാട്ടത്തിൽ ഇന്ത്യൻ ഫുട്ബാളിലെ കൊൽക്കത്തൻ കരുത്തിനെ പഞ്ഞിക്കിട്ട് അയൽക്കാരായ ഒഡിഷ. ആദ്യം വലകുലുക്കി വലിയ തുടക്കം കുറിച്ച എതിരാളികളുടെ നെഞ്ചു പിളർത്തി തുടരെ ഗോളുകൾ അടിച്ചുകൂട്ടിയാണ് ഒഡിഷ ജയം കുറിച്ചത്. സ്കോർ 6-4.
തുടക്കത്തിൽ ഇരുപാതികളിലും കയറിയിറങ്ങിയ മുന്നേറ്റങ്ങളുടെ തുടർച്ചയായി 13ാം മിനിറ്റിൽ വല കുലുങ്ങിയത് ഒഡിഷയുടെ. രാജു ഗെയ്ക്വാദ് എടുത്ത ലോങ് ത്രോ തകർപ്പൻ ഷോട്ടിൽ സിഡോൾ വലയിലെത്തിക്കുകയായിരുന്നു. ഇതോടെ ഉണർന്ന ഒഡിഷൻ മുന്നേറ്റത്തിെൻറ കാലുകളിലായി പിന്നീടുള്ള ഗോൾയാത്രകൾ. 33ാം മിനിറ്റിൽ സമനില ഗോളെത്തി.
യാവി ഹെർണാണ്ടസ് നൽകിയ പാസിൽ ഹെക്ടർ റോഡാസിെൻറ വകയായിരുന്നു ഗോൾ. 40ാം മിനിറ്റിൽ വീണ്ടും വല കുലുക്കി. ആദ്യ പകുതി അവസാനിക്കാനിരിക്കെയായിരുന്നു വിജയികളുടെ മൂന്നാം ഗോളിെൻറ പിറവി. ആദ്യ രണ്ടു ഗോളുകളിലും അസിസ്റ്റ് നൽകിയ യാവി തന്നെ ഇത്തവണ പന്ത് വലയിലെത്തിച്ചു. അതും കോർണർ കിക്ക് നേരിട്ട് ഗോളിയെയും കടന്ന് വലയിലാക്കി. രണ്ടാം പകുതിയിൽ 71ാം മിനിറ്റിൽ ഫ്രീകിക്ക് ഗോളിൽ അരിദായ് ഒഡിഷ ലീഡുയർത്തി.
കോട്ടകെട്ടിയ പ്രതിരോധത്തിെൻറ തലക്കു മുകളിലൂടെ പറന്ന പന്ത് ഗോളിയെ കാഴ്ചക്കാരനാക്കി പോസ്റ്റിെൻറ വലതുമോന്തായത്താണ് പതിച്ചത്. 80ാം മിനിറ്റിൽ ഇൗസ്റ്റ് ബംഗാൾ ഗോൾ മടക്കി. റഫീഖ് നൽകിയ ക്രോസിൽ തലവെച്ച് ഹവോകിപായിരുന്നു സ്കോറർ. എന്നാൽ, രണ്ടു മിനിറ്റ് കഴിഞ്ഞില്ല ഒഡിഷ അഞ്ചാമതും ഗോളടിച്ചു. ഇത്തവണ ലക്ഷ്യം കണ്ടത് ഇസാക്. 90ാം മിനിറ്റിൽ ചീമയിലൂടെ ഇൗസ്റ്റ് ബംഗാൾ ഗോൾ നേടി.
ഇഞ്ച്വറി സമയത്ത് ചീമ വീണ്ടും എതിർവല തുളച്ചു. എല്ലാം അവസാനിച്ചെന്നു തോന്നിച്ച ഘട്ടത്തിൽ അരിദായ് കിടിലൻ ഷോട്ടുമായി സ്കോർ 6-4 ആക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.