ഐ.എസ്.എല്ലിൽ കൊൽക്കത്ത ദിനം; ഈസ്റ്റ് ബംഗാളിന് ആദ്യ ജയം, എ.ടി.കെ ബഗാൻ ഒന്നാമത്
text_fieldsവാസ്കോ: കാത്തിരിപ്പിനൊടുവിൽ ഈസ്റ്റ് ബംഗാളിന് ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ ജയമെത്തി. അരങ്ങേറ്റ സീസണിൽ തോൽവികളും സമനിലകളുമായി നാണംകെട്ട കൊൽക്കത്തക്കാർക്ക്, പുതുവർഷത്തിലെ ആദ്യ അങ്കംതന്നെ തകർപ്പൻ ജയത്തോടെയായി. തങ്ങളെപ്പോലെതന്നെ ആദ്യ ജയത്തിനായി കാത്തിരുന്ന ഒഡിഷ എഫ്.സിയെ 3-1ന് തകർത്താണ് ഈസ്റ്റ് ബംഗാൾ കന്നി ജയം കുറിച്ചത്. തൊട്ടുപിന്നാലെ നടന്ന മറ്റൊരു മത്സരത്തിൽ കൊൽക്കത്തക്കാരായ എ.ടി.കെ മോഹൻ ബഗാനും വിജയമാഘോഷിച്ചു. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ 2-0ത്തിനാണ് തോൽപിച്ചത്.
ഒഡിഷക്കു മേൽ സമ്പൂർണ ആധിപത്യം സ്ഥാപിച്ചായിരുന്നു ഈസ്റ്റ് ബംഗാളിെൻറ വിജയം. കളിയുടെ 12ാം മിനിറ്റിൽ ആൻറണി പിൽകിങ്ടണിെൻറ ഗോളിലൂടെ ഈസ്റ്റ് ബംഗാൾ വലകുലുക്കി. രാജു ഗെയ്ക്വാദിെൻറ ലോങ് ത്രോയിൽ തുടങ്ങിയ നീക്കം ഡാനി ഫോക്സിെൻറ ക്രോസിലൂടെ എത്തിയപ്പോൾ ടച്ച് ലൈനിൽ പിൽകിങ്ടൺ വലയിലേക്ക് തട്ടിയിട്ടു. 39ാം മിനിറ്റിൽ ജാക്വസ് മഗ്ഹോമയുടെ ഉജ്ജ്വല ഷോട്ട് പോസ്റ്റിൽ തട്ടി വലകുലുക്കിയപ്പോൾ ഈസ്റ്റ് ബംഗാളിന് ആദ്യ പകുതിയിൽതന്നെ രണ്ട് ഗോൾ ലീഡ്. രണ്ടാം പകുതിയിലെ 88ാം മിനിറ്റിൽ ബ്രൈറ്റ് എനോബകാരെയുടെ കൂടി ഗോളായതോടെ വിജയം ആധികാരികമായി. ഇതിനിടെ, ഇഞ്ചുറി ടൈമിൽ ഡാനി ഫോക്സിെൻറ സെൽഫ് ഗോളിലൂടെ ഒഡിഷ ആശ്വാസ ഗോളും കുറിച്ചു.
മുന്നിലെത്തി ബഗാൻ
ഒമ്പതാം ജയം സ്വന്തമാക്കിയാണ് ബഗാൻ പോയൻറ് പട്ടികയിൽ മുന്നിലെത്തിയത്. ആദ്യ പകുതിയിൽ ഉജ്ജ്വല പ്രതിരോധവുമായി പിടിച്ചുനിന്ന നോർത്ത് ഈസ്റ്റിന് രണ്ടാം പകുതിയിൽ അടിതെറ്റി. 51ാം മിനിറ്റിൽ ടിരിയുടെ കോർണർ ബോക്സിനുള്ളിൽ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് റോയ് കൃഷ്ണയാണ് ആദ്യ ഗോളടിച്ചത്. 57ാം മിനിറ്റിൽ സന്ദേശ് ജിങ്കാനെ തടയാനുള്ള ശ്രമത്തിനിടെ നോർത്ത് ഈസ്റ്റ് ഡിഫൻഡർ ബെഞ്ചമിൻ ലാബട്ടിെൻറ കാലിൽ തട്ടി പന്ത് വലയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.