കൊച്ചിയിൽ വീണ്ടും ജയം; ഒഡീഷയെ തകർത്ത് കൊമ്പൻമാർ
text_fieldsഎവേ മത്സരത്തിലേറ്റ തോൽവിക്ക് സ്വന്തം തട്ടകത്തിൽ ഒഡീഷയോട് പകരം വീട്ടി കേരളത്തിന്റെ കൊമ്പൻമാർ. കൊച്ചിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോൾ ജയമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. 86-ആം മിനിറ്റുവരെ ഗോൾരഹിതമായി തുടർന്ന മത്സരത്തിൽ വഴിത്തിരിവായത് പ്രതിരോധ താരം സന്ദീപ് സിങ്ങിന്റെ ഗോളായിരുന്നു. ബ്രൈസ് മിരാൻഡയുടെ ഗംഭീര പാസ് ഒഡീഷ ഗോളിയുടെ പിഴവ് മുതലെടുത്ത് സന്ദീപ് ഹെഡറിലൂടെയാണ് ഗോളാക്കി മാറ്റിയത്.
വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. 11 മത്സരങ്ങളില്‍ നിന്ന് 22 പോയന്റാണ് ടീമിനുള്ളത്.
ആദ്യ പകുതിയിൽ ഒഡീഷയായിരുന്നെങ്കിൽ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സായിരുന്നു ആക്രമിച്ച് കളിച്ചത്. സഹൽ അബ്ദുസമദ് രണ്ടിലേറെ തവണ ഒഡീഷയെ വിറപ്പിക്കുന്ന മുന്നേറ്റം നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. നിഹാലും വലതുവിങ്ങിൽ നിന്ന് ഗംഭീര മുന്നേറ്റങ്ങളാണ് നടത്തിയത്.
ആദ്യപകുതിയിൽ മികച്ച ആക്രമണം പുറത്തെടുത്ത ഒഡീഷ ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് പലതവണ അപകടം വിതച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. മൂന്നാം മിനിറ്റില്‍ തന്നെ റെയ്‌നിയര്‍ ഫെര്‍ണാണ്ടസിലൂടെ ഒഡിഷ ആക്രമണം തുടങ്ങി. താരത്തിന്റെ തകര്‍പ്പന്‍ ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്തേക്ക് പോവുകയായിരുന്നു. തുടക്കം മുതലേ പന്ത് കൈവശം വെക്കാൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ബുദ്ധിമുട്ടുന്ന കാഴ്ചയായിരുന്നു. 10-ആം മിനിറ്റിലായിരുന്നു കലിയുഷ്നിയിലൂടെ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആദ്യ മുന്നേറ്റ ശ്രമം നടത്തിയത്. ഡയമന്റക്കോസിന് നൽകിയ പാസ്, പക്ഷെ താരം പുറത്തേക്കടിച്ചു. 18-ആം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ നായകന്‍ ജെസ്സെല്‍ കാര്‍നെയ്‌റോയും മികച്ചൊരു അവസരം പാഴാക്കി.
ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ഗില്ല് മുപ്പതാം മിനിറ്റിലും സന്ദീപ് സിങ് 35-ആം മിനിറ്റിലും മഞ്ഞക്കാർഡ് കണ്ടു. 43-ാം മിനിറ്റില്‍ ലെസ്‌കോവിച്ചിനും 45-ആം മിനിറ്റില്‍ രാഹുലിനുമാണ് മഞ്ഞക്കാര്‍ഡ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.