മെസ്സിയും സംഘവും കേരളത്തിലെത്തും..!; വരാൻ സമ്മതം അറിയിച്ചെന്ന് മന്ത്രി അബ്ദുറഹ്മാൻ
text_fieldsതിരുവനന്തപുരം: കേരളത്തിലെ ഫുട്ബാൾ ആരാധകരെ വീണ്ടും ആവേശത്തിലാഴ്ത്തി കായിക മന്ത്രി വി.അബ്ദുറഹ്മാന്റെ വെളിപ്പെടുത്തൽ. അർജന്റീനൻ ഫുട്ബാൾ ടീം കേരളത്തിൽ വന്ന് കളിക്കാൻ തയാറാണെന്ന് സമ്മതം അറിയിച്ചതായി മന്ത്രി പറഞ്ഞു. കൈരളി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ലോകകപ്പ് ജേതാക്കളായ അർജന്റീനയെ കേരളത്തിലേക്ക് ക്ഷണിച്ച് നേരത്തെ കായികമന്ത്രി കത്തയച്ചിരുന്നു. അതിനുള്ള മറുപടിയായി ജൂലൈ മാസം വരാൻ തയാറാണെന്നാണ് അർജന്റീനൻ ടീം അധികൃതർ ഇ-മെയിൽ വഴി കേരളത്തെ അറിയിച്ചിട്ടുള്ളത്.
എന്നാൽ, ഒരുപാട് കടമ്പകൾ ഇനിയും ബാക്കിയുണ്ടെന്നും മുഖാമുഖം കണ്ട് സംസാരിച്ചാൽ മാത്രമേ അന്തിമ തീരുമാനത്തിലേക്ക് എത്താനാകൂവെന്നും മന്ത്രി പറഞ്ഞു. അതിനായി അവരോട് സമയം ചോദിച്ചിട്ടുണ്ടെന്നും നമ്മുടെ ഒരു ടീം അവരെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ടീം വരാമെന്ന് പറഞ്ഞ ജൂലൈ മാസത്തിൽ കേരളത്തിലെ കാലാവസ്ഥ പ്രതികൂലമാകാൻ സാധ്യതയുണ്ട്. മഴ സീസൺ ആയതിനാൽ അക്കാര്യത്തിൽ കൂറേകൂടി വ്യക്തത വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന പോലൊരു ടീം കേരളത്തിൽ എത്തിയാൽ അത് അപൂർവനിമിഷമാകുമെന്നും ആരാധകരുടെ സ്വപ്നമാണെന്നും അതിനായുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.