ബ്ലാസ്റ്റേഴ്സിന് ഹാട്രിക് തോൽവി
text_fieldsകൊച്ചി: സ്വന്തം തട്ടകത്തിൽ വിജയം നേടി ആരാധകരെ ആശ്വസിപ്പിക്കാമെന്ന ബ്ലാസ്റ്റേഴ്സിന്‍റെ കണക്കൂകൂട്ടൽ തെറ്റി. പകരം ആരാധകർക്ക് സമ്മാനിച്ചത് വീണ്ടുമൊരു തോൽവി. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എല്ലിലെ നാലാം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ മുംബൈ സിറ്റി എഫ്.സി 2-0ത്തിനാണ് കൊമ്പന്മാരെ മുട്ടുകുത്തിച്ചത്.
ലീഗിൽ ബ്ലാസ്റ്റേഴ്സിന്‍റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. മത്സരത്തിന്‍റെ ഒന്നാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും പിറന്നത്. മുംബൈക്കുവേണ്ടി മെഹ്താബ് സിങ് (21ാം മിനിറ്റ്), ബ്ലാസ്റ്റേഴ്സ് മുൻ അർജന്‍റൈൻ താരം ജോർജെ പെരേര ഡയസ് (31) എന്നിവർ വലകുലുക്കി. മത്സരത്തിലുടനീളം പന്തടക്കത്തിലും ആക്രമണ ഫുട്ബാളിലും മുംബൈ തന്നെയായിരുന്നു മുന്നിൽ. ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റം അഡ്രിയാൻ ലൂന, കെ.പി. രാഹുൽ, ദിമിത്രിയോസ് ഡയമന്‍റകോസ് എന്നിവരിലൊതുങ്ങി.
കളിയിൽ 51 ശതമാനം സമയവും പന്ത് കൈവശം വെച്ചിട്ടും ബ്ലാസ്റ്റേഴ്സിന് ഗോൾ നേടാനായില്ല. മത്സരത്തിനിടെ ലഭിച്ച അവസരങ്ങൾ മുതലെടുക്കുന്നതിലും താരങ്ങൾ പരാജയപ്പെട്ടു. ജയത്തോടെ എട്ടു പോയിന്‍റുമായി മുംബൈ പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ബ്ലാസ്റ്റ്ഴ്സിന് നാലു മത്സരങ്ങളിൽനിന്നായി മൂന്നു പോയിന്‍റു മാത്രം. കേരള ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം നവംബർ അഞ്ചിന് ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് ഈസ്റ്റ് യുനൈറ്റഡിനെതിരെയാണ്.
മുനയൊടിഞ്ഞ ബ്ലാസ്റ്റേഴ്സ്
പതിവുപോലെ ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്‍റകോസിന് രണ്ടാം മിനിറ്റിൽതന്നെ മികച്ച അവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. പിന്നാലെ കൃത്യമായ പാസ്സിങ് ഗെയ്മിലൂടെ മുംബൈ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് കണ്ടത്.
പ്രതിരോധനിരയെ കാഴ്ചക്കാരാക്കി കൃത്യമായ ഇടവേളകളിൽ ബ്ലാസ്റ്റേഴ്സിന്‍റെ ഗോൾ മുഖം വിറപ്പിച്ചു. ഇംഗ്ലീഷ് താരം ഗ്രെഗ് സ്റ്റുവെർട്ടായിരുന്നു മധ്യനിരയിൽ കളി മെനഞ്ഞത്. 21ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ വലയിൽ മുംബൈ ആദ്യ വെടിപൊട്ടിച്ചത്. അഹ്മദ് ജാഹു എടുത്ത കോർണർ കിക്കായിരുന്നു ഗോളിന് വഴിയൊരുക്കിയത്. ബോക്സിനുള്ളിൽ പന്ത് ക്ലിയർ ചെയ്യാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് കഴിഞ്ഞില്ല. പന്ത് വന്ന് വീണത് നേരെ മെഹ്താബിന്‍റെ കാലിൽ.
മികച്ചൊരു ഷോട്ടിലൂടെ താരം പന്ത് വലയിലെത്തിച്ചു. ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ ഗിൽ നിസ്സാഹായനായിരുന്നു. നായകൻ ജെസ്സൽ കർണെയ്റോടുയെടെ വിങ്ങിലൂടെ ഇതിനിടെ പലവതണ മുംബൈ താരങ്ങൾ ബ്ലാസ്റ്റേഴ്സിന്‍റെ ബോക്സിനുള്ളിലേക്ക് കയറിവന്നു. ഭാഗ്യം കൊണ്ടുമാത്രമാണ് പലതും രക്ഷപ്പെട്ടത്. ബ്ലാസ്റ്റേഴ്സിന്‍റെ ആക്രമണങ്ങൾക്ക് മൂർച്ചയില്ലായിരുന്നു.
പത്തുമിനിറ്റുകൾക്കകം ഗാലറിയിലെ ആരാധകരുടെ നെഞ്ചിൽ തീവാരിയിട്ട് മുംബൈയുടെ രണ്ടാം ഗോൾ. പ്രതിരോധ താരം മാർകോ ലെസ്കോവിച്ചിന്‍റെ പിഴവാണ് ഇത്തവണ ഗോളായത്. ഗ്രെഗ് സ്റ്റുവെർട്ട് മുന്നിലേക്ക് തള്ളി നൽകിയ പന്ത് ഡയസിന്‍റെ കാലിൽ തട്ടി നേരെ ലെസ്കോവിച്ചിന്‍റെ കാലിലേക്ക്. താരത്തിന്‍റെ കൃത്യമായി കണക്ട് ചെയ്യാൻ കഴിഞ്ഞില്ല. കാലിൽ തട്ടി പന്ത് നേരെ വന്നു വീണത് വീണ്ടും പെരേര ഡയസിന്‍റെ കാലിൽ. ഗോളിക്കു മുന്നിൽ ഡയസും മറ്റൊരു മുംബൈ താരവും മാത്രം. ഡയസ് പ്രഭ്സുഖൻ ഗില്ലിനെ കബളിപ്പിച്ച് പന്ത് അനായാസം വലയിലെത്തിച്ചു.
ഗോൾ തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾ പലപ്പോഴും ഒന്നടങ്കം കയറി കളിച്ചതോടെ പ്രതിരോധനിരയിൽ വലിയ വിള്ളലുകൾ വീണു. ഇത് മുതലെടുത്ത് മുംബൈ ബ്ലാസ്റ്റേഴ്സിന്‍റെ ബോക്സിലേക്ക് ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരുന്നു. 36ാം മിനിറ്റിൽ ബോക്സിനു പുറത്ത് ബ്ലാസ്റ്റേഴ്സിനു അനുകൂലമായി ലഭിച്ച ഫൗൾ കിക്ക്. ലൂന എടുത്ത് കിക്ക് മുംബൈ ഗോളി ലചെൻപ തട്ടിയകറ്റി.
ഗോൾ മാത്രം വന്നില്ല
ബ്ലാസ്റ്റേഴ്സിന്‍റെ മിന്നലാക്രമണങ്ങളോടെയാണ് രണ്ടാംപുകുതി തുടങ്ങുന്നത്. തുടരെ തുടരെ മുംബൈ സിറ്റിയുടെ ബോക്സിനുള്ളിലേക്ക് ആക്രമണം അഴിച്ചുവിട്ടു. എന്നാൽ, ഗോൾ മാത്രം വന്നില്ല. 51ാം മിനിറ്റിൽ ഇടതുവിങ്ങിൽനിന്ന് ലൂന ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് ദിമിത്രിയോസ് ഹെഡ് ചെയ്തെങ്കിലും ബോക്സിനു പുറത്തേക്ക്. പിന്നാലെ പ്രതിരോധ താരങ്ങളെ മറികടന്ന് രാഹുൽ നൽകിയ പന്ത് ജെസ്സൽ ഹെഡ് ചെയ്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.
71ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ടീമിൽ രണ്ടു മാറ്റങ്ങൾ വരുത്തി. വിക്ടർ മോംഗിലിനു പകരം ഇവാൻ കലിയൂഷ്നിയെയും സഹലിനു പകരം ഹോർമിപാം റൂയ്‍വായെയും കളത്തിലിറക്കി ഗോൾ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മുംബൈ കൂടുതൽ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇതിനിടെ കിട്ടിയ അവസരങ്ങളിൽ ലീഡ് ഉയർത്താൻ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴസ് പ്രതിരോധം വിഫലമാക്കി.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഒരേ ഇലവനെ പരീക്ഷിച്ച കോച്ച് ഇവാൻ വുകോമനോവിച്ച് മുന്നേറ്റ നിരയിലും പ്രതിരോധത്തിലും ഓരോ മാറ്റങ്ങൾ വരുത്തിയാണ് ടീമിനെ ഇറക്കിയത്. യുക്രെയ്ന് താരം ഇവാൻ കലിയൂഷ്നിക്ക് പകരം മുന്നേറ്റ നിരയിൽ മലയാളി താരം കെ.പി. രാഹുലും പ്രതിരോധത്തിൽ ഹോർമിപാം റൂയ്‍വക്കു പകരം സ്പാനിഷ് താരം വിക്ടർ മോംഗിലും ഇടംപിടിച്ചു. കെ.പി. രാഹുൽ വിങ്ങിലൂടെ മികച്ച മുന്നേറ്റങ്ങൾ നടത്തി.
ജംഷഡ്പുർ എഫ്.സിക്കെതിരെ കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമിൽ മുംബൈ ഒരു മാറ്റം വരുത്തി. സ്പാനിഷ് താരം അർബെർട്ടോ നെഗ്വാറോക്ക് പകരം ബ്ലാസ്റ്റേഴ്സിന്‍റെ മുൻ അർജന്‍റൈൻ താരം പെരേര ഡയസിന് ആദ്യ ഇലവനിൽ ഇടം നൽകി. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന്‍റെ കുന്തമുനയായിരുന്നു ഡയസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.