ഐ.എസ്.എൽ കിരീടം എ.ടി.കെ മോഹൻ ബഗാന്; ജയം പെനാൽറ്റി ഷൂട്ടൗട്ടിൽ (4-3); ഛേത്രിക്കും സംഘത്തിനും കണ്ണീർമടക്കം
text_fieldsമഡ്ഗാവ്: പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട ആവേശപ്പോരിനൊടുവിൽ എ.ടി.കെ മോഹൻ ബഗാന് ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ) കന്നി കിരീടം . മുൻ ജേതാക്കളായ ബംഗളരു എഫ്.സിയെ 4-3ന് തോൽപ്പിച്ചാണ് കൊൽക്കത്തക്കാർ ചരിത്രമെഴുതിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും 2-2ന് തുല്യനിലയിലായിരുന്നു. അധികസമയത്തും സമനില തെറ്റിയില്ല. ഷൂട്ടൗട്ടിൽ ബംഗളുരുവിന്റെ ബ്രൂണോ സിൽവയും പാബ്ലോ പെരസും കിക്ക് പാഴാക്കി. അലൻ കോസ്റ്റയും റോയ് കൃഷ്ണയും സുനിൽ ഛേത്രിയും ലക്ഷ്യം കണ്ടു. ബഗാന്റെ സൂപ്പർ സ്ട്രൈക്കർ ദിമിത്രി പെട്രാറ്റോസ്, ലിസ്റ്റൺ കൊളാസോ, കിയാൻ നസിരി, മൻവീർ സിങ് എന്നിവർ ഗോൾ നേടി.
ഒന്നാം പകുതിയിൽ 1-1 എന്ന നിലയിലായിരുന്നു. 14ാം മിനിറ്റിലും 85ാം മിനിറ്റിലും ബഗാന്റെ ദിമിത്രി പെട്രാറ്റോസ് പെനാൽറ്റിയിലൂടെ നിശ്ചിത സമയത്ത് ഗോൾ നേടി. 45ാം മിനിറ്റിൽ സുനിൽ ഛേത്രി ബംഗളൂരുവിനെ പെനാൽറ്റിയിലൂടെ ഒപ്പമെത്തിച്ചു. റോയ് കൃഷ്ണയാണ് (78) മറ്റൊരു സ്കോറർ.
ചാങ്തെയാണ് ഹീറോ ഓഫ് ദ ലീഗ്. ഡീഗോ മൗറീഷ്യോക്ക് ഗോൾഡൻ ബൂട്ടും വിശാൽ കെയ്ത്തിന് ഗോൾഡൻ ഗ്ലൗവും ലഭിച്ചു. ശിവശക്തി നാരായണനാണ് എമർജിങ് പ്ലയർ. അടുത്ത സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എന്ന പേരിലാകും ടീം കളിക്കുകയെന്ന് ഉടമ സഞ്ജീവ് ഗോയങ്ക അറിയിച്ചു.
ഒന്നാം പാതി, രണ്ടു പെനാൽറ്റി
4-2-3-1 എന്ന ശൈലിയിലാണ് കോച്ച് യുവാൻ ഫെറാൻഡോ ബഗാൻ ടീമിനെ അണിനിരത്തിയത്. കണങ്കാലിന് പരിക്കേറ്റിരുന്ന മലപ്പുറംകാരൻ ആശിഖ് കുരുണിയൻ എ.ടി.കെ മോഹൻ ബഗാൻ ടീമിൽ ആദ്യ ഇലവനിൽ തിരിച്ചെത്തി മിഡ്ഫീൽഡിന് കരുത്തേകി 3-5-2 ആയിരുന്നു ബംഗളൂരു എഫ്.സിയുടെ ഫോർമേഷൻ. സുനിൽ ഛേത്രി പതിവുപോലെ ആദ്യ ഇലവനിലുണ്ടായിരുന്നില്ല. റോയ് കൃഷ്ണയും യുവതാരം ശിവശക്തി നാരായണനുമായിരുന്നു മുൻനിരയിലുണ്ടായിരുന്നത്. എന്നാൽ, നാലാം മിനിറ്റിൽ ബഗാന്റെ കാൾ മക്ഹ്യൂവിന്റെ കൈമുട്ട് തട്ടി പരിക്കേറ്റ ശിവനാരായണന് പുറത്തുപോകേണ്ടിവന്നു. പകരം ഛേത്രിയെത്തി.
ആറാം മിനിറ്റിൽ ആശിഖിലൂടെ ബഗാനാണ് ആദ്യം ആക്രമണം അഴിച്ചുവിട്ടത്. എന്നാൽ, അപകടമില്ലാതെ ബംഗളൂരു ഗോളി ഗുർപ്രീത് സിങ് സന്ധു രക്ഷപ്പെടുത്തി. പിന്നാലെ ബംഗളൂരുവിന്റെ യാവിയർ ഹെർണാണ്ടസിന്റെ ബൈസിക്കിൾ കിക്ക് ബഗാന്റെ സുഭാശിഷ് ബോസ് തടുത്തിട്ടു. 14ാം മിനിറ്റിൽ തകർപ്പൻ മുന്നേറ്റത്തിനൊടുവിലാണ് ബഗാന് പെനാൽറ്റി കിക്ക് ലഭിച്ചത്. ദിമിത്രി പെട്രാറ്റോസിന്റെ കോർണർ കിക്കിൽ നിന്നുള്ള പന്ത് സഹതാരം സുഭാശിഷ് ഹെഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബോക്സിൽ ഒപ്പം ചാടിയ ബംഗളൂരു ഫോർവേഡ് റോയ് കൃഷ്ണയുടെ കൈയിൽ തട്ടി. റഫറി സ്പോട്ട് കിക്ക് വിധിച്ചു. പെട്രാറ്റോസിന്റെ കിക്കിൽ ഗുർപ്രീതിനെ കബളിപ്പിച്ച് പന്ത് വലയിൽ പതിച്ചു. ഗോൾ തിരിച്ചടിക്കാനുള്ള ശ്രമത്തിലായിരുന്നു പിന്നീട് ഛേത്രിയും സംഘവും. 25ാം മിനിറ്റിൽ ഹെർണാണ്ടസ് 30 വാര അകലെനിന്ന് തൊടുത്ത ഫ്രീകിക്ക് ബഗാൻ ഗോളി വിശാൽ കെയ്ത്ത് കോർണർ വഴങ്ങി രക്ഷപ്പെടുത്തി.
30 മിനിറ്റിനുശേഷം ബംഗളൂരു തുടർച്ചയായി ഫൗളുകൾ പുറത്തെടുത്തു. റഫറി മഞ്ഞക്കാർഡും. പ്രബിർദാസിനും ഛേത്രിക്കും റോഷൻ നൗറേമിനും കാർഡ് കിട്ടി. ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത് ബോക്സിനുള്ളിൽനിന്ന് പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബഗാൻ പ്രതിരോധ താരം സുഭാശിഷിന്റെ ചവിട്ടേറ്റത് റോയ് കൃഷ്ണക്ക്. പെനാൽറ്റി ലഭിച്ച ഛേത്രി സമനില പിടിച്ചു (1-1).
സമനില തെറ്റാതെ
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗ്ലാൻ മാർട്ടിനസിനെ ബഗാനും അലക്സാണ്ടർ യൊവാനോവിച്ചിനെ ബംഗളൂരുവും ബെഞ്ചിലേക്ക് മാറ്റി. 54ാം മിനിറ്റിൽ ആശിഖ് കുരുണിയനും മൈതാനം വിട്ടു. രണ്ടാം പകുതിയിൽ കളി ആവേശഭരിതമായിരുന്നു. ഇരുടീമുകളും ലീഡ് നേടാനായി കിണഞ്ഞുശ്രമിച്ചു.
61ാം മിനിറ്റിൽ ലിസ്റ്റൺ കൊളാസോയുടെ ലോങ്റേഞ്ചർ ബംഗളൂരു ഗോളി സേവ് ചെയ്തപ്പോൾ പന്ത് പെട്രാറ്റോസിന്റെ മുന്നിലെത്തി. എന്നാൽ, താരം അവസരം നഷ്ടപ്പെടുത്തി. ബാക്ക് പാസുകളും ലോങ് ബാളുകളുമായി ബഗാൻ കളി പതിഞ്ഞ താളത്തിലേക്ക് മാറ്റിയതിനു പിന്നാലെ ബംഗളൂരു ഗോൾ നേടി.
78ാം മിനിറ്റിൽ റോയ് കൃഷ്ണയിലൂടെയാണ് ബംഗളൂരു ലീഡ് നേടിയത്. സുരേഷ് സിങ്ങിന്റെ കോർണർ കിക്കിൽ നിന്നായിരുന്നു മുൻ ക്ലബിനെതിരെ റോയ് കൃഷ്ണയുടെ തകർപ്പൻ ഹെഡർ (2-1). 85ാം മിനിറ്റിൽ കിയാൻ നസിരിയെ ബംഗളൂരുവിന്റെ പാബ്ലോ പെരസ് ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയാണ് മത്സരം അധിക സമയത്തിലേക്ക് നീട്ടിയത്. പെട്രാറ്റോസ് തന്നെ ഗോളടിച്ചു (2-2).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.