ബംഗളൂരുവിൽ ഇന്ന് ചൂടൻ പോരാട്ടം; പ്ലേ ഓഫ് ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും
text_fieldsബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫിലേക്ക് കണ്ണുവെച്ച്, ചിര വൈരികളായ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയും ബംഗളൂരു എഫ്.സിയും ശനിയാഴ്ച കളത്തിലിറങ്ങുന്നു. സൂപ്പർ ഫോം തുടരുന്ന ബംഗളൂരുവും വിജയവഴിയിൽ തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്സും തമ്മിലെ പോരാട്ടത്തിന് കളത്തിനകത്തും പുറത്തും ചൂടേറും. ബ്ലാസ്റ്റേഴ്സിന്റെ ആരാധകരായ മഞ്ഞപ്പട ‘രണ്ടാം ഹോം’ എന്ന് വിശേഷിപ്പിക്കുന്ന ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നല്ലൊരു ശതമാനം ടിക്കറ്റുകളും ബ്ലാസ്റ്റേഴ്സ് ആരാധകർ കൈക്കലാക്കി കഴിഞ്ഞു. പടിഞ്ഞാറെ ഗാലറിയിൽ ബംഗളൂരുവിന്റെ ആരാധകരായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും കിഴക്കെ ഗാലറിയിൽ മഞ്ഞപ്പടയും ആർപ്പുവിളിക്കുമ്പോൾ ഇരു ടീമുകളുടെയും ആരാധകർ ഒരുപോലെ നിറഞ്ഞൊഴുകുന്ന കണ്ഠീരവ സ്റ്റേഡിയം സൂപ്പർ ലീഗിലെ അപൂർവ കാഴ്ചയാകും.
ഒറ്റജയത്തിൽ പ്ലേ ഓഫ് ബെർത്ത്
17 കളിയിൽനിന്ന് 10 ജയവും ഒരു സമനിലയും ആറ് തോൽവിയുമടക്കം 31 പോയന്റുള്ള ബ്ലാസ്റ്റേഴ്സിന് ഒരു ജയം കൊണ്ട് പ്ലേ ഓഫ് ബെർത്ത് ഉറപ്പിക്കാം. കൊമ്പന്മാർക്ക് ഇനി മൂന്നു കളികളാണുള്ളത്. എന്നാൽ, മൂന്ന് മത്സരങ്ങളും ശക്തമായ ടീമുകളോടാണെന്നതിനാൽ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ ഫോം കണക്കിലെടുത്താൽ പ്രവചനം അസാധ്യമാണ്. ബംഗളൂരുവുമായുള്ള മത്സരത്തിന് പുറമെ, ഫെബ്രുവരി 18ന് എ.ടി.കെ മോഹൻ ബഗാനുമായി എവേ മത്സരവും 26ന് ഹൈദരാബാദുമായി ഹോം മത്സരവുമാണ് ബാക്കിയുള്ളത്. പോയന്റ് പട്ടികയിൽ മുംബൈയുടെയും ഹൈദരാബാദിന്റെയും സ്ഥാനം ഇളകാൻ സാധ്യതകൾ നന്നെ കുറവാണ്. ഇനിയുള്ള കളികളിൽ പരമാവധി പോയന്റുമായി പ്ലേ ഓഫിലേക്ക് കടക്കാനായാൽ അത് ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസമേറ്റും. മൂന്നാം സ്ഥാനം നിലനിർത്തി ലീഗ് റൗണ്ട് പൂർത്തിയാക്കാനായാൽ സെമി ബെർത്തിനായുള്ള എലിമിനേഷൻ റൗണ്ടിൽ ലീഗിലെ ആറാം സ്ഥാനക്കാരെയാണ് ബ്ലാസ്റ്റേഴ്സിന് ലഭിക്കുക.
കഴിഞ്ഞ അഞ്ചു മത്സരങ്ങളിലെ കണക്കെടുത്താൽ ഫോം സ്ഥിരതയില്ലായ്മയാണ് ബ്ലാസ്റ്റേഴ്സിനെ കുഴക്കുന്ന പ്രശ്നം. മുംബൈയോടും ഗോവയോടും ഗോളുകൾ വാങ്ങിക്കൂട്ടിയ ബാസ്റ്റേഴ്സ് ലീഗിലെ പിൻനിരക്കാരായ ഈസ്റ്റ് ബംഗാളിനോട് അനാവശ്യ തോൽവിയും ഏറ്റുവാങ്ങിയിരുന്നു.
ഛേത്രിയില്ലാതെ ബംഗളൂരു
ഇത്തവണ തുടക്കത്തിൽ പതറിയ ബംഗളൂരു, തങ്ങളുടെ സുവർണ കാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനവുമായാണ് ലീഗിൽ തിരിച്ചുവന്നത്. തുടർച്ചയായി അഞ്ചു ജയം കൊയ്ത ‘ദി ബ്ലൂസ്’ 17 കളിയിൽനിന്ന് എട്ടു ജയവും ഒരു സമനിലയും എട്ടു തോൽവിയുമായി 25 പോയന്റ് നേടി ഏഴാംസ്ഥാനത്താണ്. പോയന്റ് പട്ടികയിൽ തങ്ങളേക്കാൾ മുന്നിലുള്ള കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി, എഫ്.സി ഗോവ എന്നിവയുമായുള്ള പോരാട്ടം ബാക്കി നിൽക്കുമ്പോൾ പ്ലേ ഓഫിലേക്കെത്താൻ ജയത്തിൽ കുറഞ്ഞൊന്നും ബംഗളൂരുവിന് തുണയാവില്ല. എന്നാൽ, മൂന്നും ഹോം മത്സരങ്ങളാണെന്ന ആശ്വാസമാണ് ടീമിന്.
സുനിൽ ഛേത്രിയെന്ന ഇതിഹാസ താരം തുടർച്ചയായി ബംഗളൂരുവിന്റെ പകരക്കാരുടെ ബെഞ്ചിലായതാണ് ഈ സീസണിൽ ആരാധകരെ വ്യസനിപ്പിക്കുന്ന കാഴ്ചകളിലൊന്ന്. ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച റോയ്കൃഷ്ണക്കൊപ്പം ഛേത്രി ആക്രമണത്തിനായി ആദ്യ ഇലവനിലിറങ്ങിയ മത്സരങ്ങളിൽ ഒത്തിണക്കമില്ലാതെ ടീമിന്റെ പ്രകടനം മോശമായതോടെയാണ് ഛേത്രിക്ക് പകരം ശിവശക്തി നാരായണൻ വരുന്നത്. അലൻകോസ്റ്റക്കും സന്ദേശ് ജിങ്കാനുമൊപ്പം പ്രതിരോധത്തിൽ പരാഗും ഫോം കണ്ടെത്തിയതോടെ ടീമെന്ന നിലയിൽ ബംഗളൂരുവിനെ മറികടക്കാൻ ബ്ലാസ്റ്റേഴ്സ് വിയർക്കും. ബാറിന് കീഴിൽ ഗുർപ്രീത് സിങ് സന്ധുവും വന്മതിലായുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.