'യൂറോ കപ്പ് നേടിയത് ലോകകപ്പിന് തുല്യം, ഞാൻ അതിന് വേണ്ടിയല്ല കളിക്കുന്നത്'; വമ്പൻ പ്രസ്താവനയുമായി റൊണാൾഡോ
text_fieldsഔദ്യോഗിക മത്സരങ്ങളിൽ രാജ്യത്തിനും ക്ലബിനുമായി 900 ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തം പേരിൽ കുറിച്ചിരുന്നു. ക്രൊയേഷ്യക്കെതിരായ നേഷൻസ് ലീഗ് മത്സരത്തിൽ പോർച്ചുഗലിനായി 34ാം മിനിറ്റിൽ നൂനോ മെൻഡസിന്‍റെ ക്രോസ് വലയിലെത്തിച്ചാണ് അദ്ദേഹത്തിന്‍റെ ചരിത്രം നേട്ടം. ഗോളടിച്ച ശേഷം വികാരഭരിതനായ താരം ഗ്രൗണ്ടിൽ കിടക്കുയായിരുന്നു. റൊണാൾഡോക്ക് പുറമെ ഡിയോഗോ ഡലോട്ട് ഗോളും സെൽഫ് ഗോളും നേടിയ മത്സരത്തിൽ പോർച്ചുഗൽ 2-1നാണ് ക്രൊയോഷ്യക്തെതിരെ വിജയിച്ചത്.
ഒരുപാട് വ്യക്തിഗത നേട്ടങ്ങളും ക്ലബ്ബ് തലത്തിൽ ട്രോഫികളും വാരിക്കൂട്ടിയ റൊണാൾഡോക്ക് പക്ഷെ ലോകകപ്പ് ഇന്നും വിദൂര സ്വപ്നമായി തന്നെ നിലനിൽക്കുയാണ്. താൻ ലോകകപ്പ് നേടുവാനായി ശ്രമിക്കുന്നില്ലെന്നാണ് റൊണാൾഡോ പറയുന്നത്. താൻ ഫുട്ബോളിൽ നിലനിൽക്കുന്നത് അഭിനിവേശം മൂലമാണെന്നും ലോകകപ്പിന് വേണ്ടിയല്ല കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പോർച്ചുഗൽ യൂറോകപ്പ് വിജയിച്ചത് ലോകകപ്പിന് തുല്യമാണെന്നും റൊണാൾഡോ വിശ്വസിക്കുന്നു.
'പോർച്ചുഗൽ യൂറോകപ്പ് വിജയിച്ചത് ലോകകപ്പിന് തുല്യമാണ്. പോർച്ചുഗലിന് വേണ്ടി ഞാൻ ആഗ്രഹിച്ച രണ്ട് ട്രോഫികൾ ടീം സ്വന്തമാക്കി കഴിഞ്ഞു. ലോകകപ്പിൽ അല്ല എന്‍റെ മോട്ടിവേഷൻ. ഫുട്ബോൾ കളിക്കുന്നതാണ് ഞാൻ ആസ്വദിക്കുന്നത്. അതാണ് എന്‍റെ അഭിനിവേശം, അതിനൊപ്പമാണ് റെക്കോർഡെത്തുന്നത്. റെക്കോർഡ് ഞാൻ തകർക്കാറില്ല, റെക്കോർഡാണ് എന്‍റെ പിന്നാലെ വരാറുള്ളത്,' റൊണാൾഡോ പറഞ്ഞു.
പോർച്ചുഗലിനായി 131 ഗോൾ നേടിയ റോണോ ക്ലബ് തലത്തിൽ റയൽ മാഡ്രിഡിനായി 450ഉം മാഞ്ചസ്റ്റർ യുനൈറ്റഡിനായി 145ഉം യുവന്റസിനായി 101ഉം അൽനസ്റിനായി 68ഉം ഗോളുകളാണ് അടിച്ചുകൂട്ടിയത്. റൊണാൾഡോയുടെ തൊട്ടുപിന്നിൽ ഗോൾവേട്ടയിൽ രണ്ടാമതുള്ളത് അർജന്‍റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയാണ്. ഔദ്യോഗിക മത്സരങ്ങളിൽ നിന്നും 838 ഗോളാണ് മെസ്സിയുടെ അക്കൗണ്ടിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.