ലോകകപ്പ് : വഞ്ചിയൂർ ഫുട്‌ബോൾ ക്ലബിന്റെ വിവിധ പരിപാടികൾ വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
text_fieldsതിരുവനന്തപുരം: ലോകകപ്പുമായി ബന്ധപ്പെട്ട് വഞ്ചിയൂർ ഫുട്ബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.വഞ്ചിയൂർ ഫുട്ബോൾ ക്ലബ് ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ 4 ലോകകപ്പ് മത്സരങ്ങളും വഞ്ചിയൂർ ഫുട്ബോൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇത്തവണ എൽ.ഇ.ഡി. വാളിലാണ് മത്സരം പ്രദർശിപ്പിക്കുക. ലോകകപ്പ് ഫുട്‌ബോൾ പ്രദർശനത്തോട് അനുബന്ധിച്ച് ജില്ലയിലെ സ്‌കൂൾ തലം വരെ പഠിക്കുന്ന കുട്ടികൾക്ക് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടൂർണമെന്റിൽ പങ്കെടുക്കാം.
ഓരോ ടീമിനും ഓരോ രാജ്യങ്ങളുടെ പേര് നൽകി ആ രാജ്യങ്ങളുടെ ജേഴ്‌സി അണിഞ്ഞാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഒരു മാസക്കാലയളവിൽ പെനാൽറ്റി ഷൂട്ടൗട്ടും പ്രവചന മത്സരങ്ങളും ലോകകപ്പ് മത്സരങ്ങളെക്കുറിച്ചുള്ള ക്വിസ് മത്സരങ്ങളും ഉണ്ടായിരിക്കും.
നവംബർ 19 ന് വൈകീട്ട് നാലിന് ജില്ലയിലെ ഫുട്‌ബോൾ കളിക്കാരായ കുട്ടികളെയും മുതിർന്ന കളിക്കാരെയും സ്‌പോർട്‌സ് രംഗത്തുള്ള വിവിധ പ്രഗത്ഭരെയും പങ്കെടുപ്പിച്ച് ലോകകപ്പ് ഫുട്‌ബോളിന്റെ വരവ് അറിയിച്ചു വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. കേരള സ്‌പോർട്‌സ് കൗൺസിലിന്റെ മുമ്പിൽ നിന്ന് ആരംഭിച്ച് മെയിൻ റോഡ് വഴി വഞ്ചിയൂർ ഫാൻ പാർക്കിൽ ഘോഷയാത്ര സമാപിക്കുമെന്നും വി.ശിവൻകുട്ടി അറിയിച്ചു.
മന്ത്രി അഡ്വ. ആൻണി രാജു, മുൻ എം.പി. പന്ന്യൻ രവീന്ദ്രനും സമാപന യോഗത്തിൽ പങ്കെടുക്കും. ചടങ്ങിൽ ജില്ലയിലെ പഴയകാല ഫുട്‌ബോൾ കളിക്കാരെയും സംഘാടകരെയും ആദരിക്കും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ റഫീഖ്, ജനറൽ കൺവീനർ വഞ്ചിയൂർ പി ബാബു, സെൽവകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.