അമ്പമ്പോ... ചുവപ്പോട് ചുവപ്പ്; ഏഴു താരങ്ങൾക്ക് ചുവപ്പ് കാർഡ്; ബഗാനെ വീഴ്ത്തി മുംബൈ സിറ്റി
text_fieldsമുംബൈ: റെഡ് കാർഡുകൾ കളംനിറഞ്ഞു കളിച്ച മുംബൈ ഫുട്ബാൾ അറീനയിൽ ഒടുവിൽ ജയം മുംബൈ സിറ്റിക്ക് തന്നെ. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് കരുത്തരായ മോഹൻ ബഗാനെ വീഴ്ത്തിയത്. കളിക്കിടെ അഞ്ചും കളി കഴിഞ്ഞുള്ള കയ്യാങ്കളിക്ക് രണ്ടും അടക്കം ഏഴു ചുവപ്പ് കാർഡാണ് ആകെ ഉയർന്നത്.
25ാം മിനിറ്റിൽ ജേസൺ കമിങ്സിന്റെ ഗോളിലൂടെ മോഹൻ ബഗാനാണ് ആദ്യം ലീഡെടുക്കുന്നത്. ആദ്യ പകുതിയുടെ അവസാന മിനുറ്റിൽ ഗ്രെഗ് സ്റ്റുവർട്ട് മുംബൈ സിറ്റിക്ക് വേണ്ടി സമനില ഗോൾ നേടി. രണ്ടാം പകുതിയിൽ 73 മിനിറ്റിലാണ് മുംബൈ സിറ്റി വിജയഗോൾ നേടുന്നത് (2-1). ബിപിൻ സിങ്ങാണ് ഗോൾ കണ്ടെത്തിയത്.
മത്സരത്തിന്റെ 13ാം മിനിറ്റിലാണ് മുംബൈയുടെ ആകാശ് മിശ്ര ചുവപ്പ് കാർഡ് കണ്ടു പുറത്താകുന്നത്. മോഹൻ ബാഗൻ സ്ട്രൈക്കർ മാൻവീർ സിങ്ങിനെ ഫൗൾ ചെയ്ത ആകാശ് മിത്ര പുറത്തായതോടെ മുംബൈ പത്തായി ചുരുങ്ങി. 54ാം മിനിറ്റിലാണ് രണ്ടാമത്തെ ചുവപ്പ് കാർഡ് വരുന്നത്. ഇത്തവണ പണി ബഗാനായിരുന്നു. സിറ്റി സ്ട്രൈക്കർ പെരെയ്റ ഡയസിനെ വീഴ്ത്തിയതിന് ബഗാൻ ഡിഫൻഡർ ആശിഷ് റായ് റഫറി പുറത്താക്കുയായിരുന്നു. അതോടെ രണ്ടു ടീമും പത്ത് പോരായി ചുരുങ്ങി. അധികം വൈകാതെ ബഗാന് അടുത്ത പ്രഹരം വന്നു.
57ാം മിനിറ്റിൽ മോഹൻ ബഗാൻ ഫോർവേഡ് ലിസ്റ്റൺ കോളാസോ റെഡ് കണ്ട് പുറത്തായി. 88ാം മിനിറ്റിലാണ് റെഡ് കാർഡ് നില വീണ്ടും തുല്യമാകുന്നത്. മുംബൈ സിറ്റി എഫ്.സിയുടെ ഗ്രെക് സ്റ്റുവർട്ടിന് രണ്ടാമത്തെ മഞ്ഞയും വീണതോടെ പുറത്തേക്ക് പോകേണ്ടിവന്നു. ഇഞ്ചുറി ടൈമിലെ അവാസാസ മിനിറ്റിൽ അന്തിമവിസിലിന് സെക്കൻറുകൾക്ക് മുൻപ് മുംബൈ സിറ്റിയുടെ വിക്രം പ്രതാപ് സിങിന് രണ്ടാം മഞ്ഞകാർഡ് കണ്ടതോടെ മൊത്തം അഞ്ചു പേരാണ് കളിക്കിടെ പുറത്തേക്ക് പോകേണ്ടിവന്നത്. എന്നാൽ അവസാന വിസിലിന് ശേഷവും പരസ്പരം ഏറ്റുമുട്ടിയതോടെ മുംബൈ സിറ്റിയുടെ ക്യാപ്റ്റൻ രാഹുൽ ബേക്കെക്കും മോഹൻ ബഗാൻ ഡിഫൻഡർ ഹെക്ടർ യൂസ്റ്റെക്കും കിട്ടി ചുവപ്പ്.
ഏഴു ചുവപ്പ് കാർഡിൽ നാലണ്ണവും കിട്ടിയ മുംബൈ സിറ്റി മത്സരം വിജയിച്ചതോടെ ഒൻപത് മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി മുംബൈ മോഹൻ ബഗാനൊപ്പം എത്തി. ഒരു മത്സരം കുറച്ച് കളിച്ച ബഗാൻ പട്ടികയിൽ മൂന്നാമതും മുംൈബ സിറ്റി നാലാമതുമാണ്. എട്ടു കളികളിൽ 20 പോയിന്റുമായി ഗോവ ഒന്നാമതും. പത്തു കളികളിൽ 20 പോയിന്റുമായ കേരള ബ്ലാസ്റ്റേഴ്സുമാണ് രണ്ടാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.