തോറ്റുതോറ്റ് ബ്ലാസ്റ്റേഴ്സ്; സ്വന്തം തട്ടകത്തിൽ നോർത്ത് ഈസ്റ്റിന് മിന്നും ജയം
text_fieldsഗുവാഹതി: കളി കാര്യമാണെന്നറിഞ്ഞിട്ടും ഗോളടിക്കാൻ മറന്ന് ഓടിനടന്ന മഞ്ഞപ്പടക്ക് പിന്നെയും തോൽവിയുടെ നാണക്കേട്. നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് അവസാന മിനിറ്റുകളിൽ വഴങ്ങിയ രണ്ടു ഗോളുകൾക്ക് തോറ്റുമടങ്ങിയത്.
അവസാനം മുഖാമുഖം നിന്ന അഞ്ചിലും ജയിച്ചില്ലെന്ന ക്ഷീണം തീർക്കാനായിരുന്നു സ്വന്തം തട്ടകത്തിൽ ഹൈലാൻഡേഴ്സ് ഇറങ്ങിയത്. എന്നാൽ, നേരത്തേ ഉറപ്പിച്ച പ്ലേഓഫിൽ കൂടുതലൊന്നും ഇനിയെത്ര കളിച്ചാലും കിട്ടില്ലെന്നതിനാൽ സുരക്ഷിതമായി കളിച്ച് തോൽക്കാതെ മടങ്ങലായിരുന്നു മഞ്ഞപ്പടക്ക് മുന്നിലെ ദൗത്യം. ദിമത്രകോസിനെ കരക്കിരുത്തി ഗുവാഹതി ഇന്ദിര ഗാന്ധി മൈതാനത്ത് ബൂട്ടുകെട്ടിയ വുകമനോവിച്ചിന്റെ കുട്ടികൾ ഒത്തിണക്കത്തിലും കളിയഴകിലും ഒരു പണത്തൂക്കം മുന്നിൽനിന്നതായിരുന്നു ആദ്യ മിനിറ്റുകൾ.
മൈതാനം നിറഞ്ഞ്, കളി നെയ്ത് മുന്നേറിയ മഞ്ഞപ്പട തന്നെയാണ് ആദ്യഅവസരം തുറന്നത്. 11ാം മിനിറ്റിൽ മുഹമ്മദ് ഐമൻ ഇടതുവിങ്ങിലൂടെ ഇരച്ചുകയറി ബോക്സിൽനിന്ന് പായിച്ച ഷോട്ട് ഗോൾ മണത്തെങ്കിലും എതിർഗോളി ഗുർമീത് സിങ് തടുത്തിട്ടു. മിനിറ്റുകൾ കഴിഞ്ഞ് അവസരം തുറന്നത് നോർത്ത് ഈസ്റ്റ്. മിനിറ്റുകൾക്കിടെ രണ്ടുവട്ടം ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് പന്തെത്തിയെങ്കിലും കാര്യമായ ആശങ്കയുണർത്തിയില്ല. 17ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് ഗോളിയുടെ പിഴവ് മുതലെടുക്കാനെത്തിയ പണ്ടിതയുടെ ഷോട്ടും വലയിലെത്താതെ മടങ്ങി.
84ാം മിനിറ്റിലായിരുന്നു ആദ്യ ഗോളിന്റെ പിറവി. സ്വന്തം പകുതിയിൽ നിന്ന് സബാകോ നീട്ടിനൽകിയ പന്തുമായി കുതിച്ച നെസ്റ്റർ ഗോളിയുടെ തലക്ക് മുകളിലൂടെ തട്ടിയിടുകയായിരുന്നു. ഗോളിന്റെ ആഘാതം മാറുംമുമ്പ് അടുത്ത ഗോളുമെത്തി. ഇത്തവണ ജിതിനായിരുന്നു സ്കോറർ. പെനാൽറ്റി ബോക്സിൽ കാലിൽ കവിത വിരിഞ്ഞ നീക്കവുമായി ഫാൽഗുനി നടത്തിയ മുന്നേറ്റത്തിനൊടുവിൽ കാലിലെത്തിയത് ജിതിനു പാകമായി. താരം അവസരം പാഴാക്കിയുമില്ല. ഇതോടെ, േപ്ലഓഫ് സ്വപ്നങ്ങൾ നോർത്ത് ഈസ്റ്റിന് കൂടുതൽ നിറമുള്ളതായി.
ആദ്യ രണ്ടിലെത്തി നേരിട്ട് സെമി കളിക്കുകയെന്ന സാധ്യത നേരത്തേ അവസാനിച്ചെങ്കിലും പ്ലേഓഫ് ഉറപ്പാക്കിയായിരുന്നു ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. നോർത്ത് ഈസ്റ്റിനെതിരെ അടക്കം രണ്ടു കളികളും ജയിച്ചാലും ആദ്യ നാലിൽ ഇടംപിടിക്കുക പ്രയാസമായതിനാൽ സ്വന്തം ഗ്രൗണ്ടിൽ പ്ലേഓഫ് കളിക്കുകയെന്ന സാധ്യതയും കേരളത്തിന് മുന്നിലുണ്ടായിരുന്നില്ല.
മറുവശത്ത്, ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ച് ഒമ്പതു പോയന്റ് നേടാനായാൽ പ്ലേഓഫ് കളിക്കാമെന്നതായിരുന്നു ഹൈലാൻഡേഴ്സിന് ആനുകൂല്യം. വുകമനോവിച്ച് പരിശീലകനായ മൂന്നു തവണയും പ്ലേഓഫ് കളിച്ച ടീമിന് അടുത്ത ഘട്ടത്തിലെ എല്ലാം ജയിച്ച് കപ്പുയർത്തലാണ് ഇനി മുന്നിലെ ലക്ഷ്യം. നിലവിൽ അവസാനം കളിച്ച അഞ്ചിൽ മൂന്നു തോൽവികളും ഒരു സമനിലയുമായിട്ടായിരുന്നു ടീം ഇന്നലെ ഇറങ്ങിയത്.
15 പോയന്റ് ലഭിക്കേണ്ടിടത്ത് നാലു പോയന്റ് മാത്രമായിരുന്നു ടീമിന് സമ്പാദ്യം. നോർത്ത് ഈസ്റ്റ് ആകട്ടെ ഇറങ്ങിയത് 20 പോയന്റുകളുമായും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.