ഗോളില്ലാത്ത ആദ്യ മത്സരം; ബംഗളൂരുവിനെ മെരുക്കി ഹൈദരാബാദ്
text_fieldsപനാജി: ഐ.എസ്.എൽ സീസണിൽ ആദ്യ ജയത്തിനായി മുൻ ചാമ്പ്യന്മാർക്ക് ഇനിയും കാത്തിരിക്കണം. പന്തടക്കത്തിന് പേരുകേട്ട ഹൈദരാബാദ് എഫ്.സിക്കെതിരെ ബംഗളൂരുവിന് ഗോൾ രഹിത സമനില. ഗോൾ പിറക്കാതിരുന്നിട്ടും ആവേശം ഒട്ടും കുറയാതിരുന്ന മത്സരത്തിൽ 55 ശതമാനവും പന്ത് കൈവശം വച്ച ഹൈദരാബാദാണ് 'കളിയിലെ കേമൻ'.
തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില ഏറ്റുവാങ്ങേണ്ടി വന്ന ബംഗളൂരു കോച്ച് കാർലസ് കഡ്രാട്ട് ടീം റിസൽട്ടിൽ അത്ര ഹാപ്പിയല്ല. രണ്ടു പോയൻറുള്ള ബംഗളൂരു നിലവിൽ ആറാം സ്ഥാനത്താണ്. നാലു പോയൻറായ ഹൈദരാബാദ് മൂന്നം സ്ഥാനത്തേക്ക് കയറി.
ആദ്യ മത്സരം ജയിച്ചതിെൻറ ആവേശത്തിലാണ് ഹൈദരബാദ് പന്തു തട്ടിത്തുടങ്ങിയത്. ഒഡിഷ എഫ്.സിയെ 1-0ത്തിന് തോൽപിച്ചത് ഹൈദരാബാദിന് വലിയ ആത്മവിശ്വാസം നൽകിയിരുന്നു. മറുവശത്ത് ബംഗളൂരു എഫ്.സി ആദ്യ മത്സരത്തിൽ തന്നെ രണ്ടു പോയൻറ് നഷ്ടപ്പെടുത്തിയിരുന്നു. എഫ്.സി ഗോവയോട് 2-2ന് സമനില വഴങ്ങിയാണ് ബംഗളൂരു എഫ്.സി രണ്ടാം മത്സരത്തിനെത്തിയത്.
പതിവു പോലെ 3--2-3 ഫോർമാഷനിലാണ് ബംഗളൂരു എഫ്.സി കോച്ച് കാർലസ് കഡ്രാട്ട് ടീമിനെ ഒരുക്കിയത്. മലയാളി താരം ആഷിഖ് മുഹമ്മദ് കുരുണിയൻ ഇടതു വിങ്ങിൽ ഇത്തവണയും പന്തു തട്ടി. മറുവശത്ത് ഹൈദരാബാദിനെ മാനുവൽ മാർകസ് 4-2-3-1 ഫോർമാഷനിലും ഒരുക്കി. എക സ്ട്രൈക്കറായി ക്യാപ്റ്റൻ അരിഡാെന സറ്റാനെ.
മുൻ ചാമ്പ്യന്മാർക്കെതിരെ പന്തു കൈവശംവച്ച് ആവേശകരമായാണ് ഹൈദരാബാദ് കളിച്ചത്. ആദ്യ പകുതി തന്നെ രണ്ടു സുപ്രധാന താരങ്ങൾ പരിക്കേറ്റ് തളർന്നിട്ടും ഹൈദരാബാദ് കളിനിയന്ത്രണം കൈവിട്ടിരുന്നില്ല. ആസ്ട്രേലിയൻ താരം ജോൾ ചിയനെനസെ, ലൂയിസ് സാസ്റെ എന്നിവർക്കാണ് പരിക്കേറ്റത്. എന്നിരുന്നാലും ജാവേ വിക്ടറും നിഖിൽ പൂജാരിയും ക്യാപ്റ്റൻ അരിഡാനെയും ചേർന്ന് ബംഗളൂരുവിന് ഭീഷണി ഉയർത്തി. മത്സരത്തിലുടനീളം ബംഗളൂരു പ്രതിരോധത്തിലായ കാഴ്ചയായിരുന്നു. രണ്ടാം പകുതിയും കാര്യമായ മാറ്റങ്ങൾ ഇരുഭാഗത്തും ഉണ്ടായെങ്കിലും ഗോളുകൾ പിറന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.