ദിമിത്രി, പെപ്ര മാജിക്! മുംബൈക്കെതിരെ ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളിനു മുന്നിൽ
text_fieldsകൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ എഫ്.സിക്കെതിരായ മത്സരത്തിൽ ആദ്യ പകുതി പിന്നിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളിനു മുന്നിൽ. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ 11ാം മിനിറ്റിൽ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്‍റകോസും ഇൻജുറി ടൈമിൽ (45+5) ക്വാമ പെപ്രയുമാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്.
ഇടതു പാർശ്വത്തിൽനിന്ന് എതിർതാരത്തെ മറികടന്ന് ബോക്സിനുള്ളിലേക്ക് കടന്ന പെപ്ര നൽകിയ പന്ത് ബാക്ക് ഹീലിലൂടെ ഗോൾ മുഖത്തേക്ക് മാറ്റി പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് മുംബൈ ഗോളിയുടെ കാലിനിടയിലൂടെ ഡയമന്‍റകോസ് വലയിലാക്കുകയായിരുന്നു. ദ്രിമിത്രിയോസിന്‍റെ അസിസ്റ്റിൽനിന്നാണ് പെപ്രയുടെ ഗോൾ. രണ്ടാം മിനിറ്റിൽ തന്നെ കെ.പി. രാഹുലിന്‍റെ മികച്ചൊരു മുന്നേറ്റത്തോടെയാണ് ബ്ലാസ്റ്റേഴ്സ് കളി തുടങ്ങിയത്. വലതു പാർശ്വത്തിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവിൽ താരം തൊടുത്ത ഷോട്ട് ബോക്സിനു പുറത്തേക്കാണ് പോയത്. 15ാം മിനിറ്റിൽ പ്രതിരോധ താരം റോസ്റ്റിൻ ഗ്രിഫിത്സ് പരിക്കേറ്റ് കളംവിട്ടത് മുംബൈക്ക് തിരിച്ചടിയായി. പകരം അൽ ഖയാതി ഗ്രൗണ്ടിലെത്തി.
ഇൻജുറി ടൈമിൽ രാഹുലിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്‍റെ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക്. ദിമിത്രിയോസിനെയും പെപ്രയെയും സ്ട്രൈക്കർമാരാക്കി 4-4-2 എന്ന ഫോർമേഷനിലാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ടീമിനെ കളത്തിലിറക്കിയത്. വിലക്കിനുശേഷം ഡാനിഷ് ഫാറൂഖും ടീമിൽ മടങ്ങിയെത്തി. സൂപ്പർതാരം അഡ്രിയാൻ ലൂണയില്ലാതെ സീസണിൽ രണ്ടാം മത്സരമാണ് ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. ചുവപ്പു കാർഡ് കണ്ട നാലു പ്രമുഖ താരങ്ങളില്ലാതെയാണ് മുംബൈ കളിക്കുന്നത്. പ്ലേ മേക്കർ ഗ്രെഗ് സ്റ്റ്യുവർട്ട്, ആകാശ് മിശ്ര, രാഹുൽ ഭെകെ, വിക്രം പ്രതാപ് സിങ് എന്നിവരാണ് പുറത്തിരിക്കുന്നത്.
കൊച്ചിയില്‍ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് ഒരെണ്ണത്തിലും തോറ്റിട്ടില്ല. നവംബര്‍ 29ന് ചെന്നൈയിന്‍ എഫ്.സിക്കെതിരെയായിരുന്നു അവസാന ഹോം മത്സരം. ഇത് 3-3ന് സമനിലയില്‍ കലാശിക്കുകയായിരുന്നു. സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.