ഐ.എസ്.എൽ: ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും ഇന്ന് നേർക്കുനേർ
text_fieldsകൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയത്തിലേക്ക് തിരിച്ചു വരാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. നാലാമത്തെ അങ്കത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ . കൊച്ചി കലൂർ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം. മധ്യനിരയിലെ സൂപ്പർ താരമായ ജീക്സൺ സിങ്ങില്ലാതെയാണ് ആതിഥേയർ ഇറങ്ങുന്നത്. ഈമാസം എട്ടിന് മുംബൈ സിറ്റിക്കെതിരായി നടന്ന മത്സരത്തിൽ തോളിന് പരിക്കേറ്റ ജീക്സൺ ചികിത്സയിലാണ്. ജീക്സണിന്റെ ശസ്ത്രക്രിയ അടുത്തയാഴ്ച നടക്കുമെന്നും രണ്ടുമുതൽ മൂന്നുമാസം വരെ കളിക്കാനാവില്ലെന്നും സഹകോച്ചായ ഫ്രാങ്ക് ഡോവൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏറെ പ്രതീക്ഷയോടെയാണ് ടീം ഒരുങ്ങുന്നതെന്നും ഹോം ഗ്രൗണ്ടിൽ പരമാവധി പ്രകടനം കാഴ്ചവെക്കുമെന്നും മുന്നേറ്റതാരമായ ദിമിത്രിയോസ് ഡയമന്റക്കോസ് വ്യക്തമാക്കി.
ഇതുവരെ നടന്ന മൂന്ന് മത്സരങ്ങളിൽ ആദ്യ രണ്ടെണ്ണത്തിലും വിജയിച്ച ബ്ലാസ്റ്റേഴ്സ് ഏറ്റവുമൊടുവിൽ മുംബൈ സിറ്റി എഫ്.സിക്ക് മുന്നിൽ അടിയറപറഞ്ഞു. സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയോട് പരാജയപ്പെട്ട നോർത്ത് ഈസ്റ്റ് യുനൈറ്റഡ് അടുത്ത മത്സരത്തിൽ പൂർവാധികം കരുത്തോടെ ഏകപക്ഷീയമായ മൂന്നു ഗോളിന് ചെന്നൈയിൻ എഫ്.സിയെ നിലംപരിശാക്കിയിരുന്നു. ഏറ്റവുമൊടുവിൽ പഞ്ചാബ് എഫ്.സിയുമായി നടന്ന മത്സരത്തിൽ ഇരുടീമും ഓരോ ഗോൾ നേടി സമനില നേടി.
ബ്ലാസ്റ്റേഴ്സിന്റെ മണ്ണിലാണെങ്കിലും ഏറെ പ്രതീക്ഷയോടെയാണ് തങ്ങൾ കളിക്കാനിറങ്ങുന്നതെന്ന് നോർത്ത് ഈസ്റ്റ് കോച്ച് യുവാൻ പെഡ്രോ ബെനാലിയും മലയാളിതാരമായ മിച്ചു മിർഷാദും വ്യക്തമാക്കി. പനമ്പിള്ളി നഗറിലെ സ്പോർട്സ് അക്കാദമി ഗ്രൗണ്ടിലായിരുന്നു ഇരുടീമുകളുടെയും പരിശീലനം. 5.30ന് ആദ്യകളിയിൽ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാളും എഫ്.സി ഗോവയും ഏറ്റുമുട്ടും.
പ്രബിർ ദാസിന് സസ്പെൻഷൻ
ന്യുഡൽഹി: കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം പ്രബിർ ദാസിന് മൂന്ന് കളികളിൽ സസ്പെൻഷൻ. മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ റഫറിയുമായി തർക്കിച്ചതിനാണ് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ അച്ചടക്ക സമിതി സസ്പെൻഷൻ വിധിച്ചത്. അതേസമയം, പ്രബിർ ദാസ് റഫറിയുമായി തർക്കിച്ചിട്ടില്ലെന്നും അഭിപ്രായമുണ്ട്. പ്രബിർ ദാസുമായി തർക്കിച്ച മുംബൈ താരങ്ങൾക്ക് ശിക്ഷയില്ലാത്തും വിവാദമായിട്ടുണ്ട്. നിരവധി താരങ്ങൾ പരിക്കിനെ തുടർന്ന് പുറത്തായതിന് പിന്നാലെയുള്ള പ്രബിർ ദാസിന്റെ സസ്പെൻഷൻ ബ്ലാസ്റ്റേഴ്സിന് തലവേദനയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.