അവസരമുണ്ടായിട്ടും ഇറ്റാലിയൻ സ്ട്രൈക്കറെ ടീമിലെടുക്കാതെ ബ്ലാസ്റ്റേഴ്സ്! പ്രധാനമായും രണ്ടു കാരണങ്ങൾ...
text_fieldsകൊച്ചി: ഒരുകാലത്ത് മാഞ്ചസ്റ്റർ സിറ്റിയുടെയും ലിവർപൂളിന്‍റെയും ജഴ്സിയിൽ മിന്നിത്തിളങ്ങിയിരുന്ന ഇറ്റാലിയൻ സ്ട്രൈക്കറെ ടീമിലെടുക്കാതെ കേരള ബ്ലാസ്റ്റേഴ്സ്. 34കാരനായ മരിയോ ബലോട്ടെല്ലിയെ ടീമിലെത്തിക്കാൻ അവസരമുണ്ടായിട്ടും ബ്ലാസ്റ്റേഴ്സ് അധികൃതർ വേണ്ടെന്ന് വെക്കുകയായിരുന്നു.
നിലവിൽ താരം ഒരു ക്ലബിലും കളിക്കുന്നില്ല. തുര്‍ക്കിഷ് ക്ലബ് അദാന ഡെമിസ്‌പോറിനുവേണ്ടിയാണ് അവസാനമായി കളിച്ചത്. ഫ്രീ ഏജന്റായ താരത്തെ ബ്ലാസ്റ്റേഴ്‌സിന് പുതിയ സീസണിൽ ടീമിന്റെ പ്രധാന സ്‌ട്രൈക്കറാക്കി കളത്തിലിറക്കാമായിരുന്നു. എന്നാല്‍ അവസരമുണ്ടായിട്ടും കരിയറില്‍ വിവാദങ്ങളുടെ തോഴനായ സ്‌ട്രൈക്കറെ ടീമിലെടുക്കുന്നതിൽനിന്ന് ബ്ലാസ്റ്റേഴ്സ് പിൻവാങ്ങിയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ബലോട്ടെല്ലി ഇന്ത്യൻ ക്ലബിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ബ്ലാസ്റ്റേഴ്സ് പിൻവാങ്ങിയതിനു പിന്നിൽ പ്രധാനമായും രണ്ടു കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ഉയർന്ന പ്രതിഫലവും മോശം പെരുമാറ്റത്തിന്‍റെ പേരിൽ കഴിഞ്ഞകാലങ്ങളിൽ താരത്തിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടികളുമാണ് ബ്ലാസ്റ്റേഴ്സിനെ പിന്നോട്ടുവലിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. പരിശീലകരുമായും സഹതാരങ്ങളുമായും നിരവധി തവണ ബലോട്ടെല്ലി കൊമ്പുകോര്‍ത്തിട്ടുണ്ട്. അടുത്തിടെ ഡെമിസ്‌പോറിന്റെ ഡ്രസ്സിങ് റൂമില്‍ പടക്കമെറിഞ്ഞതും വിവാദമായിരുന്നു.
ഇത്തരത്തിലൊരു താരത്തെ കൊണ്ടുവരുന്നത് ടീമിലെ മറ്റു താരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് മാനേജ്മെന്‍റ് എത്തിയത്. പ്രീമിയർ ലീഗിലും സീരി എയിലും കളിച്ച താരത്തെ ഉയർന്ന പ്രതിഫലം നൽകി ടീമിലെടുക്കുന്നത് ക്ലബിന് വലിയ സാമ്പത്തിക ബാധ്യത വരുത്തും. താരത്തിന്‍റെ മോശം ഫോമും ഇടപാടിൽനിന്ന് ബ്ലാസ്റ്റേഴ്സിനെ പിന്തിരിപ്പിച്ചതായാണ് വിവരം. ഏതാനും വർഷങ്ങളായി തുടരെ തുടരെ ക്ലബുകൾ മാറുന്ന താരം വലിയ നിരാശയിലാണ്. ബലോട്ടെല്ലി 2010ലാണ് സിറ്റിയിലെത്തുന്നത്. മൂന്നു വർഷം ക്ലബിൽ തുടർന്ന താരം പിന്നീട് ലിവർപൂളിലേക്ക് പോയി. ഇന്‍റർ മിലാൻ, എ.സി മിലാൻ, നീസ് ഉൾപ്പെടെയുള്ള ക്ലബുകളിലും കളിച്ചിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിനായുള്ള തയാറെടുപ്പിലാണ്. ഈമാസം 15ന് പഞ്ചാബ് എഫ്.സിയുമായാണ് മഞ്ഞപ്പടയുടെ ആദ്യ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.