ഐ.എസ്.എൽ: ആവേശം അലകടലോളം; പോരാട്ടം ഗാലറിയിലും
text_fieldsബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ ശനിയാഴ്ച രാത്രി 7.30ന് കണ്ഠീരവ സ്റ്റേഡിയത്തിൽ കിക്കോഫ് വിസിലുയരുമ്പോൾ യഥാർഥ പോരാട്ടം അരങ്ങേറുക ഗാലറിയിൽ.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരായ മഞ്ഞപ്പടയും ബംഗളൂരു എഫ്.സിയുടെ ആരാധകക്കൂട്ടമായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും തമ്മിലെ വാശിയും വൈരവും നിറഞ്ഞ പ്രചാരണത്തിന്റെ 90 മിനിറ്റ് നീളുന്ന കൊട്ടിക്കലാശത്തിനുകൂടിയാണ് കണ്ഠീരവ സാക്ഷിയാകുക. മലയാളികൾ ഏറെയുള്ള ബംഗളൂരുവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്ക് ആരാധകർ ഗാലറി നിറച്ചെത്തുന്നതാണ് പതിവ്.
മഞ്ഞപ്പട ബംഗളൂരു വിങ്ങിന്റെ നേതൃത്വത്തിൽ ദിവസങ്ങൾക്കുമുമ്പേ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ഇത്തവണയും കണ്ഠീരവ സ്റ്റേഡിയത്തെ മഞ്ഞ പുതപ്പിക്കുമെന്ന് മഞ്ഞപ്പട ബംഗളൂരു വിങ് കോഓഡിനേറ്റർമാരിലൊരാളായ ഡോ. നയീം പറഞ്ഞു.
കഴിഞ്ഞ വർഷം സ്റ്റേഡിയത്തിൽ ആരാധകർ തമ്മിലുണ്ടായ അനിഷ്ട സംഭവം മുന്നിൽക്കണ്ട് കനത്ത സുരക്ഷയാണ് ബംഗളൂരു മാനേജ്മെന്റ് ഒരുക്കിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് ആരാധകർക്കായി നോർത്ത് അപ്പർ, നോർത്ത് ലോവർ, സൗത്ത് സ്റ്റാൻഡ് എന്നിവയും ബംഗളൂരു ആരാധകർക്കായി ഈസ്റ്റ്, വെസ്റ്റ് ഗാലറികളുമാണ് ഒരുക്കിയിട്ടുള്ളത്. ടീമിന്റെ ജഴ്സിയണിഞ്ഞെത്തുന്ന ആരാധകരെ മുൻനിശ്ചയിച്ച ഭാഗങ്ങളിലേക്ക് മാത്രമേ കടത്തിവിടുകയുള്ളൂ.
അതേസമയം, കേരള ബ്ലാസ്റ്റേഴ്സുമായുള്ള മത്സരത്തിനു മാത്രം ടിക്കറ്റ് നിരക്ക് വർധിപ്പിച്ച ബംഗളൂരു എഫ്.സി മാനേജ്മെന്റിന്റെ നടപടിക്കെതിരെ മഞ്ഞപ്പട ആരാധകരിൽൽനിന്ന് പ്രതിഷേധമുയർന്നിട്ടുണ്ട്. സാധാരണ ബംഗളൂരു എഫ്.സിയുടെ ഹോം മത്സരങ്ങളുടെ ടിക്കറ്റ് നിരക്കിൽ നിന്നും ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിന് മാത്രം നിരക്ക് കുത്തനെ ഉയർത്തിയതായി അവർ ചൂണ്ടിക്കാട്ടുന്നു.
മറ്റു ലീഗ് മത്സരങ്ങൾക്ക് 100 രൂപ ഉള്ള നോർത്ത് അപ്പർ സ്റ്റാൻഡ് ആണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് 500 രൂപക്ക് മുകളിൽ നൽകിയാണ് എടുക്കേണ്ടിവന്നത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങൾക്ക് മഞ്ഞപ്പട സ്റ്റേറ്റ് വർക്കിങ് കമ്മറ്റി മെംബർ അമ്പാടിയുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം ഒരുക്കി.
പ്രശസ്ത കാരിക്കേച്ചർ ആർട്ടിസ്റ്റ് ‘പെൻസിലാശാൻ’ ഒരുക്കിയ എഴുത്തും പുഷ്പങ്ങളും നൽകിയാണ് ടീമിലെ ഓരോരുത്തരെയും വരവേറ്റത്.
കഴിഞ്ഞ തവണ ടീം നേരത്തേ എത്തിയിരുന്നെങ്കിലും പരിശീലനത്തിന് കൃത്രിമ ടർഫ് മൈതാനങ്ങൾ മാത്രമാണ് നൽകിയത് എന്നത് കോച്ച് ഇവാനെ ചൊടിപ്പിച്ചിരുന്നു. ഇത്തവണ വെള്ളിയാഴ്ച കൊച്ചിയിൽ പരിശീലനം നടത്തിയാണ് ടീം ബംഗളൂരുവിലേക്ക് പറന്നത്.
മത്സരത്തിൽ കളിക്കാർക്ക് ആവേശം പകരാൻ മഞ്ഞപ്പട ബംഗളൂരു വിങ്ങിന്റെ നേതൃത്വത്തിൽ സസ്പെൻസ് നിറഞ്ഞ കൂറ്റൻ ടിഫോയാണ് കാത്തുവെച്ചിരിക്കുന്നത്. ബംഗളൂരുവിന്റെ മൈതാനത്ത് ഒരു വിജയം എന്ന ഏറെക്കാലമായുള്ള മോഹം ഇത്തവണ ഇവാൻ ആശാനും ശിഷ്യരും പൂവണിയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.