ഭാഗ്യം എത്തിയത് 94ാം മിനിറ്റിൽ; എഫ്.സി ഗോവയെ തോൽപിച്ച് മുംബൈ സിറ്റി
text_fieldsപനാജി: പകുതിയിൽ അധികം സമയവും പത്തു പേരായി ചുരുങ്ങിയിട്ടും എഫ്.സി ഗോവയുടെ വലകുലുക്കാൻ മുംബൈ സിറ്റിക്ക് കാത്തിരിക്കേണ്ടി വന്നത് 94ാം മിനിറ്റു വരെ. ഐ.എസ്.എല്ലിലെ വമ്പന്മാരുടെ പോരാട്ടത്തിൽ കളിയുടെ അവസാന നിമിഷം ലഭിച്ച പെനാൽറ്റി ഗോളിൽ മുബൈ സിറ്റി എഫ്.സി ഗോവയെ 1-0ത്തിന് തോൽപിച്ചു. ഇംഗ്ലീഷ് താരം ആഡം ലെ ഫോണ്ട്റെയാണ് നിർണായക സമയത്ത് മുംബൈക്കായി ഗോൾ നേടിയത്. മുംബൈയുടെ ആദ്യ ജയമാണിത്.
ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനോട് തോറ്റ മുംബൈ സിറ്റി നാലു മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്. മുന്നേറ്റത്തിൽ സൂപ്പർ താരം ഒഗ്ബച്ചെയെ ആദ്യ ഇലവനിൽ കോച്ച് സെർജിയോ ലെബേറെ ഇറക്കിയില്ല. ഒപ്പം പരിക്കേറ്റ റെയ്നിയർ ഫെർണാണ്ടസ്, സസ്പെൻഷനിലുള്ള അഹ്മദ് ജാഹൂ, മുഹമ്മദ് റാക്കിപ് എന്നിവർക്ക് പകരം അമേയ് റൺവാഡെ, ഗോഡാർഡ്, മുർത്തദ, ഫാറൂഖ് ചൗധരി എന്നിവർ ജഴ്സിയണിഞ്ഞു. ആഡം ലെ ഫോണ്ട്റെയെ മുന്നേറ്റത്തിൽ ഏക സ്ട്രൈക്കറാക്കി 4-2-3-1 ഫോർമാറ്റിലായിരുന്നു കളി.
മറുതലക്കൽ ഇഗോൾ അൻഗുലോയെ ഏക സ്ട്രൈക്കറാക്കി എഫ്.സി ഗോവയും അതേ ഫോർമാറ്റിൽ. മൂന്ന് മാറ്റങ്ങളാണ് ഗോവ കോച്ച് ജുവാൻ ഫെറാണ്ടോ ലൈനപ്പിൽ വരുത്തിയത്. സാവിയർ ഗാമ, റഡീം ടാലംഗ്, ആൽബർട്ടോ നൊഗേര എന്നിവരാണ് ഗോവയുടെ ആദ്യ ഇലവനിൽ എത്തിയത്.
പ്രഥമ മത്സരത്തിൽ ബംഗളൂരുവിനെ 2-2ന് സമനിലയിൽ തളച്ച അതേ ആവേശത്തിൽ കളത്തിലിറങ്ങിയ ഗോവക്ക്, കാര്യങ്ങൾ അത്ര ഈസി ആയിരുന്നില്ല. ആദ്യ പകുതിയിൽ മേധാവിത്തവുമായി മുന്നേറിയെങ്കിലും 40ാം മിനിറ്റിൽ ലഭിച്ച ചുവപ്പ് കാർഡ് ഗോവയുടെ താളം തെറ്റിച്ചു. ഹെർനാൻ സറ്റാനയെ അകടകരമായ രീതിയിൽ ഫൗൾ ചെയ്തതിന് മുബൈയുടെ ഇന്ത്യൻ താരം റഡീം ടാലംഗിനാണ് ചുവപ്പ് കാർഡ് ലഭിച്ചത്.
ഇതോടെ രണ്ടാം പകുതി മുംബൈയുടെ മേധാവിത്തമായി. ചെറിയ പാസുകളുമായി അവർ കളി വരുതിയിലാക്കി. വലതു വിങ്ങിലൂടെയായിരുന്നു മുംബൈയുെട ആക്രമണം കൂടുതലും. ഹ്യൂഗോ ബൗമസ് നൽകിയ പല അവസരങ്ങളും ഗോവ ഗോൾ മുഖത്ത് അപകടം സൃഷ്ടിച്ചു. എന്നാൽ, ഗോൾ വരാൻ മുംബൈക്ക് അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വന്നു.
94ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയാണ് മുംബൈക്ക് വിലയേറിയ മൂന്ന് ഗോൾ നൽകുന്നത്. പകരക്കാരനായി എത്തിയ ബിപിൻ സിങ്ങിൻെറ ഹെഡർ ലെനി റോഡ്രിഗസിൻെറ കൈയിൽ തട്ടുകയായിരുന്നു. വീണുകിട്ടിയ അവസരം ഫോണ്ട്റെ ഗോളാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.