ജയിക്കാൻ യോഗമില്ലാതെ ഗോവ; നോർത്ത് ഈസ്റ്റ് സമനിലയിൽ കുരുക്കി
text_fieldsപനാജി: എല്ലാ മത്സരവും 'ഹോം മാച്ച്' കളിക്കാൻ ഭാഗ്യം ലഭിച്ചവരാണ് എഫ്.സി ഗോവ. എന്നാൽ, മൂന്ന് മത്സരം പിന്നിട്ടിട്ടും ഒരു ജയം പോലും ആതിഥേയർക്കില്ല. നോർത്ത് ഈസ്റ്റിനെതിരായ മൂന്നാം മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. വടക്കുകിഴക്കൻ ടീമിെൻറ ഇദ്രിസ സില്ല നേടിയ പെനാൽറ്റി ഗോളിൽ മുന്നിലെത്തിയ നോർത്ത് ഈസ്റ്റിനെ ഇഗോൾ അംഗുലോയുടെ കരുത്തിൽ ഗോവ തോൽവി ഒഴിവാക്കുകയായിരുന്നു. ഇതോെട രണ്ടു സമനിലയും തോൽവിയുമുള്ള ഗോവ രണ്ടു പോയൻറുമായി ഏഴാം സ്ഥാനത്താണ്. അഞ്ചു പോയൻറുള്ള നോർത്ത് ഈസ്റ്റ് രണ്ടാമതാണ്. മത്സരത്തിെൻറ 75 ശതമാനം സമയവും പന്ത് കൈവശം വച്ചിട്ടും ഗോവക്ക് ജയിക്കാനായില്ല.
ആദ്യ ജയം തേടിയാണ് എഫ്.സി ഗോവ കളത്തിലിറങ്ങിയത്. പ്രഥമ മത്സരത്തിൽ ബംഗളൂരുവിനോട് സമനിലയും രണ്ടാം മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയോട് തോൽക്കുകയും ചെയ്ത ഗോവക്ക് തിരിച്ചുവരവ് അനിവാര്യമായിരുന്നു. മറുവശത്ത് തോൽക്കാതിരിക്കാനായിരുന്നു നോർത്ത് ഈസ്റ്റ് യുനൈറ്റഡിെൻറ മത്സരം. ആദ്യ കളി ജയവും രണ്ടാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷം തിരിച്ചുവന്ന് സമനിലയും.
പാസിങ് ഗെയ്മുകളിൽ പ്രാവീണ്യം തെളിയിച്ച ഇരു ടീമുകളും മികച്ച മുന്നേറ്റവുമായാണ് തുടങ്ങിയത്. നോർത്ത് ഈസ്റ്റിനായി ഇദ്രിസ സില്ലയും മറു തലക്കൽ ഇഗോൾ ആംഗുലുവും. ബ്രണ്ടൻ ഫെർണാണ്ടസിെൻറയും എഡു ബഡിയയുടെയും അളന്നു മുറിച്ചുള്ള പാസിൽ നോർത്ത് ഈസ്റ്റ് ഗോൾ മുഖം പലതവണ വിറക്കപ്പെട്ടു. എന്നാൽ, ആദ്യ ഗോൾ നേടിയത് നോർത്ത് ഈസ്റ്റാണ്. ഇദ്രീസ സില്ലയെ ഇവാൻ ഗെറീഡോ വീഴ്ത്തിയതിന് റഫറിയുടെ വിസിൽ. കിക്കെടുത്ത സില്ല (40) അനായാസം ഗോളാക്കുകയും ചെയ്തു. എന്നാൽ നോർത്ത് ഈസ്റ്റിന് ആഹ്ലാദിക്കാൻ വകയുണ്ടായില്ല. മൂന്നു മിനിറ്റിനുള്ളിൽ ഗോവ മനോഹരമായ മുന്നേറ്റത്തിലൂടെ തിരിച്ചടിച്ചു. ബ്രണ്ടൻ ഫെർണാണ്ടസിെൻറ വലതുവിങ്ങിൽ നിന്നുള്ള ക്രോസ് രണ്ടു പ്രതിരോധ നിരക്കാരെ സാക്ഷിയാക്കി ഇഗോൾ അംഗുലോ (43) വഴിതരിച്ചുവിടുകയായിരുന്നു. നോർത്ത് ഈസ്റ്റ് ഗോളി സുഭാഷിഷ് റോയ്ക്ക് ഒന്നും ചെയ്യാനായില്ല.
രണ്ടാം പകുതി ഇരുടീമുകളും ഫോർമാഷൻ മാറ്റി കരുക്കൾ നീക്കിയെങ്കിലും പിന്നീട് ഗോളുകൾ പിറന്നില്ല. വീറൂം വാശിയും നിറഞ്ഞു നിന്ന മത്സരത്തിൽ ഇരു ടീമുകളുടെയും കോച്ചുമാരായ ഗ്രാൻറ് നസും ജുവാൻ ഫെർണാഡോയും ഏറ്റുമുട്ടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.