മുംബൈ സിറ്റിക്ക് ഐ.എസ്.എൽ കിരീടം; ഫൈനലിൽ മോഹൻ ബഗാനെ വീഴ്ത്തിയത് 3-1ന്
text_fieldsകൊൽക്കത്ത: ഷീൽഡ് നഷ്ടമായതിന് മുംബൈ സിറ്റി എഫ്.സി മധുരപ്രതികാരം ചെയ്തപ്പോൾ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ കണ്ണീർ വീണു. ഒന്നിനെതിരെ മൂന്ന് ഗോളിന് നിലവിലെ ചാമ്പ്യന്മാരെ തോൽപിച്ച മുംബൈ സിറ്റി എഫ്.സി ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കി. ആദ്യ പകുതി തീരാനിരിക്കെ 44ാം മിനിറ്റിൽ ജേസൺ കമ്മിങ്സിലൂടെ ബഗാൻ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയിൽ മൂന്നെണ്ണം തിരിച്ചടിച്ചാണ് മുംബൈ ആധികാരിക ജയം സ്വന്തമാക്കിയത്. ജോർജ് പെരേര ഡയസ് (53), ബിപിൻ സിങ് തൗനോജം (81), ജാകൂബ് വോജ്യൂസ് (90+7) എന്നിവരുടെ വകയായിരുന്നു ഗോളുകൾ. മുംബൈയുടെ രണ്ടാം കിരീടമാണിത്.
മുംബൈ കളിച്ചു; ബഗാൻ മുന്നിൽ
ആദ്യ മിനിറ്റുകളിൽ ബഗാന് ആശങ്ക വിതറി മുംബൈ താരങ്ങൾ. മൂന്നാം മിനിറ്റിൽ ബഗാൻ ഗോൾമുഖത്ത് മുംബൈ താരങ്ങളെത്തിയെങ്കിലും ടിറിയുടെ ഹെഡർ കണക്ട് ചെയ്തില്ല. നാലാം മിനിറ്റിൽ ലഭിച്ച ഫ്രീ കിക്കിനൊടുവിൽ മുംബൈ ശ്രമം നേരിയ വ്യത്യാസത്തിൽ ലക്ഷ്യം തെറ്റി. പന്തിന്റെ നിയന്ത്രണം പൂർണമായും വരുതിയിലാക്കാൻ മുംബൈ സംഘം ശ്രമിക്കവെ പ്രതിരോധം കടുപ്പിച്ചു മറിനേഴ്സ്. 13ാം മിനിറ്റിൽ അനിരുദ്ധ് ഥാപ്പക്ക് അൻവർ അലിയിൽ നിന്ന് ലോങ് ബാൾ. മുംബൈയുടെ ബോക്സിൽ ദിമിത്രി പെട്രാറ്റോസിന് ഥാപ്പ നൽകിയ പാസ് ടിറിയുടെ ഇടപെടലിൽ ഒഴിവായി. 15ാം മിനിറ്റിൽ മുംബൈ ഊഴം. ജോർജ് പെരേര ഡയസിന് ജയേഷ് റാണയുടെ ക്രോസ് ബഗാൻ ഡിഫൻഡർ ഹെക്ടർ യൂസ്റ്റെ ഹെഡ്ഡറിലൂടെ ക്ലിയർ ചെയ്തത് കോർണറിൽ കലാശിച്ചു. ലാലിൻസുവാല ചാങ്തെയുടെ കിക്ക് മെഹ്താബ് ഗോൾവല ലക്ഷ്യമാക്കി ഹെഡ് ചെയ്തെങ്കിലും പോസ്റ്റിന് മുകളിലൂടെ പോയി.
29ാം മിനിറ്റിൽ മുംബൈക്ക് കനത്ത നഷ്ടം. രാഹുൽ ഭേകെയിൽ നിന്ന് പന്ത് സ്വീകരിച്ച ഡയസ് വക ചാങ്തെക്ക് ഫസ്റ്റ് ടച്ച് പാസ്. ഗോളിലേക്ക് പാഞ്ഞ ചാങ്തെക്ക് പിഴച്ചു. 31ാം മിനിറ്റിൽ വീണ്ടും. ബോക്സിനറ്റത്ത് നിന്ന് മുംബൈക്ക് ഫ്രീ കിക്ക്. ചാങ്തെ പോസ്റ്റിലേക്ക് തൊടുത്തത് ക്രോസ് ബാറിൽത്തട്ടി. 39ാം മിനിറ്റിൽ ഒരിക്കൽക്കൂടി മുംബൈയുടെ കടന്നാക്രമണം. ഇടതുവിങ്ങിലൂടെയെത്തിയ വിക്രംപ്രതാപ് സിങ് ബോക്സിൽ ചാങ്തെക്ക് പാസ് നൽകി. ഇത്തവണയും പക്ഷേ ലക്ഷ്യം കണ്ടില്ല. ഇതാദ്യമായി മുംബൈ ഗോളി ഫുർബ ലചെൻപക്ക് പരീക്ഷണമൊരുക്കി ആതിഥേയർ. 42ാം മിനിറ്റിൽ ലിസ്റ്റൺ കൊളാസോക്ക് ഥാപ്പ നൽകിയ പാസ് പോസ്റ്റിലേക്ക് തൊടുത്തപ്പോൾ ലചെൻപ തടഞ്ഞു. കളിയുടെ ഗതിക്ക് വിപരീതമായി ആദ്യ പകുതി തീരാനിരിക്കെ ബഗാന്റെ ഗോളെത്തി. 44ാം മിനിറ്റിൽ പെട്രാറ്റോസിന്റെ ലോങ് ഷോട്ട് ലചെൻപ സാഹസപ്പെട്ട് തടുത്തിട്ടത് റീ ബൗണ്ട് ചെയ്തപ്പോൾ അവസരം മുതലാക്കി ജേസൺ കമ്മിങ്സ് മനോഹരമായി ഫിനിഷ് ചെയ്തു.
ഒന്നിന് മൂന്നെണ്ണം
രണ്ടാം പകുതി തുടങ്ങി 47ാം മിനിറ്റിൽ ബഗാന് അനുകൂലമായി ഫ്രീ കിക്ക്. 25 വാര അകലെ നിന്ന് പെട്രാറ്റോസ് ബോക്സിലേക്ക് തൊടുത്തെങ്കിലും ടിറി ഹെഡ് ചെയ്ത് ഒഴിവാക്കി. ഗോൾ മടക്കാനുള്ള മുംബൈയുടെ ശ്രമങ്ങൾ 53ാം മിനിറ്റിൽ ഫലം കണ്ടു. ഹാഫിൽ നിന്ന് ആൽബർട്ടോ നെഗ്യൂറ ബോക്സിലേക്ക് നൽകിയ ഹൈ ബാളിലേക്ക് ഡയസ് പാഞ്ഞെത്തി മൻവീറിനെയും ഗോളിയെയും പരാജയപ്പെടുത്തി ഗോൾവര കടത്തി. 61ാം മിനിറ്റിൽ ലീഡ് പിടിക്കാനുള്ള രണ്ട് അവസരങ്ങൾ മുംബൈ താരങ്ങൾ നഷ്ടപ്പെടുത്തി. 70ാം മിനിറ്റിൽ ഥാപ്പക്ക് പകരം മലയാളി താരം സഹൽ അബ്ദുസ്സമദ് ഇറങ്ങി.
മുംബൈക്ക് തിരിച്ചടിയായി നെഗ്യൂറയും ഡയസും പരിക്കേറ്റ് കയറി. 81ാം മിനിറ്റിൽ ഗാലറിയെ നിശ്ശബ്ദമാക്കി സന്ദർശകരുടെ രണ്ടാം ഗോൾ. ചാങ്തെയുടെ ഷോട്ട് ബ്ലോക്ക് ചെയ്യപ്പെട്ടെങ്കിലും യാകൂബിലെത്തി. ബിപിൻ സിങ്ങിന് ഗോൾമുഖത്ത് യാകൂബിന്റെ പാസ്. ആദ്യം മിസ് ചെയ്തെങ്കിലും രണ്ടാം ചാൻസ് ബിപിൻ പാഴാക്കിയില്ല. ഒമ്പത് മിനിറ്റ് അധിക സമയത്ത് ഗോൾ മടക്കാൻ ബഗാന്റെ കിണഞ്ഞ ശ്രമം. രണ്ടാം മിനിറ്റിൽ സഹലും സഹതാരങ്ങളും ഗോൾമുഖത്ത്. അവസരം നഷ്ടപ്പെട്ടെങ്കിലും ബിപിനെ ഫൗൾ ചെയ്തതിന് സഹലിന് മഞ്ഞക്കാർഡ്. വിട്ടുകൊടുക്കാതെ ലീഡ് കൂട്ടാൻ മുംബൈയും. ഏഴാം മിനിറ്റിൽ ജാകൂബിൽ നിന്ന് പന്ത് ലഭിച്ച വിക്രം ബോക്സിൽ നിന്ന് ബിപിന് ബാക് ഹീൽ പാസ് നൽകി. ഇത് തടയാൻ സുഭാഷിഷ് ഇടപെട്ടെങ്കിലും ജാകൂബിന്റെ ഇടങ്കാലനടി വലയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.