ഐ.എസ്.എൽ ഫൈനൽ ഇന്ന്
text_fieldsമഡ്ഗാവ്: ഐ.എസ്.എല്ലിലെ സംഭവബഹുലമായ സീസണിന് ഇന്ന് സമാപനം. എ.ടി.കെ മോഹൻബഗാൻ മുൻ ജേതാക്കളായ ബംഗളൂരു എഫ്.സിയെ മഡ്ഗാവിലെ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ നേരിടും. ഫൈനലിലേക്കുള്ള പാതയിൽ തുടർച്ചയായ അഞ്ച് മത്സരങ്ങൾ ജയിച്ചാണ് ബഗാൻ മുന്നേറിയത്. ഇതിൽ നാല് കളികളിലും ഗോൾ വഴങ്ങിയിരുന്നില്ല.
പ്രതിരോധത്തിലെ കരുത്ത് തെളിയിച്ചാണ് ബഗാൻ കുതിക്കുന്നത്. 17 ഗോളുകൾ മാത്രമാണ് സീസണിൽ വഴങ്ങിയത്. ക്യാപ്റ്റൻ പ്രീതം കോട്ടാലും ആസ്ട്രേലിയക്കാരൻ ബ്രണ്ടൻ ഹാമിലുമടങ്ങുന്ന എ.ടി.കെ ബഗാന്റെ പ്രതിരോധ ഭടന്മാർ അത്യധ്വാനികളാണ്. സ്ലാവ്കോ ഡാമ്യാനോവിച്ചും ആശിഷ് റായിയും പ്രതിരോധത്തിലെ കരുത്തരാണ്.
ആശിഖ് കുരുണിയൻ ഇറങ്ങുമോ?
കൊൽക്കത്ത ടീമിന്റെ മുൻനിരയിൽ മലയാളി താരം ആശിഖ് കുരുണിയൻ ഇറങ്ങാനാണ് സാധ്യത. കണങ്കാലിന് പരിക്കേറ്റ ആശിഖ് രണ്ടാംപാദ സെമിയിൽ ഹൈദരാബാദ് എഫ്.സിക്കെതിരെ കളിച്ചിരുന്നില്ല. താരത്തിന് കളിക്കാനാകുമെന്ന സൂചനയാണ് കോച്ച് യുവാൻ ഫെറാൻഡോ നൽകുന്നത്.
കിയാൻ നസിരിയാകും ആശിഖിന് വേണ്ടി വഴിമാറുക. 80ലേറെ ഐ.എസ്.എൽ മത്സരങ്ങളുടെ പരിചയമുള്ള താരമാണ് ആശിഖ്. ഹ്യൂേഗാ ബൗമസും മൻവീർ സിങ്ങും മുൻനിരയിലുണ്ടാകും. ദിമിത്രിയോസ് പെട്രാറ്റോസ് ഏക സ്ട്രൈക്കറാകും. ഐറിഷ് താരം കാൾ മക്ക്യു മിഡ്ഫീൽഡിലെ തന്ത്രശാലിയുടെ റോളിലെത്തും.
ബാറിന് കീഴിൽ വിശാൽ കെയ്ത്ത് ബംഗളൂരുവിന് വൻ തടസ്സമാണ്. കന്നി കിരീടത്തിനാണ് ബഗാൻ കാത്തിരിക്കുന്നത്. കരിയറിലെ ഏറ്റവും പ്രധാന മത്സരങ്ങളിലൊന്നാണിതെന്ന് ക്യാപ്റ്റനും സെന്റർ ബാക്കുമായ പ്രീതം കോട്ടാൽ പറഞ്ഞു.
കുതിപ്പ് തുടരാൻ ബംഗളൂരു
പുറത്താകലിന്റെ വക്കിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ടീമാണ് ബംഗളുരു എഫ്.സി. തുടർച്ചയായി വിജയം നേടിയ ഇലവനിൽ മാറ്റമില്ലാതെയാകും ബംഗളൂരു കോച്ച് സൈമൺ ഗ്രെയ്സൺ ടീമിനെ ഇറക്കുക. ക്യാപ്റ്റൻ സുനിൽ ചേത്രി കഴിഞ്ഞ അഞ്ച് മത്സരങ്ങളിലേത് പോലെ പകരക്കാരന്റെ റോളിലാകും. പകരക്കാരനായെത്തി, കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള വിവാദ ഗോളടക്കം പലവട്ടം ഇന്ത്യൻ നായകൻ ലക്ഷ്യം കണ്ടിരുന്നു.
ഫോർവേഡുകളായ റോയ് കൃഷ്ണയും ശിവശക്തി നാരായണനും ആദ്യ ഇലവനിലുണ്ടാകും. ഗോൾകീപ്പറായ ഗുർപ്രീത് സിങ് സന്ധു മികച്ച ഫോമിലാണ്. അലക്സാണ്ടർ ജൊവാനോവിച്ച്, സന്ദേശ് ജിംഗാൻ, ബ്രൂണോ റാമിറസ് എന്നിവർ പ്രതിരോധ നിരയിൽ കളിക്കും. റോഷൻ നൗരേമും ബ്രിർ ദാസും വിങ് ബാക്ക് പൊസിഷൻ നിയന്ത്രിക്കും.
രോഹിത് കുമാർ, സുരേഷ് സിങ് വാങ്ജം, യാവിയർ ഹെർണാണ്ടസ് എന്നിവരാണ് മിഡ്ഫീൽഡിലെ ത്രിമൂർത്തികൾ. ബഗാൻ പ്രതിരോധത്തിൽ കരുത്തരാണെന്ന് ബംഗളൂരു കോച്ചും സമ്മതിക്കുന്നു. കഴിഞ്ഞ ആറ് മത്സരങ്ങളിൽ ഒരുതവണ മാത്രമാണ് ബംഗളൂരു ടീം ബഗാനെ കീഴടക്കിയത്. നാല് വട്ടം ബഗാൻ ജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.