ഐ.എസ്.എൽ; തിരയിളക്കി അവസാന റൗണ്ട് പോരാട്ടങ്ങൾ
text_fieldsബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് അവസാന റൗണ്ട് മത്സരങ്ങളിലേക്ക് അടുക്കുമ്പോൾ അട്ടിമറികളും തിരിച്ചുവരവും കൊണ്ട് സജീവമാവുകയാണ് മത്സരങ്ങൾ. റെക്കോഡ് പടയോട്ടംകൊണ്ട് മുംബൈ സിറ്റി എഫ്.സി നോക്കൗട്ട് ഉറപ്പിച്ച ലീഗിൽ അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ സ്ഥിരതയാർന്ന പ്രകടനത്താൽ ഹൈദരാബാദ് എഫ്.സിയും സെമി ഫൈനൽ ഉറപ്പിക്കും.
തോൽവിയറിയാതെ 15 മത്സരങ്ങൾ പൂർത്തിയാക്കിയ മുംബൈയുടെ ക്രെഡിറ്റിൽ 12 വിജയവും മൂന്നു സമനിലയുമടക്കം 39 പോയന്റാണുള്ളത്. നാല് പോയന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദുമായി ഫെബ്രുവരി നാലിന് മുംബൈ ഫുട്ബാൾ അറീനയിൽ നടക്കുന്ന പോരാട്ടം ഷീൽഡ് വിന്നേഴ്സിനെ കുറിച്ചുള്ള സൂചനയാവും.
ഇത്തവണ ഐ.എസ്.എൽ ചട്ടം മാറിയതിനാൽ ആദ്യ ആറ് സ്ഥാനക്കാരിൽ ആർക്കും സെമി ഫൈനൽ കളിക്കാൻ സാധ്യത തെളിയും. സെമിയിലെ അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങളിലേക്ക് നാല് ടീമുകൾ പ്ലേ ഓഫ് കളിക്കും. പ്ലേ ഓഫിലെ വിജയികൾ ലീഗിലെ ഒന്നും രണ്ടും സ്ഥാനക്കാരെ സെമിയിൽ നേരിടും. പ്ലേ ഓഫിലെ നാല് സ്ഥാനങ്ങൾക്കായി കേരള ബ്ലാസ്റ്റേഴ്സ്, എ.ടി.കെ മോഹൻ ബഗാൻ, എഫ്.സി ഗോവ, ഒഡിഷ എഫ്.സി, ബംഗളൂരു എഫ്.സി, ചെന്നൈയിൻ എഫ്.സി എന്നീ ടീമുകൾ തമ്മിലാണ് മത്സരം.
അവശേഷിക്കുന്ന ഓരോ മത്സരവും നിർണായകമാണെന്നതിനാൽ ഇനി കടുത്ത പോരാട്ടങ്ങൾ പ്രതീക്ഷിക്കാം. 15 കളിയിൽനിന്ന് വെറും നാല് പോയന്റുള്ള നോർത്ത് ഈസ്റ്റ് യുനൈറ്റഡ് പുറത്തായിക്കഴിഞ്ഞു. ഒമ്പത് പോയന്റ് മാത്രമുള്ള ജാംഷഡ്പുർ എഫ്.സിക്ക് മുന്നിലാകട്ടെ സാധ്യതകൾ വിദൂരമാണ്. നിൽക്കണോ അതോ പോകണോ എന്ന ശങ്കയിലാണ് 14 കളിയിൽനിന്ന് 12 പോയന്റുള്ള ഈസ്റ്റ് ബംഗാൾ.
ബ്ലാസ്റ്റേഴ്സിന്റെ കിതപ്പ്
ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ കൊച്ചിയിലെ മൈതാനത്ത് വീഴ്ത്തിയ കേരള ബ്ലാസ്റ്റേഴ്സ് പിന്നീട് തുടർച്ചയായ മൂന്ന് തോൽവി വഴങ്ങിയിരുന്നു. പ്രതീക്ഷകൾ നിറംമങ്ങിത്തുടങ്ങിയിടത്തുനിന്ന് പിന്നീടുള്ള എട്ടു കളിയിൽ ഒരു സമനിലയും ഏഴു ജയവുമായി കുതിച്ച ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം ചോർത്തുന്നതായിരുന്നു മുംബൈയിൽനിന്നേറ്റ നാലുഗോൾ തോൽവി. കഴിഞ്ഞദിവസം ഗോവക്കെതിരെ നടന്ന ഫലം ഇതാണ് സൂചിപ്പിക്കുന്നത്. ആദ്യ മിനിറ്റുകളിൽ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സ് സ്വന്തം പോസ്റ്റിൽ ഗോൾ വീണതോടെ (അനാവശ്യ പെനാൽറ്റിയായിരുന്നെങ്കിലും) നനഞ്ഞ പടക്കമായി.
രണ്ടാം പകുതിയിൽ നടത്തിയ ആക്രമണശ്രമങ്ങളാകട്ടെ ഒറ്റ ഗോൾ നേടാനേ സഹായിച്ചുള്ളൂ. ലൂണയും ദിമിത്രിയോസും നല്ല ഫോമിലാണെങ്കിലും മാർക്കോ ലെസ്കോവിച്ചില്ലാത്ത പ്രതിരോധം വട്ടപ്പൂജ്യമാണോ എന്ന ചോദ്യം ഉയരുന്നു. മുംബൈക്കെതിരെയും ഗോവക്കെതിരെയും ലെസ്കോവിച്ച് കളത്തിലുണ്ടായിരുന്നില്ല. പരിക്ക് മാറാത്തതിനാൽ തുടർ മത്സരങ്ങളിലും ലെസ്കോയുടെ സേവനം ലഭിച്ചേക്കില്ല. പകരമിറങ്ങിയ വിക്ടർ മോംഗിലിൽനിന്ന് പ്രതീക്ഷിച്ച പ്രകടനം ഇതുവരെ ലഭിച്ചിട്ടില്ല. ഇത് ബ്ലാസ്റ്റേഴ്സിന്റെ ശേഷിക്കുന്ന ആറു മത്സരങ്ങളിൽ നിർണായകമാവും.
ഗോൾ നേടുന്നതിനൊപ്പം വഴങ്ങാനും ബ്ലാസ്റ്റേഴ്സിന് മടിയൊട്ടുമില്ല. 23 ഗോൾ അടിച്ച ടീം 22 ഗോളാണ് വഴങ്ങിയത്. വൻ താരനിരയുള്ള എ.ടി.കെ മോഹൻ ബഗാന്റെ സ്ഥിതിയും സമാനമാണ്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽനിന്ന് ഒരേയൊരു ജയമാണ് എ.ടി.കെക്കുള്ളത്. ലീഗിലെ അവസാന സ്ഥാനക്കാരായ ഹൈലാൻഡേഴ്സിനോടുപോലും തോൽവി പിണഞ്ഞ് തപ്പിത്തടയുകയാണ് എ.ടി.കെ.
ബംഗളൂരുവിന്റെ കുതിപ്പ്
സ്ഥിരതയില്ലാത്ത പ്രകടനവുമായി തുടർച്ചയായ തോൽവികളിൽ വലയുകയായിരുന്നു ബംഗളൂരു എഫ്.സി. ക്യാപ്റ്റൻ സുനിൽ ഛേത്രി പഴയ ഫോമിന്റെ നിഴലിലായതും റോയ്കൃഷ്ണയുടെ ബൂട്ട് ഗോൾ വരൾച്ച നേരിട്ടതും ടീമിന്റെ പ്രകടനത്തെ ബാധിച്ചു. റോയ് കൃഷ്ണയും േഛത്രിയും തമ്മിലെ പൊരുത്തമില്ലായ്മയും മത്സരഫലത്തെ സ്വാധീനിച്ചു. ഓപൺ പ്ലേയിൽ സുനിൽ േഛത്രിക്ക് ഇതുവരെ ഗോൾ നേടാനായിട്ടില്ല.
കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ പെനാൽറ്റിയിൽനിന്നായിരുന്നു േഛത്രിയുടെ ഏക ഗോൾ. ബംഗളൂരുവിന്റെ രണ്ടാംമത്സരത്തിൽ ചെന്നൈക്കെതിരെ ഒരു ഗോൾ നേടിയ ശേഷം റോയ്കൃഷ്ണയുടെ ബൂട്ടിൽനിന്ന് പിന്നീടൊരു സ്കോറിങ് പിറക്കുന്നത് പതിനാലാം മത്സരത്തിൽ ഒഡിഷക്കെതിരെയാണ്. അതും േഛത്രിയുമായുള്ള കോമ്പിനേഷൻ മാറ്റിയ ശേഷം. കഴിഞ്ഞ മൂന്നു കളിയിലും ആക്രമണനിര മാറ്റിപ്പണിത കോച്ച് സൈമൺ ഗ്രേസന്റെ തന്ത്രം പ്ലേ ഓഫ് പ്രതീക്ഷയുടെ വിലപ്പെട്ട ഒമ്പതു പോയന്റാണ് ടീമിന് നൽകിയത്.
സുനിൽ േഛത്രിയെ പുറത്തിരുത്തി ആദ്യ ഇലവനിൽ റോയ് കൃഷ്ണക്കൊപ്പം ശിവശക്തി നാരായണന് മുന്നേറ്റ ചുമതല നൽകുകയായിരുന്നു. അത് ടീമിന്റെ മൊത്തം പ്രകടനത്തെ പോസിറ്റിവായി ബാധിക്കുകയും ചെയ്തു. ആക്രമണത്തിലും പ്രതിരോധത്തിലും ബംഗളൂരു പഴയ ഫോമിലേക്ക് തിരിച്ചെത്തി. വരും കളികളിൽ കരുത്തർക്കെതിരെയും ഈ മികവ് ആവർത്തിക്കാനായാൽ ബംഗളൂരു പ്ലേ ഓഫിലേക്ക് മുന്നേറിയേക്കും.
ഹൈലാൻഡേഴ്സിന്റെ വീഴ്ച
ഹൈലാൻഡേഴ്സ് എന്ന് വിളിപ്പേരുള്ള നോർത്ത് ഈസ്റ്റ് യുനൈറ്റഡാണ് പോയന്റ് പട്ടികയിൽ ഏറ്റവും പിന്നിൽ. മലയാളി താരങ്ങൾ നിറഞ്ഞ ടീമിന്റെ സീസണിന്റെ തുടക്കത്തിലെ കോച്ചായിരുന്ന മാർക്കോ ബാൽബുലിൽനിന്ന് ഗോകുലം കേരള മുൻ കോച്ച് വിൻസെൻസോ ആൽബർട്ടോ അനീസെ കഴിഞ്ഞ ഡിസംബറിലാണ് മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.
ഐ ലീഗിൽ ഗോകുലത്തെ ഇരട്ട ചാമ്പ്യന്മാരാക്കിയ കോച്ചിന്റെ അടവുകളൊന്നും പക്ഷേ, ഐ.എസ്എല്ലിൽ കാര്യമായി ഏശിയിട്ടില്ല. ഐ.എസ്.എല്ലിൽ ഏഴു മത്സരങ്ങളുടെ മാത്രം പരിചയമെന്നത് വിലയിരുത്താനുള്ള സമയമായില്ലെന്ന് ആശ്വസിക്കാം. അനീസെക്ക് കീഴിൽ എ.ടി.കെ മോഹൻ ബഗാനെ അട്ടിമറിച്ച ഹൈലാൻഡേഴ്സ് മറ്റു ആറു മത്സരങ്ങളിൽ അഞ്ചിലും ഗോൾ സ്കോർ ചെയ്തിട്ടുമുണ്ട്.
മലയാളികളായ എമിൽ ബെന്നി, എം.എസ്. ജിതിൻ, മുഹമ്മദ് ഇർഷാദ്, മഷൂർ ഷെരീഫ്, മിർഷാദ് മിച്ചു, ഗനി അഹമ്മദ് നിഗം എന്നിവർ നോർത്ത് ഈസ്റ്റ് ടീമിലുണ്ട്. ജനുവരി 29ന് ബ്ലാസ്റ്റേഴ്സിനെയാണ് നോർത്ത് ഈസ്റ്റ് നേരിടുക. ആശ്വാസ ജയങ്ങളുമായി മാനം കാത്ത് അടുത്ത സീസണിൽ തിരിച്ചുവരവായിരിക്കും അനീസെയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.