ബ്ലാസ്റ്റേഴ്സിന് ‘അൺ ഹാപ്പി’ ന്യൂ ഇയർ; ജാംഷഡ്പുർ എഫ്.സിയോട് ഒരു ഗോളിന് തോറ്റു
text_fieldsജാംഷഡ്പുർ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ജാംഷഡ്പുർ എഫ്.സിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട തോറ്റത്.
മത്സരത്തിന്‍റെ 61ാം മിനിറ്റിൽ പ്രതീക് ചൗധരിയാണ് ടീമിന്‍റെ വിജയഗോൾ നേടിയത്. തുടർ തോൽവികൾക്കൊടുവിൽ മൊഹമ്മദൻസിനെതിരായ 3-0ന്റെ ജയം ആരാധകർക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, ജെ.ആർ.ഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിലും ജയം തുടർന്ന് ആത്മവിശ്വാസത്തോടെ പുതുവത്സരത്തിലേക്ക് കടക്കാമെന്ന ടീമിന്‍റെ പ്രതീക്ഷകൾ തെറ്റി. സീസണിൽ ബ്ലാസ്റ്റേഴ്സിന്‍റെ എട്ടാം തോൽവിയാണിത്.
14 മത്സരങ്ങളിൽനിന്ന് 14 പോയന്‍റുമായി ബ്ലാസ്റ്റേഴ്സ് 10ാം സ്ഥാനത്ത് തന്നെ തുടരുന്നു. ജയത്തോടെ ജാംഷഡ്പുർ നാലാം സ്ഥാനത്തേക്ക് കയറി. 12 മത്സരങ്ങളിൽനിന്ന് 21 പോയന്‍റ്. മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. തുടക്കം മുതൽ ബ്ലാസ്റ്റേഴ്സ് ആക്രമണ ഫുട്ബാളുമായി കളം നിറഞ്ഞെങ്കിലും ഗോളൊഴിഞ്ഞുനിന്നു. പെപ്രയും നോഹ സദോയിയും നയിച്ച മുന്നേറ്റങ്ങൾ പലതുപിറന്നെങ്കിലും മൂർച്ച കുറഞ്ഞു. മറുവശത്ത്, ഇംറാൻ ഖാൻ- റെയ് ടച്ചികാവ കൂട്ടുകെട്ട് അപകടം വിതച്ചു. രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സ് ശരിക്കും ഉണർന്നത്. 49ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരത്തിന്റെ ഹെഡർ ഗോളി തട്ടിയകറ്റിയത് പോസ്റ്റിലുരുമ്മി പുറത്തേക്കു പോയി.
രണ്ടുമിനിറ്റ് കഴിഞ്ഞ് ഒരിക്കലൂടെ ജംഷഡ്പൂർ വല ലക്ഷ്യമാക്കിയെത്തിയ കിടിലൻ ഷോട്ട് ഗോളി തട്ടിയകറ്റി. ഇരുവിങ്ങുകളിലൂടെയും മഞ്ഞപ്പട ഇരമ്പിയാർത്തതോടെ ഏതു നിമിഷവും ഗോൾ പിറക്കുമെന്നായി. എന്നാൽ, കളിയുടെ ഗതിക്ക് വിപരീതമായി വല കുലുക്കിയത് ആതിഥേയർ. 61ാം മിനിറ്റിൽ പോസ്റ്റിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ പ്രതീക് ചൗധരിയായിരുന്നു സ്കോറർ. കോർണറിൽ ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ സചിൻ സുരേഷ് ക്ലിയർ ചെയ്ത പന്താണ് ചൗധരി വലയിലാക്കിയത്.
പിന്നെയും ഗോൾദാഹവുമായി ജംഷഡ്പൂർ പറന്നുനടന്നപ്പോൾ കേരളമുന്നേറ്റങ്ങൾ കൂടുതൽ ദുർബലമാകുന്നതായിരുന്നു കാഴ്ച. തിരിച്ചടിക്കാനുള്ള നീക്കങ്ങൾ മുനയൊടിഞ്ഞതോടെ ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി ഉറപ്പായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.