തീപ്പൊരി പ്രതികാരം! മുംബൈയോട് കണക്ക് തീർത്ത് ബ്ലാസ്റ്റേഴ്സ്; രണ്ടു ഗോളിന്‍റെ തകർപ്പൻ ജയം
text_fieldsകൊച്ചി: പക വീട്ടാനുള്ളതാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് തെളിയിച്ചു! മുംബൈയുടെ തട്ടകത്തിലേറ്റ തോൽവിക്ക് കൊച്ചിയുടെ മണ്ണിൽ കണക്ക് തീർത്ത് മഞ്ഞപ്പട. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് മുംബൈയെ ബ്ലാസ്റ്റേഴ്സ് തരിപ്പണമാക്കിയത്.
കഴിഞ്ഞ ഒക്ടോബർ എട്ടിന് മുംബൈ അവരുടെ തട്ടകത്തിൽ ബ്ലാസ്റ്റേഴ്സിനെ 2–1 എന്ന സ്കോറിനാണ് തോൽപിച്ചത്. റഫറിയിങ് പിഴവുകൾക്കു പുറമെ, പ്രതിരോധ താരങ്ങളായ മിലോസ് ഡ്രിൻസിചിനും പ്രബീർ ദാസിനും മൂന്നു മത്സര വിലക്ക് ലഭിച്ചതും അന്ന് ആരാധകരെ വേദനിപ്പിച്ചിരുന്നു. അതിനുള്ള പ്രതികാരം കൂടിയാണ് സ്വന്തം ആരാധകരുടെ കൺമുന്നിൽ വെച്ച് ത്രസിപ്പിക്കുന്ന വിജയത്തിലൂടെ ബ്ലാസ്റ്റേഴ്സ് ചോദിച്ചത്. സീസണിലെ മുംബൈയുടെ ആദ്യ തോൽവിയാണിത്.
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 11ാം മിനിറ്റിൽ തന്നെ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്‍റകോസിലൂടെ മഞ്ഞപ്പട്ട മുന്നിലെത്തി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ (45+5) ക്വാമ പെപ്രയും ബ്ലാസ്റ്റേഴ്സിനായി വലകുലുക്കി. ജയത്തോടെ രണ്ടാം സ്ഥാനത്തു തന്നെയാണ് ബ്ലാസ്റ്റേഴ്സ്. ഒന്നാമതുള്ള ഗോവക്കും ബ്ലാസ്റ്റേഴ്സിനും 23 പോയന്‍റാണെങ്കിലും ഗോൾവ്യത്യാസത്തിൽ ഗോവയാണ് മുന്നിൽ.
ഇടതു പാർശ്വത്തിൽനിന്ന് എതിർതാരത്തെ മറികടന്ന് ബോക്സിനുള്ളിലേക്ക് കടന്ന് പെപ്ര നൽകിയ പന്ത് ബാക്ക് ഹീലിലൂടെ ഗോൾ മുഖത്തേക്ക് മാറ്റി പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് മുംബൈ ഗോളിയുടെ കാലിനിടയിലൂടെ ഡയമന്‍റകോസ് വലയിലാക്കുകയായിരുന്നു. ദ്രിമിത്രിയോസിന്‍റെ അസിസ്റ്റിൽനിന്നാണ് പെപ്രയുടെ ഗോൾ. ബോക്സിനു മുന്നിൽവെച്ച് ദിമിത്രി നൽകിയ പന്തിന് ഘാനൻ താരത്തിന്‍റെ ക്ലിനിക്കൽ ഫിനിഷിങ്.
രണ്ടാം മിനിറ്റിൽ തന്നെ കെ.പി. രാഹുലിന്‍റെ മികച്ചൊരു മുന്നേറ്റത്തോടെയാണ് ബ്ലാസ്റ്റേഴ്സ് കളി തുടങ്ങിയത്. വലതു പാർശ്വത്തിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവിൽ താരം തൊടുത്ത ഷോട്ട് ബോക്സിനു പുറത്തേക്കാണ് പോയത്. 15ാം മിനിറ്റിൽ പ്രതിരോധ താരം റോസ്റ്റിൻ ഗ്രിഫിത്സ് പരിക്കേറ്റ് കളംവിട്ടത് മുംബൈക്ക് തിരിച്ചടിയായി. പകരം അൽ ഖയാതി ഗ്രൗണ്ടിലെത്തി.
ഇൻജുറി ടൈമിൽ രാഹുലിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്‍റെ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക്.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് കൃത്യമായ ഇടവേളകളിൽ മുംബൈ ഗോൾ മുഖത്ത് വെല്ലുവിളി ഉയർത്തി. പെപ്രയായിരുന്നു കൂടുതൽ അപകടകാരി. മുംബൈയും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോളിലേക്കെത്തിയില്ല.
ദിമിത്രിയോസിനെയും പെപ്രയെയും സ്ട്രൈക്കർമാരാക്കി 4-4-2 എന്ന ഫോർമേഷനിലാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ടീമിനെ കളത്തിലിറക്കിയത്. വിലക്കിനുശേഷം ഡാനിഷ് ഫാറൂഖും ടീമിൽ മടങ്ങിയെത്തി. സൂപ്പർതാരം അഡ്രിയാൻ ലൂണയില്ലാതെ സീസണിൽ രണ്ടാം മത്സരമാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്.
ചുവപ്പു കാർഡ് കണ്ട നാലു പ്രമുഖ താരങ്ങളില്ലാതെയാണ് മുംബൈ കളിക്കാനിറങ്ങിയത്. പ്ലേ മേക്കർ ഗ്രെഗ് സ്റ്റ്യുവർട്ട്, ആകാശ് മിശ്ര, രാഹുൽ ഭെകെ, വിക്രം പ്രതാപ് സിങ് എന്നിവരാണ് പുറത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.