ഐ.എസ്.എൽ: കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ
text_fieldsകൊച്ചി: ഈസ്റ്റ് ബംഗാളിനെതിരെ കൊച്ചിയിൽ ബുധനാഴ്ച നടക്കുന്ന മത്സരത്തിന് കാത്തുനിൽക്കാതെ ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫ് റൗണ്ടിൽ പ്രവേശിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ലക്ഷ്യം നില മെച്ചപ്പെടുത്തൽ. സ്വന്തം തട്ടകത്തിലെ അവസാന മാച്ചിന് ശേഷം രണ്ട് എവേ മത്സരങ്ങൾ കൂടി ബാക്കിയുള്ള മഞ്ഞപ്പടക്ക് നാലാം സ്ഥാനത്തെങ്കിലും ഫിനിഷ് ചെയ്യാനായാൽ നോക്കൗട്ടിൽ ഹോം ഗ്രൗണ്ട് ആനുകൂല്യം ലഭിക്കും. 19 മത്സരങ്ങളില്‍ നിന്ന് 30 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. അടുത്ത മൂന്നും ജയിച്ചാല്‍ പരമാവധി 39 പോയന്റ് നേടാം. 21 പോയന്റുമായി എട്ടാം സ്ഥാനത്തുള്ള പഞ്ചാബ് എഫ്.സി ചൊവ്വാഴ്ച ഒഡിഷ എഫ്.സിയോട് തോറ്റതാണ് ബ്ലാസ്റ്റേഴ്സിന് അനുഗ്രഹമായത്. ആദ്യ ആറ് സ്ഥാനക്കാർക്ക് നോക്കൗട്ട് പ്രവേശനമുണ്ട്. ബ്ലാസ്റ്റേഴ്സിന് അഞ്ചാം സ്ഥാനമെങ്കിലും ഉറപ്പാണ്.
പത്താമതുള്ള നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്, ഇതിനകം പുറത്തായ ഹൈദരാബാദ് എഫ്.സി, ടീമുകള്‍ക്കെതിരെയാണ് അവശേഷിക്കുന്ന മറ്റു മത്സരങ്ങള്‍. ടേബിളിലെ ആദ്യ രണ്ട് ടീമുകള്‍ നേരിട്ട് സെമി ഫൈനലിൽ എത്തും. മൂന്ന് മുതല്‍ ആറ് വരെ സ്ഥാനക്കാര്‍ ഒറ്റപ്പാദ നോക്കൗട്ട് മത്സരം കളിച്ച് സെമി യോഗ്യത നേടണം. 19 മത്സരങ്ങളില്‍ 18 പോയന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ നിലവില്‍ 11ാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാല്‍ അവര്‍ക്ക് എട്ടാം സ്ഥാനത്തേക്ക് കയറാം. നേരിയ പ്ലേഓഫ് സാധ്യതയും നിലനില്ക്കും. ഈസ്റ്റ് ബംഗാളിന്റെ ഹോം മത്സരത്തിൽ 1-2ന് ബ്ലാസ്റ്റേഴ്സിനായിരുന്നു ജയം.
പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി സൂപ്പർ കപ്പ് ഇടവേളക്ക് പിരിഞ്ഞ ടീമാണ് ബ്ലാസ്റ്റേഴ്സ്. മത്സരങ്ങൾ പുനരാരംഭിച്ചപ്പോൾ പക്ഷേ, തുടർ തോൽവികൾ. ഇതോടെ പ്ലേ ഓഫിലെ സ്ഥാനം പോലും സുരക്ഷിതമല്ലാത്ത സ്ഥിതി വന്നു. പ്രതിരോധനിരയിലെ പിഴവുകൾ എതിരാളികൾ മുതലെടുക്കുന്നതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകുന്നത്. ഗോളടിച്ച് ലീഡ് നേടുന്നതിനു പിന്നാലെ സമനിലയും തോൽവിയും വഴങ്ങുന്നുവെന്ന രീതിയിലേക്കെത്തി കാര്യങ്ങൾ. പ്രതിരോധം സുശക്തമാക്കുകയാണ് ലക്ഷ്യമെന്ന് പരിശീലകൻ ഇവാന് വുകമനോവിച് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. പ്രധാന താരങ്ങളുടെ പരിക്കും എവേ മത്സരങ്ങള്‍ക്കായുള്ള വിശ്രമമില്ലാത്ത യാത്രയും ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. പരിക്ക് ഭേദമായെങ്കിലും അഡ്രിയാൻ ലൂണ ഇന്നും കളിക്കില്ല. സീസൺ തീരുംവരെ ഇനിയാരെയും നഷ്ടപ്പെടില്ലെന്നാണ് പ്രതീക്ഷയെന്ന് വുകമനോവിച് കൂട്ടിച്ചേർത്തു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് കളി.
ജയം; ഒഡിഷ രണ്ടാമത്
ഭുവനേശ്വർ: പഞ്ചാബ് എഫ്.സിയുടെ പ്ലേഓഫ് പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീഴ്ത്തി ഒഡിഷ എഫ്.സി. ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ച ആതിഥേയർ മോഹൻ ബഗാനെ മൂന്നാമതാക്കി രണ്ടാം സ്ഥാനത്തേക്കും കയറി. സെമി ഫൈനലിന് തൊട്ടരികിലുള്ള മുംബൈ സിറ്റിക്ക് (44) പിന്നിൽ 39 പോയന്റ് വീതം നേടിയാണ് ഒഡിഷയും ബഗാനും നിൽക്കുന്നത്. ഇതിനകം നോക്കൗട്ടിൽ കടന്ന ബഗാന് മൂന്നും ഒഡിഷക്ക് രണ്ടും മത്സരങ്ങളാണ് ബാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.