'നമസ്കാരം' പറഞ്ഞ് യുക്രെയ്നിൽനിന്ന് ഇവാൻ വരുന്നു, ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര ഭരിക്കാൻ...
text_fieldsകൊച്ചി: മധ്യനിരയിൽ കളിയുടെ ചരടുവലിക്കാൻ യുക്രൈനിൽനിന്ന് പുതിയ വിദേശ താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. 24കാരനായ ഇവാൻ കലിയൂഷ്നിയാണ് വായ്പാടിസ്ഥാനത്തിൽ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. പരിശീലകന്‍ ഇവാന്‍ വുകനമോവിച്ചിനുശേഷം മറ്റൊരു ഇവാന്‍ കൂടി മഞ്ഞപ്പടയിലെത്തുകയാണ്. യുക്രെയ്നിലെ മുൻനിര ടീമുകളായ ഡൈനാമോ കീവിനും മെറ്റലിസ്റ്റ് ഖാർകീവിനും ബൂട്ടുകെട്ടിയ പരിചയസമ്പത്തുമായാണ് ഇവാൻ കൊച്ചിയിലെത്തുന്നത്. യുവേഫ യൂത്ത് ലീഗില്‍ ഡൈനാമോ കീവിനുവേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്.
നിലവിൽ യുക്രൈന്‍ ക്ലബ്ബായ എഫ്.കെ ഒലെക്‌സാന്‍ഡ്രിയയില്‍ നിന്നാണ് ഇവാനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ഇവാന്‍ ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്ന മൂന്നാമത്തെ വിദേശതാരമാണ്. ഇതിനോടകം ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. സ്ട്രൈക്കർ അപ്പോസ്തലസ് ജിയാനു, ഡിഫന്‍ഡർ വിക്ടര്‍ മോങ്ഗില്‍ എന്നിവർ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തിയിട്ടുണ്ട്.
മെറ്റലിസ്റ്റ് ഖാര്‍കീവിലൂടെയായിരുന്നു സീനിയര്‍തലത്തിൽ അരങ്ങേറിയത്. 2018-19ലെ ആദ്യ സീസണില്‍ 27 മത്സരങ്ങളില്‍ മെറ്റലിസ്റ്റിന് ബൂട്ടുകെട്ടി. അടുത്ത സീസണിൽ വായ്പാ അടിസ്ഥാനത്തില്‍ റൂഖ് എല്‍വീവിൽ. 32 മത്സരങ്ങള്‍ കളികളിൽ രണ്ടു തവണ വല കുലുക്കിയ ഇവാൻ 2021ല്‍ ഒലെക്‌സാന്‍ഡ്രിയയുടെ അണിയിലെത്തി. ടീമിനുവേണ്ടി 23 കളികളില്‍ രണ്ട് ഗോളുകൾ. റഷ്യയുടെ യുക്രൈൻ ആക്രമണത്തോടെ രാജ്യത്തെ ഫുട്ബാൾ ലീഗ് പാതിവഴിയില്‍ ഉപേക്ഷിച്ചു.
തുടർന്ന് വായ്പാടിസ്ഥാനത്തില്‍ ഐസ്‌ലന്‍ഡിലെ ടോപ് ഡിവിഷന്‍ ക്ലബായ കെഫ്‌ലാവിക്കിനു വേണ്ടി കളിക്കുകയായിരുന്നു. കെഫ്‌ലാവിക്കിൽനിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ട്വിറ്ററിലെ പുതിയ വിഡിയോ പോസ്റ്റ് ചെയ്താണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഇവാന്റെ വരവ് ആരാധകരെ അറിയിച്ചത്. 'നമസ്കാരം കേരള..പുതിയ ഇവാൻ കൂടി നിങ്ങൾക്കൊപ്പം ചേരുകയാണ്'..വിഡിയോയിൽ താരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.