ഐ.എസ്.എല്ലിൽ ഇന്ന്; കേരള ബ്ലാസ്റ്റേഴ്സ് Vs ചെന്നൈയിൻ എഫ്സി
text_fieldsകൊച്ചി: പ്ലേ ഓഫിൽ ഇടം ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ജയം അനിവാര്യമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സൂപ്പര്‍ലീഗിൽ അയൽക്കാരായ ചെന്നൈയിന് എഫ്.സിക്കെതിരെ ഹോം ഗ്രൗണ്ടിൽ വിജയിച്ചുകയറിയാൽ മഞ്ഞപ്പടക്ക് കാര്യങ്ങൾ എളുപ്പമാകും. കഴിഞ്ഞ അഞ്ച് കളിയിൽ മൂന്നിലും തോൽവിയറിഞ്ഞ ബ്ലാസ്റ്റേഴ്സിന് ജയത്തിൽ കുറഞ്ഞൊന്നും സ്വീകാര്യമല്ല.
16 കളിയില്‍ 28 പോയന്റുമായി മൂന്നാമതാണ് ടീം. രാത്രി 7.30ന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. ഈസ്റ്റ് ബംഗാളിനെതിരെ കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ ഏക ഗോളിനാണെങ്കിലും തോറ്റത് ബ്ലാസ്റ്റേഴ്സിന് വലിയ പ്രഹരമായിരുന്നു.
വീഴ്ചയിൽനിന്ന് കരുത്തരായി കയറിവരുമെന്ന പ്രതീക്ഷയിലാണ് പരിശീലകൻ ഇവാന് വുകോമനോവിച്. ടീമിലെ താരങ്ങളിൽ ചിലർക്ക് പരിക്കിനൊപ്പം പനി പിടിച്ചത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പ്രകടനത്തെ ബാധിച്ചു. ക്യാമ്പിൽ പനി പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണെന്നും 15 കളിക്കാരെങ്കിലും ഇതിനകം രോഗ ബാധിതരായെന്നും കോച്ച് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
പ്രതിരോധനിരയില്‍ കളിക്കുന്ന മാര്കോലെസ്കോവിച്ചും സന്ദീപും പരിക്കേറ്റ് പുറത്തായതാണ് ബ്ലാസ്റ്റേഴ്സിന് ഏറ്റവും വലിയ തിരിച്ചടിയുണ്ടാക്കിയത്. എന്നാൽ, അതിനെയെല്ലാം അതിജീവിച്ച് വിജയവഴിയിലേക്ക് തിരിച്ചെത്തേണ്ടതും ടീമിന് അനിവാര്യമാണ്.
അതേസമയം, പ്ലേഓഫ് പ്രതീക്ഷകൾക്ക് പുറത്താണ് ചെന്നൈയിൻ. 16 കളിയില്‍ 18 പോയന്റാണ് അവരുടെ സമ്പാദ്യം. നാലുകളി മാത്രമാണ് ജയിച്ചത്. ഇരുടീമും തമ്മിൽ നടന്ന ആദ്യപാദ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. കഴിഞ്ഞ ഏഴ് കളിയില്‍ ചെന്നൈയിന് ജയിക്കാനായിട്ടില്ല. എന്നാലും ബ്ലാസ്റ്റേഴ്സിനെ തോൽപിക്കുക എന്ന വാശിയിൽ തന്നെയാകും ടീം ഇന്നിറങ്ങുക.
ഒഡിഷ-ഗോവ സമനില
ഭുവനേശ്വർ: ഒഡിഷ എഫ്.സിക്കെതിരെ എഫ്.സി ഗോവക്ക് സമനില. രണ്ടാം മിനിറ്റിൽതന്നെ നോഹ സദോയി ഗോവയെ മുന്നിലെത്തിച്ചെങ്കിലും 43ാം മിനിറ്റിൽ ഡീഗോ മൗറീഷ്യോ ആതിഥേയർക്കായി ഗോൾ തിരിച്ചടിച്ചു. 66ാം മിനിറ്റിൽ ഒഡിഷ താരം സഹിൽ പവാർ ചുവപ്പ് കാർഡ് കണ്ട് മടങ്ങി. 17 കളിയിൽ 27 പോയന്റുമായി ഗോവ നാലാം സ്ഥാനത്തേക്ക് കയറി. 24 പോയന്റ് നേടിയ ഒഡിഷ ഏഴാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.