കൊച്ചിയിൽ വീണ്ടും മഞ്ഞക്കടലിരമ്പം; ഒഡിഷയെ തകർത്ത് ബ്ലാസ്റ്റേഴ്സ് (2-1)
text_fieldsകൊച്ചി: പത്ത് മത്സരങ്ങളുടെ വിലക്ക് കഴിഞ്ഞ് പരിശീലകന്റെ ബെഞ്ചിലെത്തിയ വുകമാനോവിച്ചിനൊപ്പം കേരള ബ്ലാസ്റ്റേഴ്സും വിജയവഴിയിൽ തിരിച്ചെത്തി. ഐ.എസ്.എൽ ഫുട്ബാളിലെ ആവേശപ്പോരാട്ടത്തിൽ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ രണ്ടു ഗോളടിച്ച ആതിഥേയർ ഒഡിഷ എഫ്.സിയെ തോൽപിച്ചു.
14 ാം മിനിറ്റിൽ ഡീഗോ മൗറീഷ്യോയുടെ ഗോളിന് മുന്നിലെത്തിയ ഒഡിഷക്കെതിരെ 65ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമന്റക്കോസും 85ാം മിനിറ്റിൽ നായകൻ ലൂണയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളടിച്ചത്. പെനാൽറ്റി ഉൾപ്പെടെ രക്ഷപ്പെടുത്തി ബാറിന് കീഴിൽ മികവ് കാട്ടിയ മലയാളി ഗോളി സചിൻ സുരേഷും വിജയത്തിൽ മുഖ്യ പങ്ക് വഹിച്ചു. ഈ ജയത്തോടെ അഞ്ചു കളികളിൽ 10 പോയന്റുമായി ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്തെത്തി. നവംബർ നാലിന് ഈസ്റ്റ് ബംഗാളുമായാണ് അടുത്ത മത്സരം.
യുനൈറ്റഡിനെതിരെ സമനില വഴങ്ങേണ്ടി വന്നതിന്റെ നിരാശ തീർക്കാൻ ജയം അനിവാര്യമാണെന്ന തിരിച്ചറിവോടെയാണ് സ്വന്തം കാണികൾക്ക് മുന്നിൽ പന്ത് തട്ടിത്തുടങ്ങിയത്. ആദ്യ ഇലവനിൽ ഇടംപിടിച്ച കെ.പി. രാഹുൽ നാലാം മിനിറ്റിൽതന്നെ ഗോളിലേക്കുള്ള ആദ്യ ശ്രമം നടത്തി കാണികളിൽ ആവേശം നിറച്ചു. 11ാം മിനിറ്റിൽ നവോച്ച സിങ്ങിനൊപ്പം നടത്തിയ മുന്നേറ്റത്തിനൊടുവിൽ രാഹുൽ സുവർണാവസരം തുലച്ചതിന് പിന്നാലെ ഒഡിഷ ഗോളടിക്കുന്നതാണ് കണ്ടത്. കളിയുടെ ഗതിക്കെതിരായിരുന്നു 14ാം മിനിറ്റിലെ ഗോൾ.
ഒഡിഷ മധ്യനിരയിൽനിന്ന് ലഭിച്ച അളന്നുമുറിച്ചു നൽകിയ പന്ത് കുടുക്കിയെടുത്ത മൗറീഷ്യോ ഒപ്പമോടിയ പ്രതിരോധക്കാരെ വെട്ടിച്ച് കൃത്യമായി പോസ്റ്റിലേക്ക് പായിച്ചത് ഗോളി സചിൻ സുരേഷിന്റെ കൈകളിൽ തട്ടിയെങ്കിലും ഗോളിലെത്തി.
അപ്രതീക്ഷിതമായി മുന്നിലെത്തിയ ഒഡിഷക്കാർ അടുത്ത മിനിറ്റുകളിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ അങ്കലാപ്പിലാക്കി. 18ാം മിനിറ്റിൽ കേരള പ്രതിരോധം കീറിമുറിച്ചെത്തിയ ഇസാക് റാൽതയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ജാജോ കൃത്യമായെടുത്തത് സചിൻ ഒന്നാന്തരമായി തട്ടിയകറ്റി. പിന്നാലെ വീണ്ടും ബോസിലുയർന്ന പന്ത് നവോച്ചയുടെ കൈയിൽ തട്ടിയതോടെ റഫറി പെനാൽറ്റി വിധിച്ചു. നിശ്ശബ്ദമായ സ്റ്റേഡിയത്തെ പിടിച്ചുകുലുക്കി സചിൻ ഒരിക്കൽകൂടി കേരളത്തിന്റെ രക്ഷക്കെത്തി.
മൗറീഷ്യോയുടെ കിക്ക് തട്ടിത്തെറിപ്പിച്ച പന്ത് ഇസാക്ക് വീണ്ടും ലക്ഷ്യത്തിലേക്കുതിർത്തെങ്കിലും സചിൻ വഴങ്ങിയില്ല. തുടർന്നങ്ങോട്ട് ഇരുടീമുകളും കൊണ്ടും കൊടുത്തും മുന്നേറിയെങ്കിലും ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായാണ് ബ്ലാസ്റ്റേഴ്സ് കളം വിട്ടത്.
രണ്ടാം പകുതിയിൽ സമനില ഗോൾ തേടിയുള്ള സമ്മർദങ്ങൾക്കിടയിൽ മലയാളികളായ രാഹുലിനെയും ബിബിനെയും പിൻവലിച്ചു. പകരം വന്ന ഡിമിയന്റാകോസ് 65ാം മിനിറ്റിൽ കാത്തിരിപ്പിന് അറുതി വരുത്തി. ലൂണയും നവോച്ചയും ചേർന്നു കൊണ്ടുവന്നു നൽകിയ പന്ത് ഡിമിയന്റാകോസ് അതിമനോഹരമായി വലയിൽ നിക്ഷേപിച്ചു.
പിന്നീടങ്ങോട്ട് വിജയഗോൾ തേടിയുള്ള കുതിപ്പായിരുന്നു. പകരക്കാരനായി ഇഷാൻ പണ്ഡിറ്റിറങ്ങിയതിന് പിന്നാലെ വിജയഗോളിന് വഴിതുറന്നു. പിൻനിരയിൽനിന്ന് വന്ന ലോങ്ബാൾ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ട ഒഡിഷ ഡിഫന്ററുടെ കാലിൽ തട്ടിയ പന്ത് കുടുക്കിയെടുത്ത ലൂണയുടെ അത്യുജ്ജലമായ ഷോട്ട് ഒഡിഷ വലയിൽ കയറുന്നത് നോക്കിനിൽക്കാനേ ഗോളിക്ക് കഴിഞ്ഞുള്ളൂ. പിന്നാലെ ഗോളിന്റെ പ്രകമ്പനത്തിൽ ഗാലറിയുടെ മുഴക്കം. പിന്നിലായതോടെ ഒഡിഷ അവസാനം വരെ പൊരുതിയെങ്കിലും എല്ലാം വിഫലമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.