അനാവശ്യഗോൾ വഴങ്ങി ബ്ലാസ്റ്റേഴ്സ്; എഫ്.സി ഗോവക്കെതിരെ ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിൽ
text_fieldsകൊച്ചി: ചെന്നൈയിൻ എഫ്.സിയെ തകർത്തുവിട്ട ആധികാരിക പ്രകടനത്തിന്റെ തുടർച്ച മോഹിച്ച് കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തിൽ എഫ്.സി ഗോവക്കെതിരെ ഒരു ഗോളിന് പിന്നിൽ. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ പത്താം റൗണ്ട് മത്സരത്തിൽ 40-ാം മിനിറ്റിൽ ബോറിസ് സിങ് നേടിയ ഗോളിലാണ് ആദ്യപകുതിയിൽ ഗോവക്കാർ ലീഡെടുത്തത്.
കളിയിൽ താരതമ്യേന മികച്ച നീക്കങ്ങൾ നടത്തുകയും പന്തിന്മേൽ കൂടുതൽ ആധിപത്യം പുലർത്തുകയും ചെയ്തിട്ടും ഉറച്ച ഗോളവസരങ്ങൾ തുറന്നെടുക്കാൻ കഴിയാതിരുന്നതാണ് ബ്ലാസ്റ്റേഴ്സിന് വിനയായത്. നോവ സദോയിയിലൂടെ ഇടതുവിങ്ങിൽനിന്ന് പലകുറി ആക്രമിച്ചുകയറിയെങ്കിലും സന്ദേശ് ജിങ്കാൻ നയിച്ച ഗോവൻ പ്രതിരോധം ജാഗരൂകമായിരുന്നു. ഇടതടവില്ലാതെ മഞ്ഞക്കുപ്പായക്കാർ ഇരച്ചുകയറിയപ്പോൾ ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങളിലൂടെയാണ് ആതിഥേയ ഗോൾമുഖത്ത് പന്തെത്തിയത്. തുടക്കത്തിൽ വലതുവിങ്ങിലൂടെ കുതിച്ച് രാഹുൽ കെ.പി നൽകിയ പാസിൽ ബോക്സിൽനിന്ന് നോവ തൊടുത്ത ഷോട്ട് ക്രോസ്ബാറിൽനിന്നകന്നു.
കളി പുരോഗമിക്കുന്നതിനിടെ പതിയെ താളം വീണ്ടെടുത്ത ഗോവ ആദ്യപകുതിയുടെ അവസാന മിനിറ്റുകളിൽ ആക്രമണം ശക്തമാക്കി. ഇടതുവിങ്ങിൽ ദെയാൻ ഡ്രാസിച്ചായിരുന്നു അവരുടെ കുന്തമുന. ഇടവേളക്ക് അഞ്ചുമിനിറ്റ് ശേഷിക്കേ, സാഹിൽ ടവോറ നൽകിയ പന്തുമായി വലതുവിങ്ങിലൂടെ കുതിച്ച ബോറിസ് ബോക്സിന്റെ ഒരത്തുനിന്ന് തൊടുത്ത ഷോട്ട് തടയാമായിരുന്നെങ്കിലും സചിൻ സുരേഷിന്റെ കൈകളിൽതട്ടി വലയിലേക്ക് കയറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.