ഐ.എസ്.എൽ: 13ാമനായി പുതുമയോടെ മുഹമ്മദൻസ്
text_fieldsഐ ലീഗിലെ ചാമ്പ്യൻ പട്ടത്തിന്റെ പെരുമയോടെ ഇന്ത്യൻ പോരാട്ട വീര്യങ്ങളുടെ സൂപ്പർ രാവിലേക്ക് ടിക്കറ്റെടുത്തിരിക്കയാണ് മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്. ആരാധകർക്കിടയിൽ ബ്ലാക്ക് പാന്തേഴ്സെന്നറിയപ്പെടുന്ന മുഹമ്മദൻസിന്റെ ചൂടും ചൂരും ഇനി ഇന്ത്യൻ സൂപ്പർ ലീഗിന്റെ കളിത്തട്ടകത്തിലും നിറഞ്ഞാടും. 13ാമനായി പുതുമയോടെ വരവറിയിക്കുന്ന മുഹമ്മദൻസ്, പഞ്ചാബ് എഫ്.സിക്കു ശേഷം ഐ ലീഗിൽനിന്ന് ഐ.എസ്.എല്ലിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ക്ലബാണ്. സന്തോഷത്തിന്റെ നഗരത്തിന് ഇരട്ടി മധുരവുമായി മുഹമ്മദൻസിനെ കാൽപന്തുകളിയുടെ ഗോദയിലേക്കാനയിച്ചത് ഐ ലീഗിലെ കഴിഞ്ഞ സീസണിലുടനീളം കാഴ്ചവെച്ച പ്രകടനവും കിരീട വാഴ്ചയുമാണ്. ഇന്ത്യൻ ഫുട്ബാളിൽ 133 വർഷത്തെ പാരമ്പര്യ വീര്യവും ഇന്നും സജീവമായി കളിക്കളത്തിൽ വാഴുന്ന അപൂർവതയും മുഹമ്മദൻസിന്റെ ഖ്യാതിയെ എന്നും വിളിച്ചോതിയിരുന്നു.
വീഴ്ചയിലും പൊരുതി നേടിയ വിഖ്യാതമായ ചരിത്രമാണ് 1887ൽ ജൂബിലി ക്ലബായി തുടങ്ങി 1981ൽ മുഹമ്മദൻസ് എന്ന നാമധേയത്തിൽ വളർന്ന ടീമിനുള്ളത്. ഇന്ത്യൻ ഫുട്ബാളിന്റെ മക്കയായ കൊൽക്കത്തയിൽനിന്ന് ഐ.എസ്.എൽ കളിക്കാനൊരുങ്ങുന്ന മൂന്നാമത്തെ ടീം കൂടിയാണ് മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്. റഷ്യൻ മുൻ ഡിഫൻഡറായ ആന്ദ്രേ ചെർനിഷോവിന്റെ തന്ത്രങ്ങളോടെയാണ് ടീം കളിക്കളത്തിലിറങ്ങുന്നത്. മുഹമ്മദൻസിന്റെ പ്രതിരോധം കാത്തുസൂക്ഷിക്കാൻ മലപ്പുറം വളാഞ്ചേരിക്കാരൻ മുഹമ്മദ് ജാസിമും തിരൂർക്കാരൻ മുഹമ്മദ് ഇർഷാദും മലയാളി സാന്നിധ്യമായി ടീമിലുണ്ട്. ഉസ്ബകിസ്താൻ താരം മിർജാലോൽ കാഷിമോവും അലക്സി ഗോമസും നയിക്കുന്ന മുൻനിര കരുത്തുറ്റതാണ്. ഐ ലീഗിൽ തീർത്ത വീരഗാഥ ഐ.എസ്.എല്ലിലും തുടരാനാവുമെന്ന പ്രതീക്ഷയിലാണ് ടീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.