കലിംഗ യുദ്ധം തോറ്റ് ബ്ലാസ്റ്റേഴ്സ്, സെമി കാണാതെ പുറത്ത്; പ്ലേഓഫിൽ ഒഡിഷയോട് തോറ്റത് അധികസമയത്ത് (2-1)
text_fieldsഭുവനേശ്വർ: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്. അധിക സമയത്തേക്ക് നീണ്ട പ്ലേഓഫ് പോരാട്ടത്തിൽ ഒഡിഷ എഫ്.സിയോട് ഒന്നിനെതിരെ രണ്ടു ഗോളിനാണ് മഞ്ഞപ്പട തോറ്റത്.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം അധികസമയത്തേക്ക് കടന്നത്. 98ാം മിനിറ്റിൽ ഐസക് റാൽത്തെയാണ് ഒഡിഷയുടെ വിജയ ഗോൾ നേടിയത്. ഗോൾ മടക്കാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾ കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മത്സരത്തിൽ ഒഡിഷ നേടിയ രണ്ടു ഗോളുകൾക്കും റോയ് കൃഷ്ണയാണ് വഴിയൊരുക്കിയത്. നിശ്ചിത സമയത്ത് ബ്ലാസ്റ്റേഴ്സിനായി ഫെദോർ സെർനിച്ചും ഒഡിഷക്കായി ഡീഗോ മൗറീഷ്യോയും വലകുലുക്കി.
സെമിയിൽ ഒഡിഷ നിലവിലെ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സുമായി ഏറ്റുമുട്ടും. ആക്രമണ, പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളംനിറഞ്ഞെങ്കിലും ആദ്യ പകുതി ഗോൾരഹിതമായിരുന്നു. 67ാം മിനിറ്റിൽ സെർനിച്ചിലൂടെ ബ്ലാസ്റ്റേഴ്സാണ് ആദ്യം ലീഡെടുത്തത്. മുഹമ്മദ് അയ്മൻ ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് ഒരു നിലംപറ്റെയുള്ള ഷോട്ടിലാണ് താരം വലയിലെത്തിച്ചത്. നിശ്ചിത സമയം തീരാൻ മൂന്നു മിനിറ്റ് ബാക്കി നിൽക്കെ ഡീഗോ മൗറീഷ്യോയുടെ ഗോളിലൂടെ ഒഡിഷ സമനില പിടിച്ചു. റോയ് കൃഷ്ണ ബോക്സിന്‍റെ വലതു പാർശ്വത്തിൽനിന്ന് നൽകിയ ക്രോസിന് മൗറീഷ്യോക്ക് കാല് വെച്ചുകൊടുക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു.
81ാം മിനിറ്റിൽ സെർനിച്ചിന് പകരക്കാരനായി അഡ്രിയാൻ ലൂണ കളത്തിലിറങ്ങി. മത്സരത്തിന്‍റെ 23ാം മിനിറ്റിൽ മൊർത്താദ ഫാൾ ഒഡിഷക്കായി വലകുലുക്കിയിരുന്നു. ഒന്നിലേറെ ഒഡിഷ താരങ്ങൾ ഓഫ് സൈഡ് ആയിരുന്നിട്ടും ഗോൾ നൽകുകയാണ് റഫറി ആദ്യം ചെയ്തത്. എന്നാൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ശക്തമായി പ്രതിഷേധിച്ചതോടെ റഫറി തീരുമാനം പിൻവലിച്ചു. അയ്മന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്‍റെ ഷോട്ട് ഗോളിയുടെ കാലിൽ തട്ടി പോസ്റ്റിൽ തട്ടി മടങ്ങി.
റോയ് കൃഷ്ണയെ കേന്ദ്രീകരിച്ചായിരുന്നു ഒഡീഷയുടെ മുന്നേറ്റങ്ങൾ. നാലാം മിനിറ്റിൽ തന്നെ സെർണിചിന്റെ മികച്ച ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയിരുന്നു. പരിക്കേറ്റ് ആറു മാസത്തോളം പുറത്തിരുന്നശേഷമാണ് ലൂണ ടീമിൽ മടങ്ങിയെത്തുന്നത്. പരിക്കേറ്റ ദിമത്രിയോസ് ഡയമന്റകോസ് ടീമിലുണ്ടായിരുന്നില്ല. 104ാം മിനിറ്റിൽ കെ.പി. രാഹുലിന്‍റെ ബോക്സിന്‍റെ മധ്യത്തിൽനിന്നുള്ള കിടിലൻ ഹെഡ്ഡർ ഓഡിഷ ഗോളി തട്ടിയകറ്റി. തൊട്ടുപിന്നാലെ ഡെയ്സുകെ സകായിയുടെ ഷോട്ടും ഗോളി തട്ടിമാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.