കളി മറന്ന് ബ്ലാസ്റ്റേഴ്സ്; കൊച്ചിയിൽ സീസണിലെ ആദ്യ തോൽവി; പഞ്ചാബിന്‍റെ ജയം 3-1ന്
text_fieldsകൊച്ചി: ഐ.എസ്.എല്ലിൽ കളി മറന്ന കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം കാണികൾക്കു മുന്നിൽ സീസണിലെ ആദ്യ തോൽവി. പഞ്ചാബ് എഫ്.സിയാണ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ചത്. കൊളംബിയൻ താരം വിൽമർ ജോർഡൻ പഞ്ചാബിനായി ഇരട്ട ഗോളുമായി തിളങ്ങി. 43, 61 മിനിറ്റുകളിലായിരുന്നു താരത്തിന്‍റെ ഗോളുകൾ. ലൂക്കാ മജ്സെനും (88ാം മിനിറ്റിൽ -പെനാൽറ്റി) വലകുലുക്കി. പ്രതിരോധ താരം മിലോസ് ഡ്രിൻസിചിന്‍റെ വകയായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ ആശ്വാസ ഗോൾ.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ലീഡെടുത്ത ശേഷമാണ് ബ്ലാസ്റ്റേഴ്സ് മൂന്നു ഗോൾ വഴങ്ങിയത്. 39ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. കോർണറിൽനിന്നെത്തിയ പന്ത് ഗോളി തട്ടിയകറ്റിയത് നേരെ ബോക്സിനുള്ളിലുണ്ടായിരുന്ന ഡ്രിൻസിചിന്‍റെ കാലിൽ. താരത്തിന്‍റെ ഇടങ്കാൽ ഷോട്ട് ബാറിൽ തട്ടി പോസ്റ്റിനുള്ളിൽ. ഗോൾ ലൈനിന് അകത്തു തട്ടി പന്തു പുറത്തേക്കുതന്നെ പോയി. റഫറി ഗോൾ അനുവദിച്ചു.
ബ്ലാസ്റ്റേഴ്സിന്‍റെ ആഘോഷത്തിന് നാലു മിനിറ്റിന്‍റെ ആയുസ്സ് മാത്രം. 43ാം മിനിറ്റിൽ ബോക്സിനുള്ളിൽനിന്ന് വിൽമർ തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് ബ്ലാസ്റ്റേഴ്സ് താരം ഹോര്‍മിപാമിന്റെ കാലിൽ തട്ടി പോസ്റ്റിനുള്ളിലേക്ക്. മദീഹ് തലാലാണ് ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതിയിൽ പഞ്ചാബ് ലീഡെടുത്തു. 61ാം മിനിറ്റിൽ ക്ലോസ് റേഞ്ചിൽനിന്നുള്ള ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് വിൽമർ പഞ്ചാബിനെ മുന്നിലെത്തിച്ചു. കൗണ്ടർ ആക്രമണത്തില്‍ പന്തു പിടിച്ചെടുത്ത് മഹ്ദി എടുത്ത ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി സചിൻ സുരേഷ് തട്ടിമാറ്റിയെങ്കിലും പോസ്റ്റിനു സമീപത്തുണ്ടായിരുന്ന വിൽമർ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
സമനില ഗോളിനായി ബ്ലാസ്റ്റേഴ്സ് താരങ്ങൾ കിണഞ്ഞു ശ്രമിച്ചെങ്കിലും പഞ്ചാബ് താരങ്ങൾ പ്രതിരോധിച്ചു. 88ാം മിനിറ്റിലാണ് പെനൽറ്റിയിലൂടെ ലീഡ് ഉയർത്തിയത്. ബ്ലാസ്റ്റേഴ്സ് പോസ്റ്റിനു മുന്നിൽ പ്രതിരോധ താരം ഫ്രെഡി പന്തു കൈകൊണ്ട് തട്ടിയതോടെ റഫറി പെനല്‍റ്റി അനുവദിച്ചു. കിക്കെടുത്ത പഞ്ചാബ് നായകൻ ലൂക്ക മജ്സെൻ പന്ത് അനായാസം വലയിലാക്കി. ബോക്സിനുള്ളിൽ കേരള താരങ്ങൾ വരുത്തിയ പിഴവാണ് മൂന്നാം ഗോളിന് വഴിയൊരുക്കിയത്.
ദിമിത്രി ഡയമന്റകോസ്-ഫെദോർ ചെർണിച് എന്നിവരെ മുന്നിൽനിർത്തിയാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ടീമിനെ കളത്തിലിറക്കിയത്. അവസാന മത്സരത്തിൽ ഒഡീഷയിൽ നിന്നേറ്റ മുറിവുണക്കാൻ സ്വന്തം കാണികൾക്കു മുന്നിലിറങ്ങിയ മഞ്ഞപ്പടക്ക് മറ്റൊരു ദയനീയ തോൽവി. ശസ്ത്രക്രിയയ്ക്കു വിധേയനായ സൂപ്പർതാരം അഡ്രിയാൻ ലൂണ കളി കാണാൻ ഗാലറിയിലുണ്ടായിരുന്നു. ജയത്തോടെ പോയന്‍റ് പട്ടികയിൽ 11ാം സ്ഥാനത്തുണ്ടായിരുന്ന പഞ്ചാബ് ഒമ്പതാം സ്ഥാനത്തേക്ക് കയറി.
പഞ്ചാബിന്‍റെ മൂന്നാമത്തെ ജയം മാത്രമാണിത്. സീസണിലെ നാലാം തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് 26 പോയന്റുമായി മൂന്നാമതാണ്. 16ന് ചെന്നൈയിൻ എഫ്.സിക്കെതിരെയാണ് അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.