മോഹൻബഗാന് ജയം; പ്ലേഓഫ് കാണാതെ പഞ്ചാബ് പുറത്ത്
text_fieldsതുറന്നുകിട്ടിയ ഗോൾമുഖവും അവസരങ്ങളും ഒരിക്കലെങ്കിലും വലയിലെത്തിക്കാൻ മറന്ന പഞ്ചാബുകാർക്ക് ഐ.എസ്.എല്ലിൽ പ്ലേഓഫ് കാണാതെ മടക്കം. കരുത്തരായ മോഹൻ ബഗാനെതിരായ മത്സരത്തിൽ ഒരു ഗോൾ തോൽവി വഴങ്ങിയാണ് ടീം മടങ്ങുന്നത്.
ലീഗിലെ അവസാന മത്സരത്തിൽ ചെന്നൈയോട് ഏറ്റ അപ്രതീക്ഷിത തോൽവി മറന്ന് ഇനിയുള്ള കളികളിൽ വൻ ജയവുമായി പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനവും ലീഗ് ഷീൽഡും തങ്ങളുടെതാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കൊൽക്കത്തൻ അതികായരുടെ ഇറക്കം. ആളൊഴിഞ്ഞ ഗാലറിയെ സാക്ഷിയാക്കി പന്തുതട്ടി തുടങ്ങിയ മത്സരത്തിൽ ഒരുപടി മുന്നിൽനിന്നതും ആദ്യ ഗോളവസരം തുറന്നതും ബഗാൻതന്നെ. 16ാം മിനിറ്റിൽ സുഭാഷിഷ് പായിച്ച് ലോങ് റേഞ്ചർ അപായ ഭീഷണി സൃഷ്ടിച്ചെങ്കിലും പഞ്ചാബ് ഗോളി തട്ടിയകറ്റി. ഗോളവസരങ്ങൾ തുറക്കാൻ മറന്ന് മുന്നേറിയ പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ ബഗാൻ ജയം കുറിച്ച ഗോൾ കണ്ടെത്തി.
സുഭാഷിഷ് ബോസ് ബോക്സിന് പുറത്തുനിന്നെടുത്ത ഷോട്ട് പഞ്ചാബ് തടുത്തിട്ടത് കാലിലെടുത്ത കമിങ്സ് നേരെ പെട്രാറ്റോസിന്റെ കാലിനു പാകമായി നൽകി. പൊള്ളുന്ന നെടുനീളൻ ഷോട്ട് ഗോളിക്ക് നോക്കിനിൽക്കാനേ ആയുള്ളൂ. തൊട്ടുപിറകെ പഞ്ചാബിനായി ലുക മാജ്സെൻ ഒപ്പം പിടിച്ചെങ്കിലും ഓഫ് സൈഡ് വലയിൽ കുലുങ്ങി. ഇടവേളക്കുശേഷം ഒപ്പം പിടിക്കാൻ പറന്നുനടന്ന പഞ്ചാബിനായി തുടർച്ചയായ മിനിറ്റുകളിൽ ഗോൾമുഖം തുറന്നുകിട്ടിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. കളി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ ബഗാൻ താരം ലിസ്റ്റൺ കൊളാസോ മിഡ്ഫീൽഡിൽനിന്ന് പന്തുമായി കുതിച്ച് ഗോളിലേക്ക് പായിച്ചെങ്കിലും പഞ്ചാബ് കീപ്പർ രോഹിത് കുമാർ രക്ഷകനായി. 20 കളികൾ പൂർത്തിയാകുമ്പോൾ 44 പോയന്റുമായി മുംബൈ സിറ്റിതന്നെയാണ് ഒന്നാമത്. 42 പോയന്റുള്ള ബഗാൻ രണ്ടാമതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.