കേരളത്തിന് നിരാശ; ഐ.എസ്.എൽ ഏഴാം സീസൺ ഗോവയിൽ
text_fieldsപനാജി: ഇന്ത്യൻ സൂപ്പർ ലീഗിെൻറ ഏഴാം സീസൺ ഗോവയിൽ നടക്കും. നവംബറിലാണ് ഫുട്ബാൾ മാമാങ്കത്തിന് പന്തുരുളാൻ തുടങ്ങുക. ഫട്ടോർഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ബാംബോലിമിലെ ജി.എം.സി അത്ലറ്റിക് സ്റ്റേഡിയം, വാസ്കോയിലെ തിലക് മൈതാൻ സ്റ്റേഡിയം എന്നിവയാണ് മത്സരങ്ങൾക്ക് വേദിയാവുക. കോവിഡിെൻറ പശ്ചാത്തലത്തിൽ കാണികൾക്ക് പ്രവേശനമുണ്ടാകില്ല.
മുൻ സീസണുകളിൽ അതാത് ടീമുകളുടെ ഗ്രൗണ്ടുകളിലാണ് മത്സരങ്ങൾ നടന്നിരുന്നത്. ഇത്തവണ കോവിഡ് കാരണം ഒരൊറ്റ സംസ്ഥാനത്ത് നടത്താൻ തീരുമാനിക്കുകയായിരുന്നു. ഗോവയെ കൂടാതെ കേരളവും ഐ.എസ്.എല്ലിെൻറ അന്തിമപട്ടികയിലുണ്ടായിരുന്നു.
ആറാമത് സീസൺ അവസാനിച്ചതും ഗോവയിൽ വെച്ചായിരുന്നു. കോവിഡ് കാരണം അടച്ചിട്ട സ്റ്റേഡിയത്തിൽ മാർച്ച് 14ന് എ.ടി.കെയും ചെന്നൈയിൻ എഫ്.സിയും തമ്മിലായിരുന്നു ഫൈനൽ. 3-1ന് കൊൽക്കത്തക്കാർ കപ്പും കൊണ്ടുപോയി.
കഴിഞ്ഞ സീസൺ അവസാനിച്ചയിടത്തുനിന്ന് തന്നെ ഏഴാം സീസൺ തുടങ്ങുന്നതിൽ സന്തോഷമുണ്ടെന്ന് ഫുട്ബാൾ സ്പോർട്സ് ഡെവല്പ്മെൻറ് ലിമിറ്റഡിെൻറ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനി പറഞ്ഞു.
കോവിഡിെൻറ പശ്ചാത്തലത്തിൽ സുരക്ഷിതമായ സീസൺ നടത്താൻ ഫുട്ബാൾ സ്പോർട്സ് െഡവലപ്മെന്റ് ലിമിറ്റഡ് (എഫ്.എസ്.ഡി.എൽ), സ്പോർട്സ് അതോറിറ്റി ഓഫ് ഗോവ, ഗോവ ഫുട്ബാൾ അസോസിയേഷൻ, സംസ്ഥാന ഭരണകൂടം എന്നിവയുമായി ചേർന്ന് പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിെൻറ ഭാഗമായി ഗോവയിലെ ഗ്രൗണ്ടുകളുടെ നവീകരണം ഉടൻ തന്നെ തുടങ്ങും. ഓരോ ക്ലബുകൾക്കും വ്യത്യസ്തമായി പരിശീലനത്തിന് സൗകര്യമൊരുക്കും. അതിനായി സംസ്ഥാനത്തെ പത്ത് പരിശീലന മൈതാനങ്ങൾ കണ്ടെത്തി. ഇവ കബ്ലുകൾക്ക് കൈമാറുന്നതിന് മുമ്പ് നവീകരണം നടത്തും.
പത്ത് ടീമുകളാണ് ടൂർണമെൻറിൽ ഏറ്റുമുട്ടുക. എ.ടി.കെ മോഹൻ ബഗാൻ, ബംഗളൂരു, ചെന്നൈയിൻ, ഗോവ, ഹൈദരാബാദ്, ജംഷദ്പുർ, കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, ഒഡിഷ എന്നിവയാണ് ടീമുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.