ചെന്നൈയിൻ മിന്നും
text_fieldsചാമ്പ്യന്മാരിൽനിന്ന് അവസാന സ്ഥാനക്കാരിലേക്ക് മൂക്ക് കുത്തിവീഴാൻ ഒരു മടിയുമില്ലാത്തവരാണ് ചെന്നൈയിൻ. അതേപോലെ, എല്ലാവരെയും വിസ്മയിപ്പിച്ച് കുതിച്ചുയരാനും, കപ്പുമായി മടങ്ങാനും ശേഷിയുള്ളവർ.
രണ്ടുതവണ ചാമ്പ്യന്മാരും ഒരുവട്ടം റണ്ണേഴ്സ് അപ്പുമായി മടങ്ങിയവർ ഏറ്റവും അവസാന റാങ്കുകാരായും സീസൺ അവസാനിപ്പിച്ച ചരിത്രമുണ്ട്. കഴിഞ്ഞ സീസണിലും ചെന്നൈയിൻ ഞെട്ടിച്ചു. തുടർ തോൽവികളുമായി ലീഗ് പകുതിയിൽ അവസാന നിരയിലേക്ക് പതിച്ചവർ, കോച്ചിെൻറ മാറ്റത്തോടെ റോക്കറ്റ് വേഗതയിലാണ് തിരികെയെത്തിയത്. ചാമ്പ്യൻ കോച്ച് ജോൺ ഗ്രിഗറി േപായി, ഒാവൻ കോയൽ വന്നപ്പോൾ, ആറ് ജയങ്ങളുമായി സെമിയിൽ കടന്നാണ് ലീഗ് അവസാനിപ്പിച്ചത്.
എന്നാൽ, ആ മജീഷ്യൻ കോച്ചിനെ ഇക്കുറി നിലനിർത്താനായില്ല. മാനേജ്മെൻറുമായി ഉടക്കിയ ഒാവൻ കോയൽ ഇക്കുറി ജാംഷഡ്പൂരിലാണ്.
യുവത്വമാണ് കരുത്ത്
റുമാനിയക്കാരൻ കസാബ ലസോളോയാണ് ഇൗ സീസണിലെ പരിശീലകൻ. അദ്ദേഹത്തിന് കീഴിൽ യുവത്വത്തിെൻറ തിളക്കവുമായാണ് ചെന്നൈയിൻ ഒരുങ്ങുന്നത്. പ്രതിരോധവും മധ്യനിരയും, അറ്റാക്കിങ്ങിലുമെല്ലാം ശരാശരി 24-25 പ്രായം. വല കാക്കാൻ വിശ്വസ്തനായ കരൺജിത് സിങ് തന്നെ. പഞ്ചാബുകാരനായ കരൺജിത് 2015 മുതൽ ടീമിനൊപ്പമുണ്ട്.
എലിസാബിയ, എനസ് സിപോവിച്ച് എന്നീ വിദേശികൾക്കൊപ്പം റീഗൻ സിങ്, ലാൽചുൻമാവിയ ഫനായ് എന്നിവർ അണിനിരക്കുന്ന പ്രതിരോധം. കൂട്ടായി റിലയൻസ് ഫൗണ്ടേഷൻ കണ്ടെത്തലായ യുവതാരങ്ങൾ ആഖിബ് നവാബും ബാലാജി ഗണേഷനും.
മധ്യനിരയും അതിശക്തം. റാഫേൽ ക്രിവെല്ലറോ, മെമോ മൗറോ, ക്യാപ്റ്റൻ ഫത്കുലോ ഫത്കുലോവ് എന്നീ പരിചയ സമ്പന്നരായ വിദേശികൾക്കൊപ്പം തോയ് സിങ്, അനിരുദ്ധ് ഥാപ്പ, ലാലിയാൻസുവാല ചാങ്തെ. ഇൗ സീസണിെല ഏറ്റവും മികച്ച ക്രിയേറ്റിവ് മിഡ്ഫീൽഡുകളിൽ ഒന്നാണിതെന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല. തജികിസ്താനായി 68 മത്സരങ്ങളിൽ കുപ്പായമണിഞ്ഞ 30കാരൻ ഫത്കുലോയാണ് നായകൻ.
ഇസ്മായിൽ ഗോൺസാൽവസും ജാകുബ് സിൽവസ്റ്ററും അടങ്ങിയ മുന്നേറ്റത്തിന് പന്ത് ലക്ഷ്യത്തിെലത്തിക്കേണ്ട ചുമതല മാത്രമേയുള്ളൂ. സൂപ്പർതാരങ്ങളല്ല, ടീം ഗെയിമാണ് ഫുട്ബാൾ എന്ന് ഒരിക്കൽകൂടി അടിവരയിടാനുള്ള ടീമാണ് ചെന്നൈയിൻ ഇൗ സീസണിൽ അവതരിപ്പിക്കുന്നത്.
ചെന്നൈയിൻ എഫ്.സി
കോച്ച്: കസാബ ലസോളോ
െഎ.എസ്.എൽ ബെസ്റ്റ്: ചാമ്പ്യന്മാർ: 2015, 2017-18.
സ്ക്വാഡ് ശരാശരി: 25.29 വയസ്സ്
ഗോൾകീപ്പർ: കരൺജിത് സിങ്, രേവന്ത് ബൈ, സമിക് മിത്ര, വിശാൽ കെയ്ത്.
പ്രതിരോധം: ആഖിബ് നവാബ്, ബാലാജി ഗണേഷൻ, ദീപക് താങ്ക്റി, എലി സാബിയ (ബ്രസീൽ), എനസ് സിപോവിച് (ബോസ്നിയ), ജെറി ലാൽറിൻസുവാല, റീഗൻ സിങ്, ലാൽചുവാൻമാവിയ ഫനായ്, റെമി.
മധ്യനിര: അഭിജിത് സർകാർ, അനിരുദ്ധ് ഥാപ്പ, ധനപാൽ ഗണേഷ്, എഡ്വിൻ വൻപോൾ, മെമോ മൗറ (ബ്രസീൽ), ഫത്കുലോ ഫത്കുലോവ് (തജികിസ്താൻ), ജർമൻപ്രീത് സിങ്, തോയ് സിങ്, ലാലിയാൻസുവാല ചാങ്തെ, പാണ്ഡ്യൻ ശ്രീനിവാസൻ, റാഫേൽ ക്രിവെല്ലറോ (ബ്രസീൽ).
ഫോർവേഡ്: അമൻ ഛേത്രി, ഇസ്മയിൽ ഗോൺസാൽവസ് (ഗിനിയ), ജാകുബ് സിൽവസ്റ്റർ (സ്ലൊവാക്യ), റഹിം അലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.