ഐ.എസ്.എൽ ഫോട്ടോ ഫിനിഷിലേക്ക്
text_fieldsബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത് എഡിഷനിലെ ഷീൽഡിനായി ഇഞ്ചോടിഞ്ച് പോരാട്ടം. ഏതാനും മത്സരങ്ങൾ ശേഷിക്കെ ആദ്യ അഞ്ചു സ്ഥാനക്കാരിൽ ആർക്കും ഷീൽഡ് ജേതാക്കളാകാനുള്ള സാധ്യതയാണ് തെളിയുന്നത്. 35 വീതം പോയന്റുമായി പ്ലേഓഫ് ഉറപ്പിച്ച ഒഡിഷ എഫ്.സിയും മുംബൈ സിറ്റി എഫ്.സിയുമാണ് പോയന്റ് പട്ടികയിൽ മുന്നിലെങ്കിലും മൂന്നാമതുള്ള മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനാണ് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്. പ്രതീക്ഷ കൈവിടാതെ എഫ്.സി ഗോവയും കേരള ബ്ലാസ്റ്റേഴ്സും ഫൈനൽ ലാപ്പിലുണ്ട്.
അതേസമയം, പ്ലേഓഫിലെ ആറാം സ്ഥാനത്തിനായി ആറു ടീമുകൾ ഒപ്പത്തിനൊപ്പം നീങ്ങുന്നു എന്നതും കൗതുകകരമാണ്. ബ്ലാസ്റ്റേഴ്സിനെതിരായ ജയത്തോടെ പ്ലേഓഫ് പ്രതീക്ഷ നിലനിർത്തിയ ബംഗളൂരു എഫ്.സിക്കു പുറമെ, ജാംഷഡ്പുർ എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സി, ഈസ്റ്റ് ബംഗാൾ എഫ്.സി, ചെന്നൈയിൻ എഫ്.സി, പഞ്ചാബ് എഫ്.സി എന്നിവയാണ് അവസാന ആറിൽ കണ്ണുവെക്കുന്നത്.
മുൻ സീസണുകളിലെപ്പോലെ ഏകപക്ഷീയമായ മുന്നേറ്റങ്ങളില്ലാതെ ഐ.എസ്.എൽ ക്ലബുകൾ കൂടുതൽ മത്സരക്ഷമത തെളിയിക്കുന്നു എന്നതാണ് പത്താമത് എഡിഷന്റെ പ്രത്യേകത. ഓരോ ടീമിനും ചുരുങ്ങിയത് നാലു മത്സരങ്ങളെങ്കിലും ശേഷിക്കെ, ആറു പോയന്റ് മാത്രമാണ് ആദ്യ അഞ്ചു സ്ഥാനക്കാർക്കിടയിലെ പരമാവധി വ്യത്യാസം. ശേഷിക്കുന്ന ആറു ടീമുകൾക്കിടയിലെ പരമാവധി വ്യത്യാസമാകട്ടെ, നാലു പോയന്റും.
ഗോവക്ക് ജയം
മഡ്ഗാവ്: ഐ.എസ്.എൽ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച് എഫ്.സി ഗോവ. 42ാം മിനിറ്റിൽ നോഹ സദോയിയാണ് ആതിഥേയർക്കായി വലകുലുക്കിയത്. 17 മത്സരങ്ങളിൽ 32 പോയന്റുമായി ഗോവ നാലാം സ്ഥാനത്ത് തുടരുന്നു. 18 പോയന്റുള്ള ഈസ്റ്റ് ബംഗാൾ ഒമ്പതാമതാണ്.
അവസാന ആറിലേക്ക് ആറു ടീം
18 മത്സരങ്ങൾ വീതം പൂർത്തിയാക്കി ബംഗളൂരുവിന് 21ഉം ജാംഷഡ്പുരിന് 20ഉം പോയന്റാണുള്ളത്. എന്നാൽ, 17 മത്സരം കളിച്ച നോർത്ത് ഈസ്റ്റിന് 20 പോയന്റുണ്ട്. 17 മത്സരങ്ങളിൽനിന്ന് ഈസ്റ്റ് ബംഗാളിനും ചെന്നൈയിനും 18 വീതം പോയന്റും പഞ്ചാബിന് 17 പോയന്റുമുണ്ട്. തുടർ മത്സരങ്ങളിൽ എല്ലാം ജയിച്ചാൽ നോർത്ത് ഈസ്റ്റിന് നോക്കൗട്ട് ഉറപ്പിക്കാം.
മറ്റെല്ലാ ടീമുകളും ബാക്കി മത്സരങ്ങൾ ജയിച്ചാലും നോക്കൗട്ടിലെത്താൻ മറ്റു ടീമുകളുടെ പോയന്റ് നഷ്ടംകൂടി പരിഗണിക്കേണ്ടിവരും. 18 കളിയിൽനിന്ന് ഒരു ജയംപോലുമില്ലാത്ത മുൻ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സി മാത്രമാണ് എല്ലാ പ്രതീക്ഷയും അസ്തമിച്ച ഏക ടീം. സമനിലയിലൂടെ ലഭിച്ച അഞ്ചു പോയന്റ് മാത്രമാണ് ഹൈദരാബാദിന്റെ സമ്പാദ്യം.
ഷീൽഡ് സാധ്യത ഇങ്ങനെ
ഒഡിഷ എഫ്.സി
- പോയന്റ്- 35
- കളിച്ച മത്സരങ്ങൾ- 18
- ശേഷിക്കുന്ന മത്സരങ്ങൾ- 4
- എല്ലാ മത്സരങ്ങളും ജയിച്ചാലും ഒഡിഷക്ക് ഷീൽഡ് ഉറപ്പിക്കാനാവില്ല. ഒപ്പമുള്ള മുംബൈയും രണ്ടു പോയന്റ് പിറകിലുള്ള മോഹൻ ബഗാനും ഒഡിഷയെക്കാൾ കുറവ് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. തുടർമത്സരങ്ങളിൽ മോഹൻ ബഗാന് അഞ്ചും മുംബൈക്ക് നാലും പോയന്റ് നഷ്ടമാകണം. ഗോവ ഒരു മത്സരത്തിൽ തോൽക്കുകയും വേണം.
മുംബൈ സിറ്റി
- പോയന്റ് - 35
- കളിച്ച മത്സരങ്ങൾ- 17
- ശേഷിക്കുന്ന മത്സരങ്ങൾ- 5
- എല്ലാ മത്സരങ്ങളും ജയിച്ചാൽ മുംബൈക്ക് ഷീൽഡ് ഉറപ്പിക്കാം. ഒരു സമനിലയും മോഹൻ ബഗാനെതിരെയടക്കം നാലു ജയവും നേടിയാലും മുംബൈ പട്ടികയിൽ ഒന്നാമതാവും.
- ബഗാനെതിരെ സമനിലയാണ് ഫലമെങ്കിൽ മറ്റു മത്സരങ്ങളിൽ ബഗാന് പോയന്റ് നഷ്ടമായാലേ മുംബൈക്ക് സാധ്യതയുള്ളൂ.
മോഹൻ ബഗാൻ
- പോയന്റ് - 33
- കളിച്ച മത്സരങ്ങൾ- 16
- ശേഷിക്കുന്ന മത്സരങ്ങൾ- 6
- പ്ലേഓഫ് ഉറപ്പിക്കാൻ ബഗാന് വേണ്ടത് ഒരു പോയന്റ്. എല്ലാ മത്സരങ്ങളും ജയിച്ചാൽ 51 പോയന്റുമായി ഷീൽഡ് പിടിക്കാം.
- അഞ്ചു മത്സരങ്ങൾ ജയിക്കുകയും അവസാന മത്സരത്തിൽ മുംബൈക്കെതിരെ സമനില പിടിക്കുകയും ചെയ്താലും ബഗാൻ മുന്നിലെത്തും.
എഫ്.സി ഗോവ
- പോയന്റ് - 32
- കളിച്ച മത്സരങ്ങൾ- 17
- ശേഷിക്കുന്ന മത്സരങ്ങൾ- 5
- പ്ലേഓഫ് ഉറപ്പിക്കാൻ രണ്ടു പോയന്റ് വേണം. എല്ലാ മത്സരങ്ങളും ജയിക്കുന്നതിനു പുറമെ, ബഗാനും മുംബൈയും നാലു പോയന്റുകൾ നഷ്ടപ്പെടുത്തുകകൂടി ചെയ്താലേ ഗോവക്ക് ഷീൽഡ് നേടാനാവൂ. ഇനിയുള്ള മത്സരങ്ങളെല്ലാം പോയന്റ് പട്ടികയിൽ തങ്ങളെക്കാൾ പിന്നിലുള്ളവരോടാണ് എന്നതാണ് ഗോവയുടെ പ്രതീക്ഷ.
കേരള ബ്ലാസ്റ്റേഴ്സ്
- പോയന്റ് -29
- കളിച്ച മത്സരങ്ങൾ -17
- ശേഷിക്കുന്ന മത്സരങ്ങൾ -5
- അഞ്ചു പോയന്റ് നേടിയാൽ നോക്കൗട്ട് ഉറപ്പിക്കാം. കഴിഞ്ഞ അഞ്ചു മത്സരത്തിനിടെ നാലു തോൽവി പിണഞ്ഞത് ബ്ലാസ്റ്റേഴ്സിന്റെ ഷീൽഡ് സാധ്യതകൾക്ക് മങ്ങലേൽപിച്ചു. ബാക്കിയുള്ള മത്സരങ്ങൾ ജയിക്കുകയും മുംബൈ ആറും ബഗാൻ നാലും ഒഡിഷ എഫ്.സി നാലും ഗോവ മൂന്നും പോയന്റ് നഷ്ടപ്പെടുത്തുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.