'ഇത് വളരെ സങ്കടകരമായ നിമിഷമാണ്, ഇനിയെല്ലാം ദൈവത്തിന്റെ കരങ്ങളിലേൽപ്പിക്കുന്നു'; വികാരാധീനനായി നെയ്മർ
text_fieldsസാവോപോളോ: ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരങ്ങളിൽ ഒരാളാണ് ബ്രസീൽ സൂപ്പർതാരം നെയ്മർ ജൂനിയർ. പരിക്കിൽ നിന്ന് പരിക്കിലേക്കുള്ള അതി കഠിനമായ താരത്തിന്റെ പ്രയാണം ആരാധകർക്കെന്നല്ല കണ്ടുനിൽക്കുന്ന ആരുടെയും ഉള്ളുലക്കുന്നതാണ്.
പരിക്കും സർജറിയുമായി കരിയറിന്റെ നല്ലകാലം കഴിയാനാണ് അദ്ദേഹത്തിന്റെ വിധി. ഫിറ്റ്നസ് വീണ്ടെടുക്കുമ്പോഴെല്ലാം തകർപ്പൻ പ്രകടനവുമായ കളത്തിൽ മിന്നും പ്രകടനം നടത്തുന്ന നെയ്മർ എന്നും ഫുട്ബാൾ ലോകത്തിന്റെ പ്രതീക്ഷയാണ്.
പരിക്കിൽ നിന്ന് മുക്തനായി നാല് മാസമേ ആയുള്ളൂ കളത്തിലെത്തിയിട്ട്. ലോകറെക്കോർഡ് തുകക്ക് പി.എസ്.ജിയിൽ നിന്ന് സൗദി ക്ലബായ അൽഹിലാൽ നെയ്മറിനെ സ്വന്തമാക്കിയെങ്കിലും വിരലിൽ എണ്ണാവുന്ന മത്സരങ്ങൾ പോലും താരത്തിന് ക്ലബിന് വേണ്ടി കളിക്കാനായില്ല. ഒടുവിലിതാ ഒരു സീസൺ മുഴുവൻ നഷ്ടപ്പെടുന്നു.
ലോകകപ്പ് യോഗ്യത റൗണ്ടിൽ ഉറുഗ്വെക്കെതിരായ മത്സരത്തിലേറ്റ പരിക്ക് അതി ഗുരുതരമെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ഇടതുകാൽമുട്ടിലെ എ.സി.എൽ ലിഗ്മന്റെും മെനിസ്കസും പൊട്ടിയിരിക്കുന്നു. എട്ടുമാസത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് ബ്രസീൽ ഫുട്ബാൾ ഫെഡറേഷൻ വ്യക്തമാക്കുന്നത്.
പരിക്കിനെ തുടർന്ന് കണ്ണീരോടെ കളം വിട്ട സൂപ്പർ താരം വികാരാധീനനായി തന്റെ അവസ്ഥ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു.
"ഇത് വളരെ മോശപ്പെട്ടതും സങ്കടകരവുമായ നിമിഷമാണ്. എനിക്കറിയാം, ഞാൻ ശക്തനാണെന്ന്, പക്ഷേ ഈ സമയത്ത് എനിക്ക് എന്റെ സുഹൃത്തുക്കളെ (കുടുംബവും സുഹൃത്തുക്കളും) കൂടിയേ തീരു. പരിക്കിലൂടെയും ശസ്ത്രക്രിയയിലൂടെയും കടന്നുപോകുന്നത് എളുപ്പമല്ല, സുഖം പ്രാപിച്ച ശേഷം നാല് മാസം കഴിഞ്ഞ് എല്ലാം വീണ്ടും സംഭവിക്കുന്നത് സങ്കൽപ്പിക്കുക. എനിക്ക് വളരെയധികം വിശ്വാസമുണ്ട്..., എന്നെ ദൈവത്തിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു. പിന്തുണയുടെയും സ്നേഹ സന്ദേശങ്ങൾക്കും നന്ദി."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.