മയാമിയിൽ ഞാൻ സന്തുഷ്ടൻ, ഇത് കുടുംബവുമൊത്ത് താമസിക്കാൻ തെരഞ്ഞെടുത്ത ഇടം -മെസ്സി
text_fieldsമയാമി: പുതിയ ക്ലബിൽ സ്വപ്നതുല്യമായൊരു അരങ്ങേറ്റം. അവസാന മിനിറ്റിലെ അതിമനോഹരമായ ഫ്രീകിക്ക് ഗോളിൽ ഇന്റർമയാമിയെ വിജയത്തിലെത്തിലെത്തിച്ച് അമേരിക്കയിൽ ലയണൽ മെസ്സി തകർപ്പൻ തുടക്കമിട്ടിരിക്കുന്നു. ഡേവിഡ് ബെക്കാമും കുടുംബവും, സെറീന വില്യംസ്, ലെബ്രോൺ ജെയിംസ്, കിം കർദാഷിയാൻ, സെർജിയോ അഗ്യൂറോ തുടങ്ങിയ പ്രഗല്ഭരെ ഗാലറിയിൽ സാക്ഷി നിർത്തിയാണ് മെസ്സി മാജിക് മൈതാനത്ത് നിറഞ്ഞുകത്തിയത്.
ക്രുസ് അസുലിനെതിരെ 1-2ന് ജയിച്ചുകയറിയ മത്സരം മയാമിക്ക് നൽകുന്ന ആവേശം ചില്ലറയല്ല. മേജർ ലീഗ് സോക്കറിൽ കഴിഞ്ഞ 11 മത്സരങ്ങളിൽ ഒരു ജയം പോലും എത്തിപ്പിടിക്കാനാവാതെ പോയ ടീമാണ് ഇതിഹാസതാരത്തിന്റെ പിൻബലത്തിൽ വിജയത്തിലേക്ക് കയറിയെത്തിയത്. ‘ഞങ്ങളെ സംബന്ധിച്ചിടത്തോളം നല്ല മത്സരമായിരുന്നു ഇത്. ഞങ്ങളുടെ കാണികൾക്ക് വിജയം സമ്മാനിച്ച് ഇതുപോലെ തുടങ്ങണമെന്ന് ടീം ആഗ്രഹിച്ചിരുന്നു. എല്ലാവരോടും നന്ദി പറയുന്നു. ഈ മത്സരം ജയിച്ച് തുടക്കമിടുകയെന്നത് പ്രധാനമായിരുന്നു. ഇപ്പോൾ ഞങ്ങൾ വളരെ സന്തോഷവാന്മാരാണ്’ -മത്സരശേഷം ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മെസ്സി പറഞ്ഞു.
‘മത്സരത്തിന്റെ അവസാന മിനിറ്റിൽ ആ അവസരം കിട്ടിയപ്പോൾ എപ്പോഴുമെന്നപോലെ ഞാൻ ശ്രമിച്ചുവെന്നുമാത്രം. ഭാഗ്യത്തിന് അത് വലയിലെത്തി. ഗോൾകീപ്പർക്ക് അത് എത്തിപ്പിടിക്കാനാകാതെ പോയപ്പോൾ ഏറെ സന്തോഷം തോന്നി. ആത്മവിശ്വാസമാർജിക്കാൻ ഇതുപോലെ തുടങ്ങേണ്ടത് ആവശ്യമായിരുന്നു.
മയാമിയിലെത്തിയതിൽ ഞാൻ ഏറെ സന്തുഷ്ടനാണ്. കുടുംബവുമൊത്ത് താമസിക്കാൻ ഞാൻ തെരഞ്ഞെടുത്ത ഇടമാണിത്. എല്ലാവരോടും ഒരിക്കൽകൂടി നന്ദി പറയുന്നു. ഈ വർഷത്തിലുടനീളം അവർ ഞങ്ങൾക്കൊപ്പം തുടർന്നും ഉണ്ടാകുമെന്നും കരുതുന്നു.’
മത്സരവിജയം കളിക്കിടെ പരിക്കേറ്റ് പിന്മാറേണ്ടി വന്ന സഹതാരം ഇയാൻ ഫ്രേയ്ക്ക് സമ്മാനിക്കുകയാണ് മെസ്സി. ‘ഈ വിജയം ഇയാന് സമർപ്പിക്കുന്നു. വളരെ ചെറുപ്പമാണവൻ. രണ്ട് ഗുരുതര പരിക്കുകൾ ഇതിനകം അവന് സംഭവിച്ചിട്ടുണ്ട്. എത്രയും വേഗം അവൻ കളത്തിൽ തിരിച്ചെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ -മെസ്സി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.