ഇറ്റാലിയൻ ഫുട്ബാൾ ഇതിഹാസം ജിജി റിവ അന്തരിച്ചു; വിടപറഞ്ഞത് അസൂറികളുടെ ഏറ്റവും വലിയ ഗോൾവേട്ടക്കാരൻ
text_fieldsസാർഡീനിയ: ഇറ്റലിയുടെ ഏറ്റവും വലിയ ഗോൾവേട്ടക്കാരൻ ജിജി റിവ എന്ന ലൂയിജി ജിജി റിവ അന്തരിച്ചു. 79 വയസ്സായിരുന്നു. ഞായറാഴ്ച വീട്ടില്‍ കുഴഞ്ഞുവീണ റിവ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ആന്‍ജിയോപ്ലാസ്റ്റി ചെയ്യാനിരിക്കെയാണ് മരണം.
ബുള്ളറ്റ് ഷോട്ടുകളിലൂടെ ആരാധക മനസ്സിൽ ഇടം നേടിയ റിവയെ ‘ഇടിമുഴക്കം’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇറ്റലിക്ക് വേണ്ടി 42 മത്സരങ്ങളില്‍ 35 ഗോളാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. 1968ല്‍ ഇറ്റലി യൂറോപ്യന്‍ ചാമ്പ്യന്മാരായപ്പോഴും 1970ലെ മെക്‌സിക്കോ ലോകകപ്പ് ഫൈനലില്‍ ബ്രസീലിനോട് തോറ്റപ്പോഴും ടീമിൽ റിവയുടെ നിർണായക സാന്നിധ്യമുണ്ടായിരുന്നു.
സാർഡീനിയയിലെ കാഗ്‌ലിയാരി ക്ലബിലാണ് കൂടുതൽ കാലം റിവ ചെലവിട്ടത്. കൗമാര പ്രായത്തിൽ ക്ലബില്‍ ചേര്‍ന്ന അദ്ദേഹം വൻ ഓഫറുകള്‍ ലഭിച്ചിട്ടും മറ്റു ക്ലബുകളിലേക്ക് ചേക്കേറിയില്ല. 1970ല്‍ കാഗ്‌ലിയാരി ആദ്യമായും അവസാനമായും ഇറ്റാലിയന്‍ ലീഗ് കിരീടം നേടുമ്പോൾ ടീമിന്റെ നെടുന്തൂൺ റിവയായിരുന്നു. ക്ലബിന് വേണ്ടി 374 കളികളില്‍ 205 ഗോളടിച്ചു. 1986-87ല്‍ ക്ലബിന്റെ പ്രസിഡന്റ് സ്ഥാനത്തെത്തിയ റിവ പിന്നീട് ഓണററി പ്രസിഡന്റായി തുടര്‍ന്നു. 1990 മുതല്‍ 2013 വരെ ഇറ്റലിയുടെ മാനേജരായും പ്രവര്‍ത്തിച്ചു. 2006ല്‍ ഇറ്റലി നാലാം തവണ ലോക ചാമ്പ്യന്മാരായത് ഇക്കാലത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.