മൂന്നിൽ മൂന്നും ജയിച്ച് അസൂറിപ്പട; തോറ്റെങ്കിലും വെയിൽസ് പ്രീക്വാർട്ടറിലേക്ക്
text_fieldsറോം: വെയ്ൽസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച് അസൂറിപ്പടയുടെ മുന്നേറ്റം. ഗ്രൂപ് എയിലെ അവസാന മത്സരത്തിൽ പ്രതിരോധം കനപ്പിച്ചാണ് ഇറ്റലിയുടെ കുതിപ്പ്. നേരത്തെ തന്നെ പ്രീക്വാർട്ടർ ഉറപ്പിച്ച അസൂറിപ്പടക്ക് ഇതോടെ രാജകീയ മുന്നേറ്റമായി. ഗ്രൂപിൽ ഇറ്റലിയുടെ തുടർച്ചയായ മൂന്നാം ജയമാണിത്. കളികൈവിട്ടെങ്കിലും രണ്ടാം സ്ഥാനക്കാരായി വെയ്ൽസും പ്രീക്വാർട്ടർ പ്രവേശിച്ചു. മാറ്റിയോ പെസിനയാണ്(39) ഇറ്റലിയുടെ വിജയ ഗോൾ നേടിയത്.
ടീമിനെ അടിമുടി മാറ്റിയായിരുന്നു ഇറ്റാലിയൻ കോച്ച് റോബർടോ മാൻചീനി ആദ്യ ഇലവനെ ഒരുക്കിയത്. അവസാനം സ്വിറ്റ്സർലൻഡിനെതിരെ കളിച്ച ടീമിൽ നിന്നും നിലനിർത്തിയത് മൂന്ന് പേരെ മാത്രം. ഗോളി ഡോണറുമ്മ, ക്യാപ്റ്റനായി ബൊനൂചി, മധ്യനിരയിൽ ജോർജീനിയോ. ഫെഡറികോ കിയേസ, ആന്ദ്രെ ബെല്ലോട്ടി, ഫെഡറികോ ബെർണാഡസ്കി എന്നിവരാണ് മുന്നേറ്റത്തിൽ കളിച്ചത്. ബെയ്ലും റാംസിയും നിയന്ത്രിച്ച വെയ്ൽസ് പടക്കെതിരെ ആദ്യ മിനിറ്റുകളിൽ ഇറ്റലിക്ക് വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. 23ാം മിനിറ്റിൽ ബെല്ലോട്ടിയുടെ േക്രാസ് വെയിൽസ് പോസ്റ്റിൽ ഭീഷണിമുഴക്കി കടന്നുപോയാതായിരുന്നു വലിയ മുന്നേറ്റം.
മധ്യനിരയിൽ പന്തു നിയന്ത്രിച്ച് അസൂറിപ്പടയെ വെല്ലുന്ന മുന്നേറ്റം വെയ്ൽസും നടത്തി. എന്നാൽ, 39ാം മിനിറ്റിൽ ഇറ്റലി മുന്നിലെത്തി. മാർകോ വെറാട്ടി എടുത്ത താഴ്ന്നു നീങ്ങിയ ഫ്രീകിക്ക് വഴിതിരിച്ചുവിട്ട് വലതു വിങ്ങർ മാറ്റിയോ പെസിനയാണ് ഗോൾ നേടിയത്. വെയ്ൽസ് ഗോൾ കീപ്പർ ഡാനി വാർഡ് ചാടിനോക്കിയെങ്കിലും രക്ഷപ്പെടുത്താനായില്ല.
രണ്ടാം പകുതി തിരിച്ചുവരാൻ ഇറങ്ങിയ വെയ്ൽസിന് തിരിച്ചടിയായി പ്രതിരോധ താരം എഥാൻ അംപാഡുവിന് ചുവപ്പ് കാർഡ് ലഭിച്ചു. ഇതോടെ ആളെണ്ണം കുറഞ്ഞ എതിരാളികൾക്കു നേരെ ഇറ്റലി ഇരമ്പിയാർത്തു. പല അവസരങ്ങൾ എത്തിയെങ്കിലും ഇറ്റലിക്ക് ലീഡ് വർധിപ്പിക്കാനായില്ല. പത്തുപേരായി ചുരുങ്ങിയ വെയൽസിന് ഇറ്റാലിയൻ പ്രതിരോധത്തിന് മുന്നിൽ ഒടുവിൽ തോൽവി സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.