ഇറ്റാലിയൻ ഫുട്ബാൾ ഇതിഹാസം സാൽവതോർ ഷില്ലാച്ചി അന്തരിച്ചു; 1990 ലോകകപ്പിലെ ഹീറോ
text_fieldsമിലാൻ: ഇറ്റാലിയൻ ഫുട്ബാൾ ഇതിഹാസം സാൽവതോർ ഷില്ലാച്ചി (59) അന്തരിച്ചു. ‘ടോട്ടോ’ എന്ന വിളിപ്പേരുള്ള ഷില്ലാച്ചി അർബുദ ബാധിതനായി മിലാനിലെ പലെർമോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങുന്നത്.
1990 ഫുട്ബാൾ ലോകകപ്പിലൂടെയാണ് താരം ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. ആ ലോകകപ്പിൽ ആറു ഗോളുകൾ നേടി ടോപ് സ്കോററായി, മികച്ച താരത്തിനുള്ള ഗോൾഡന്‍ ബൂട്ടും കരസ്ഥമാക്കി. ഇറ്റലിയെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതിലും താരം നിർണായക പങ്കുവഹിച്ചു. അർജന്‍റൈൻ ഇതിഹാസം ഡീഗോ മറഡോണ, ജർമനിയുടെ ലോതർ മത്തേയസ് എന്നിവരെ മറികടന്നാണ് ഷില്ലാച്ചി മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇറ്റലിയിലെ ലോവർ ഡിവിഷൻ ലീഗുകളിൽ കളിച്ചാണു കരിയർ തുടങ്ങുന്നത്. 1988-89ലെ ഇറ്റാലിയൻ സീരി ബിയിൽ ടോപ് സ്കോററായതോടെയാണു താരത്തിന്റെ കരിയറിൽ വഴിത്തിരിവുണ്ടാകുന്നത്. യുവെന്റസിൽ ചേർന്ന താരം 1989-90 സീസണിൽ കോപ്പ ഇറ്റാലിയയും യുവേഫ കപ്പും വിജയിച്ചു. 1990ലെ ലോകകപ്പിൽ ഇറ്റലിക്കു വേണ്ടി പകരക്കാരനായാണ് ആദ്യം കളിക്കാനിറങ്ങിയത്.
സെമി ഫൈനലിൽ അർജന്റീനക്കെതിരെയും മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെയും താരം ഗോൾ നേടിയിരുന്നു. 1994ൽ ഇന്റർ മിലാനിൽ ചേർന്ന താരം ക്ലബിനൊപ്പവും യുവേഫ കിരീടം സ്വന്തമാക്കി. ജപ്പാനിലെ ജെ ലീഗിൽ 1997ൽ ജുബിലോ ഇവാറ്റയുടെ താരമായ ഷില്ലാച്ചി ടീമിനെ ലീഗ് ചാമ്പ്യന്മാരാക്കി.
1999ലാണ് പ്രഫഷനൽ ഫുട്ബാളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. 2022ലാണ് താരത്തിന് അർബുദം സ്ഥിരീകരിക്കുന്നത്. രോഗം മുർച്ഛിച്ചതിനെ തുടർന്ന് സെപ്റ്റംബറിലാണ് ഷില്ലാച്ചിയെ പലെർമോ സിവികോ അശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള ഇറ്റലിക്കാരുടെയും കായിക പ്രേമികളുടെയും ഹൃദയത്തിൽ കുടിയേറിയ ഒരു ഫുട്ബാൾ ഇതിഹാസം നമ്മെ വിട്ടുപോയെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി എക്സിൽ പോസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.