വെംബ്ലിയിൽ ഇറ്റലിയും സ്പെയിനും നേർക്കുനേർ; യൂറോ ആദ്യ സെമി ഇന്ന്, കണക്കുകൂട്ടലുകൾ ഇങ്ങനെ
text_fieldsലണ്ടൻ: യൂറോപ്പിലെ കാൽപന്ത് രാജാക്കന്മാരെ കണ്ടെത്തുന്നതിനുള്ള യൂറോ കപ്പ് അവസാന നാല് പോരാട്ടത്തിലേക്കെത്തുേമ്പാൾ ശേഷിക്കുന്നത് മൂന്നേ മൂന്ന് കളികൾ. 24 ടീമുകളുടെ കൂട്ടം നാലു സംഘങ്ങളിലേക്ക് ചുരുങ്ങിയപ്പോൾ ഇനി അങ്കത്തട്ടിൽ ഇറ്റലി, സ്പെയിൻ, ഇംഗ്ലണ്ട്, ഡെന്മാർക് ടീമുകൾ മാത്രം. ഇതിൽ ഇറ്റലിയും സ്പെയിനും തമ്മിലാണ് ചൊവ്വാഴ്ച രാത്രി 12.30ന് വെംബ്ലി സ്റ്റേഡിയത്തിൽ കൊമ്പുകോർക്കുക. രണ്ടാം സെമിയിൽ ബുധനാഴ്ച രാത്രി 12.30ന് ഇംഗ്ലണ്ടും ഡെന്മാർകും ഏറ്റുമുട്ടും.
അജയ്യരായി മൻസീനിയുടെ ഇറ്റലി
തുടർച്ചയായ 13 അന്താരാഷ്ട്ര മത്സരങ്ങൾ ജയിച്ചാണ് റോബർട്ടോ മൻസീനിയുടെ ഇറ്റലി വരുന്നത്. കഴിഞ്ഞ 32 മത്സരങ്ങളിൽ തോൽവിയറിഞ്ഞിട്ടുമില്ല. 1935-39 കാലത്തെ ഇതിഹാസ കോച്ച് വിട്ടോറിയോ പോസോയുടെ ടീമിൻെറ 31 മത്സരങ്ങളിലെ അപരാജിത കുതിപ്പ് തകർത്തുകഴിഞ്ഞ ഇപ്പോഴത്തെ സംഘത്തിനുമുന്നിൽ ഇനി ബ്രസീലും സ്പെയിനും (35) മാത്രമേയുള്ളൂ.പതിവ് ഇറ്റാലിയൻ സംഘത്തിൽനിന്ന് വ്യത്യസ്തമായതാണ് മൻസീനിയുടെ ഇറ്റലി.
പ്രതിരോധം പതിവുപോലെ കെട്ടുറപ്പുള്ളതാണെങ്കിലും സ്വതസിദ്ധമായ പ്രതിരോധാത്മക ശൈലിയിലല്ല ടീമിൻെറ കളി. എതിർടീമുകളെ പ്രതിരോധക്കോട്ട കെട്ടിപ്പടുത്ത് തടഞ്ഞ് തരംകിട്ടുേമ്പാൾ ആക്രമിച്ചുകയറുന്നതിനു പകരം പാസിങ് ഗെയിം കളിച്ചുതന്നെ എതിർപാളയത്തിലേക്ക് പട നയിക്കുന്ന ശൈലിയാണ് മൻസീനി പിന്തുടരുന്നത്. മനോഹരമായ കളി കെട്ടഴിക്കുന്ന ബെൽജിയത്തിനെതിരെ ഈ തന്ത്രമാണ് ഇറ്റലി പുറത്തെടുത്തത്. ബെൽജിയത്തിൻെറ സ്വാഭാവിക കളി അനുവദിക്കാതിരിക്കുക മാത്രമല്ല, എതിർ ഗോൾമുഖത്തേക്ക് നിരന്തരം ആക്രമിച്ചുകയറുക കൂടി ചെയ്താണ് ഇറ്റലി ജയം പിടിച്ചെടുത്തത്.
സൂപ്പർതാരങ്ങളില്ലെങ്കിലും മധ്യനിരയിൽ അതിനുപറ്റിയ കളിക്കാരും ടീമിനുണ്ട്. ജോർജീന്യോയും മാർകോ വെറാറ്റിയും നികോളോ ബരേല്ലയും മികച്ച പാസിങ് ഗെയിം കളിക്കുന്നവരാണ്. ഫെഡറികോ കിയേസ ആദ്യ ഇലവനിൽ എത്തിയേതാടെ ചീറോ ഇമ്മൊബിലെയും ലോറൻസോ ഇൻസീന്യേയും കൂടിയടങ്ങിയ മുൻനിരക്ക് കൂടുതൽ ചടുലത കൈവന്നിരിക്കുന്നു. പരിചയസമ്പന്നരായ ജോർജിയോ കെല്ലീനിയും ലിയനാർഡോ ബൊനുചിയും അതിരിടുന്ന പ്രതിരോധവും അതിനുപിന്നിൽ ജിയാൻലുയജി ഡോണറുമ്മയെന്ന വന്മതിലുമാണ് ടീമിൻെറ കരുത്ത്. എന്നാൽ, ഇടത് വിങ്ങിൽ പറന്നുകളിക്കുന്ന ലിയനാർഡോ സ്പിനസോളയുടെ അഭാവം ടീമിന് തിരിച്ചടിയാവും. കഴിഞ്ഞ കളിയിൽ പരിക്കേറ്റ സ്പിനസോളക്ക് ആറു മാസത്തോളം പുറത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. പകരം എമേഴ്സൺ പാൽമിയേറി ഇറങ്ങും. വലത് വിങ്ങിൽ ഫോം മങ്ങിയ ജിയോവാനി ഡിലോറൻസോക്ക് പകരം അലസാന്ദ്രോ ഫ്ലോറൻസിയെ ഇറക്കാനും സാധ്യതയുണ്ട്.
മുഖാമുഖ മുൻതൂക്കം
-അവസാനം ഏറ്റുമുട്ടിയ 14 കളികളിൽ അഞ്ച് ജയവുമായി സ്പെയിനാണ് മുന്നിൽ. ഇറ്റലിക്ക് രണ്ടു ജയം മാത്രം. ഏഴു സമനി
-ലോകകപ്പിലും യൂറോ കപ്പിലുമായി ഒമ്പതു തവണ ഏറ്റുമുട്ടിയപ്പോൾ ഇറ്റലിക്ക് നാലു ജയം. സ്പെയിനിന് ഒരു ജയം മാത്രം. നാലു സമനില.
-യൂറോയിൽ ഇരുസംഘങ്ങളും കൊമ്പുകോർക്കുന്നത് ഏഴാം തവണ. അവസാന മൂന്നു യൂറോയിലും ഇറ്റലിയും സ്പെയിനും നോക്കൗട്ട് റൗണ്ടിൽ ഏറ്റുമുട്ടി. 2008ലും 2012ലും സ്പെയിൻ ജയിച്ചപ്പോൾ 2016ൽ ഇറ്റലി ജയിച്ചു.
പാസ് മാസ്റ്റേഴ്സ് സ്പെയിൻ
ഈ സ്പെയിൻ സ്ട്രെയ്റ്റ് ഫോർവേഡാണ്. ഫോമിലായിരിക്കുേമ്പാൾ കണ്ണിന് വിരുന്നൊരുക്കുന്ന ഫുട്ബാൾ കാഴ്ചവെക്കും. തമാശക്കെന്നവണ്ണം ഗോളുകളടിച്ചുകൂട്ടും. എന്നാൽ, ഫോമില്ലെങ്കിലോ. പാസുകൾ നെയ്തുകൂട്ടി കയറിയാലും ഗോളടിക്കാൻ ആരുമുണ്ടാവില്ല. ഏതുസമയത്തും പിഴവുകൾ വരുത്തും.
ഇതിലേത് സ്പെയിനാണ് ഇറ്റലിക്കെതിരെ അവതരിക്കുകയെന്ന് കോച്ച് ലൂയിസ് എൻറിക്വെക്കുപോലും നിശ്ചയമുണ്ടാവില്ല. ആദ്യ രണ്ടുകളികളിൽ പാസുകളുടെ മാലപ്പടക്കം തീർത്തിട്ടും ഗോളടിക്കാൻ പാടുപെട്ട സ്പാനിഷ് പട പിന്നീടുള്ള കളികളിൽ 10 ഗോളുകളടിച്ച് അതിെൻറ ക്ഷീണം തീർത്തു. എന്നാൽ, ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരെ ഷൂട്ടൗട്ട് വേണ്ടിവന്നു സെമിയിലിടംപിടിക്കാൻ.
അൽവാരോ മൊറാറ്റ നേതൃത്വം നൽകുന്ന മുന്നേറ്റനിരയുടെ മങ്ങിയും തെളിഞ്ഞുമുള്ള ഫോമാണ് സ്പെയിനിൻെറ തലവേദന. അവസാന കളിയിൽ കൂടെയിറങ്ങിയ ഫെറാൻ ടോറസ് തിളങ്ങിയില്ല. പാബ്ലോ സറാബിയ നന്നായി കളിച്ചെങ്കിലും പരിക്കേറ്റു. ഇവർക്കുപകരം ഡാനി ഓൽമോയും ജെറാർഡ് മൊറേനോയും ഇറങ്ങാനാണ് സാധ്യത.
സെർജി ബുസ്ക്വെറ്റ്സിൻെറ നേതൃത്വത്തിൽ കോക്കെയും പെഡ്രിയുമടങ്ങുന്ന മധ്യനിര ഭാവനാസമ്പന്നമാണ്. പ്രതിരോധമാണ് സ്പെയിനിൻെറ ദുർബല മേഖല. വിങ്ങുകളിൽ പരിചയസമ്പന്നരായ സെസാർ അസ്പിലിക്യൂറ്റയും ജോർഡി ആൽബയുമുണ്ടെങ്കിലും പ്രതിരോധ മധ്യത്തിൽ അയ്മറിക് ലാപോർട്ടെയും എറിക് ഗാർഷ്യയുമടങ്ങുന്ന സഖ്യം കുറ്റിയുറപ്പുള്ളതല്ല. ഷൂട്ടൗട്ടിൽ മികവുകാട്ടി ക്വാർട്ടറിൽ ടീമിന് ജയം സമ്മാനിച്ചെങ്കിലും ഗോളി ഉനായ് സിമോണിൻെറ പ്രകടനവും ശരാശരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.