'ഇടഞ്ഞ കൊമ്പനെ കൺനിറയെ കണ്ടോളൂ'; ഒരാൾ കുറഞ്ഞിട്ടും ജാംഷഡ്പൂരിനെ മലർത്തിയടിച്ച് ബ്ലാസ്റ്റേഴ്സ്
text_fieldsഇടഞ്ഞ കൊമ്പനെന്ന തങ്ങളുടെ പരസ്യവാചകം കേരള ബ്ലാസ്റ്റേഴ്സ് സീസണിലാദ്യമായി അന്വർത്ഥമാക്കി. ലാൽത്താരയെ ചുവപ്പ്കാർഡിൽ നഷ്ടമായിട്ടും തളരാതെ കുതിച്ച കൊമ്പൻമാർ ജാംഷഡ്പൂരിനെ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് മലർത്തിയടിക്കുകയായിരുന്നു. ഇരട്ടഗോളുമായി കളംനിറഞ്ഞ ജോർഡൻ മറേയാണ് മത്സരം കേരളതീരത്തോട് അടുപ്പിച്ചത്.
മികച്ച അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് തുടക്കം മുതൽ പന്തുതട്ടിയത്. പക്ഷേ അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ ബ്ലാസ്റ്റേഴ്സ് മുൻനിര പരാജയപ്പെട്ടു. 22ാം മിനുറ്റിൽ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന നിമിഷെമത്തി. ഫെക്കുണ്ടോ പെരേരയുടെ ഫ്രീകിക്കിന് തലവെച്ച് കോസ്റ്റ ബ്ലാസ്റ്റേഴ്സിനെ മുമ്പിലെത്തിച്ചു.
ബ്ലാസ്റ്റേഴ്സിന്റെ ആഹ്ലാദത്തിന് അധികം ആയുസ്സുണ്ടായില്ല. 36ാം മിനുറ്റിൽ വാൽസ്കിസിലൂടെ ജാംഷഡ്പൂർ ഒപ്പമെത്തി. 45ാം മിനുറ്റിൽ ബോക്സിനുള്ളിൽ മാർക് ചെയ്യാതെ നിന്നിരുന്ന മുറേയുടെ ഹെഡർ ജാംഷഡ്പൂരിന്റെ മലയാളി ഗോൾകീപ്പർ രഹനേഷ് തട്ടിയകറ്റി.
ഇതിനിടയിൽ പലകുറി ബ്ലാസ്റ്റേഴ്സ് കോച്ചിങ് സ്റ്റാഫും താരങ്ങളും മാച്ച് റഫറിയുമായി കൊമ്പുകോർത്തു. 66ാം മിനുറ്റിൽ രണ്ടാം മഞ്ഞക്കാർഡുമായി ലാൽതുവാര പുറത്തായതോടെ കളി കൈവിടുമെന്ന് തോന്നിച്ചെങ്കിലും കഠിനാധ്വാനത്തിലൂടെ ബ്ലാസ്റ്റേഴ്സ് മത്സരം വരുതിയിലാക്കി. 79ാം മിനുറ്റിൽ ഫെക്കുണ്ടോ പെരേര ഓടിയെടുത്ത് സൃഷ്ടിച്ച മുന്നേറ്റം രഹനേഷിന്‍റെ കൈകളിൽ തട്ടി ബോക്സിലേക്ക് വീണ പന്തിനെ മറേ ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു.
മുന്നിലെത്തിയതോടെ ഉണർന്നുകളിച്ച ബ്ലാസ്റ്റേഴ്സ് 82ാം മിനുറ്റിൽ മൂന്നാംഗോളും നേടി. പെരേരയുടെ മുന്നേറ്റം രഹനേഷിന്‍റെ കൈകളിലുടക്കി വീണ്ടും മറേയുടെ കാലുകളിൽ. ഇത്തവണയും പിഴച്ചില്ല. ടീമിന്‍റെ മൂന്നാംഗോളും ത നേടി ബ്ലാസ്റ്റേഴസ് ആരവങ്ങൾക്ക് തിരികൊളുത്തി. 84ാം മിനുറ്റിൽ വിൽകിൽസിലൂടെ ജാംഷഡ്പൂർ രണ്ടാംഗോൾ നേടിയതോടെ ഉള്ളുകിടുങ്ങിയെങ്കിലും ഭീതിതമായതൊന്നും സംഭവിച്ചില്ല. അവസാനമിനുറ്റുകളിൽ സമനിലക്കായി പൊരുതിക്കളിച്ച ജാംഷഡ്പൂരിനെ പിടിച്ചുകെട്ടിയ ബ്ലാസ്റ്റേഴ്സ് അർഹിച്ച ജയം മാറോടടക്കുകയായിരുന്നു.
സീസണിൽ പത്തുകളികളിൽ നിന്നും ബ്ലാസ്റ്റേഴ്സിന്റെ രണ്ടാംജയമാണിത്. പൊരുതി നേടിയ ഈ വിജയം വരും മത്സരങ്ങളിലും വിക്കുനക്കും കൂട്ടർക്കും ഉത്തേജനമാകും. ഉറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.