അനസ്തേഷ്യ മാറി; 39 വർഷം കോമയിലായിരുന്ന ഫുട്ബാൾ താരം ഒടുവിൽ മരണത്തിന് കീഴടങ്ങി
text_fieldsപാരിസ്: കളിക്കിടെ കാൽമുട്ടിനേറ്റ പരിക്കിൽ ചികിത്സ തേടിയതായിരുന്നു കുടിയേറ്റക്കാരനായ ഫ്രഞ്ച് ഫുട്ബാൾ താരം ജീൻ-പിയറെ ആഡം. ആശുപത്രിയിൽ അനസ്തേഷ്യ കൈകാര്യം ചെയ്തിരുന്ന ജീവനക്കാരന്‍റെ ചെറിയൊരു പിഴവ് ആ താരത്തിന്‍റെ ഫുട്ബാൾ കരിയർ മാത്രമല്ല കവർന്നത്, പ്രതീക്ഷാനിർഭരമായ ജീവിതം കൂടിയായിരുന്നു. പിന്നീട്, നീണ്ട 39 വർഷം കോമയിൽ. തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കുടുംബം പരിചരിച്ച് കാത്തിരുന്നെങ്കിലും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഒടുവിൽ 73ാം വയസിൽ അയാൾ മരണത്തിന് കീഴടങ്ങി. ഫ്രഞ്ചു ക്ലബുകളായ പി.എസ്.ജിക്കും നൈസിനുമായി താരം ബൂട്ടുകെട്ടിയിട്ടുണ്ട്. 1972-76 വർഷങ്ങളിൽ ഫ്രാൻസിനായി 22 മത്സരങ്ങളും കളിച്ചു.
സെനഗാളിൽ ജനിച്ച ജീൻ ആഡത്തെ പത്താംവയസിൽ ഫ്രാൻസിൽ നിന്നുള്ള ദമ്പതികൾ ദത്തെടുക്കുകയായിരുന്നു. ഫ്രാൻസിൽ ചെറിയ ഡിവിഷൻ ലീഗിൽ കളിച്ചുവളർന്ന താരം പിന്നീട് ഫ്രഞ്ച് ടീമിൽ വരെയെത്തി. കാലോണിനായി കളിച്ചുകൊണ്ടിരിക്കെ കാൽമുട്ടിനേറ്റ പരിക്ക് ചികിത്സിക്കാനായി നടത്തിയ ശസ്ത്രക്രിയയാണ് ജീൻ ആഡത്തിന്‍റെ ജീവിതം താറുമാറാക്കിയത്. 1982 മാർച്ച് 17നായിരുന്നു ശസ്ത്രക്രിയ. അനസ്തേഷ്യ നൽകിയ പിഴവിൽ കോമയിലായ താരം പിന്നീട് ജീവിതത്തിലേക്ക് മടങ്ങിവന്നില്ല. ചലനമില്ലാത്ത ആ ശരീരത്തെ നീണ്ട 39 വർഷം പത്നി ബെർണാഡെറ്റെ ആഡം പരിചരിച്ചു.
മരണത്തിൽ ഫ്രഞ്ച് ക്ലബുകളായ പി.എസ്.ജിയും നൈസും അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.