'പ്രിയ ചാപ്, നിനച്ചിരിക്കാതെയല്ലോ ഇൗ മടക്കം'
text_fieldsകാൾട്ടൻ ചാപ്മാനെ സഹതാരവും കൂട്ടുകാരനുമായ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ജോപോൾ അഞ്ചേരി ഒാർക്കുന്നു
രാവിലെ എണീറ്റപ്പോൾ ഐ.എം. വിജയെൻറ രണ്ടുമൂന്ന് മിസ് കാളുകൾ. ആശങ്കയോടെ തിരിച്ചുവിളിച്ചപ്പോഴാണ് അറിഞ്ഞത് ചാപ്മാൻ പോയി എന്ന്. മൂന്നാഴ്ച മുമ്പുപോലും ഫോണിൽ സംസാരിച്ചിരുന്ന ഊർജസ്വലനായ പ്രിയ സുഹൃത്ത് ഇനി ഇല്ല എന്ന് വിഷമത്തോടെയാണ് ഉൾക്കൊണ്ടത്. വെറുതെ എഫ്.സി കൊച്ചിെൻറ പഴയ വാട്സ്ആപ് ഗ്രൂപ് എടുത്തുനോക്കി. ചാപ്മാെൻറ ഗുഡ്മോണിങ് മെസേജ് ഇല്ല. ആ ഗ്രൂപ്പിനെ ആദ്യം സുപ്രഭാതം പറഞ്ഞ് എന്നും ഉണർത്താറുള്ള ആളായിരുന്നു അവൻ.
1991ലെ അണ്ടർ 21 ക്യാമ്പിൽവെച്ചാണ് ചാപ്മാനെ കാണുന്നത്. മുടിയൊക്കെ നീട്ടിവളര്‍ത്തി ശ്രദ്ധാകേന്ദ്രമായിരുന്നു അവൻ. അന്ന് ടി.എഫ്.എയിലായിരുന്നു കളിച്ചിരുന്നത്. ചടുല വേഗങ്ങൾ, മികച്ച ക്രോസിങ്. ആരെയും സൗഹൃദത്തിലാക്കുന്ന പെരുമാറ്റം. അന്നു തുടങ്ങിയ സൗഹൃദമാണ്. 93ൽ ഈസ്റ്റ് ബംഗാളിൽ ചേർന്ന ചാപ്മാനും 94ൽ മോഹൻ ബഗാനിൽ ആയിരുന്ന ഞാനും പിന്നീട് പലതവണ ഏറ്റുമുട്ടി.
1995-97 മൂന്നു വർഷങ്ങളിൽ ഞങ്ങൾ ഒരുമിച്ചുകളിച്ചു. രണ്ടു വർഷം ജെ.സി.ടിക്കുവേണ്ടിയും ഒരു വർഷം എഫ്.സി കൊച്ചിനുവേണ്ടിയുമാണ് ഒത്തുചേർന്നത്. അപ്പോഴേക്ക് ഇന്ത്യൻ ടീമിെൻറ നിത്യസാന്നിധ്യമായി മാറിയിരുന്നു ചാപ്മാൻ. 1994ലെ സന്തോഷ് േട്രാഫിയിൽ കേരളടീമിൽ കളിച്ച എന്നോട് എതിരിടാൻ ബംഗാൾ ടീമിൽ വിജയൻ-ചാപ്മാൻ സഖ്യം ഉണ്ടായിരുന്നു. പ്രതിയോഗിയാണെങ്കിലും അദ്ദേഹത്തിെൻറ ഉറ്റസൗഹൃദക്കൂട്ടത്തിലൊരാളായിരുന്നു ഞാൻ. ചാപ്മാൻ ക്രോസ് ചെയ്യുന്നത് കിറുകൃത്യമായിരിക്കും. കാലൊന്ന് വളച്ചുചേർക്കുകയേ വേണ്ടിയിരുന്നുള്ളൂ. ആ മികച്ച ക്രോസുകളുടെ ബലത്തിൽ ഞാനും വിജയനുമൊക്കെ എത്രയോ ഗോളുകൾ അടിച്ചുകൂട്ടിയിട്ടുണ്ടെന്നോ.
1997ല്‍ കൊച്ചിയില്‍ നടന്ന നെഹ്‌റു കപ്പ് സെമിയില്‍ ഇറാഖിനോട് പെനാല്‍റ്റിയിലാണ് ഇന്ത്യ തോല്‍ക്കുന്നത്. കളിയിൽ ഇന്ത്യനേടിയ ആദ്യഗോൾ ചാപ്മാെൻറ ബൂട്ടിൽ നിന്നുള്ളതായിരുന്നു. എഫ്.സി കൊച്ചിെൻറ സുവര്‍ണ കാലഘട്ടത്തില്‍ മിഡ്ഫീൽഡിെൻറ കരുത്തായിരുന്നു അദ്ദേഹം. അങ്ങനെ ചാപ്മാെൻറ കളിക്കളത്തിലെ പോരാട്ടത്തിെൻറ ഒട്ടേറെ ചിത്രങ്ങൾ മനസ്സിലുണ്ട്. ബംഗളൂരു ഓസ്റ്റിൻ ടൗണിലെ വീട്ടുമുറി എന്നും ഞങ്ങളുടെ ആഘോഷ ക്യാമ്പായിരുന്നു. ഇന്ത്യൻ ടീമിലായിരുന്നപ്പോൾ മിക്ക ക്യാമ്പുകളും ബംഗളൂരുവിൽ വെച്ചായിരിക്കും. അന്നത്തെ എയർപോർട്ടിെൻറ തൊട്ടടുത്തായിരുന്നു ചാപ്മാെൻറ വീട്. വാരാന്ത്യങ്ങളിൽ മുടങ്ങാതെ ഞങ്ങൾ അവിടെ എത്തി. ഞങ്ങളുടെ ഓരോ വരവും അദ്ദേഹത്തിെൻറ വീട്ടിലെ പെരുന്നാളായിരുന്നു.
കളിയിൽനിന്ന് വിരമിച്ചശേഷമായിരുന്നു വിവാഹം. പിന്നീട് കോച്ചിങ് കരിയറിൽ കൂടുതലും നോർത്ത് ഈസ്റ്റിലെ ക്ലബുകളിലായിരുന്നു. ഒടുവിൽ രണ്ടു വർഷം മുമ്പ് കേരളത്തിലെത്തി, ആദ്യം കോഴിക്കോട്ടെയും പിന്നീട് കൊച്ചിയിലെയും ക്ലബുകളിൽ കോച്ചായി. കോഴിക്കോട്ടെത്തിയപ്പോഴാണ് ഞാൻ അവസാനമായി കണ്ടത്. തൃശൂർ തിരൂരുള്ള എെൻറ വീട്ടിലേക്ക് നിരവധി തവണ എത്തിയിട്ടുണ്ട്. മൂന്നാഴ്ച മുമ്പ് കളിക്കാര്യങ്ങൾ പറയാനായാണ് വിളിച്ചത്. ഞങ്ങൾ ഒരുപാട് സംസാരിച്ചു. അസുഖമോ ക്ഷീണമോ മറ്റു കാര്യങ്ങളോ സംസാരത്തിൽ കടന്നുവന്നില്ല. ഇപ്പോഴിതാ ആ വിളിയും ഇല്ലാതായിരിക്കുന്നു.
തയാറാക്കിയത്: പി.പി. പ്രശാന്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.