തോൽവിയിലും പോസിറ്റിവാണ് ഇന്ത്യ
text_fieldsദോഹ: സ്കോർ ബോർഡിൽ 2-0ത്തിന്‍റെ വലിയ തോൽവിയാണെങ്കിലും, ശാരീരിക മികവിലും കളിയിലും മുന്നിലുള്ള ജോർഡനെതിരെ കരുത്തുകാട്ടി ഇന്ത്യ. ദോഹ ഖത്തർ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന രാജ്യാന്തര സൗഹൃദ ഫുട്ബാളിൽ തോൽവിക്കിടയിലും കോച്ച് ഇഗോർ സ്റ്റിമാക്കിന് ആശ്വാസം നൽകുന്നതായിരുന്നു 90 മിനിറ്റിലെ പ്രകടനം.
ഇടവേളക്കു ശേഷം ടീമിലെത്തിയ നായകൻ സുനിൽ ഛേത്രിയുടെ കളിക്കളത്തിലെ അധ്വാനശീലത്തിന് കോട്ടം തട്ടിയെങ്കിലും അവസരത്തിനൊത്തുയരുന്ന യുവനിര ടീം ഇന്ത്യയുടെ ഏഷ്യാകപ്പ് യോഗ്യത പോരാട്ടത്തിൽ പ്രതീക്ഷ നൽകുന്നതാണ്. ശനിയാഴ്ച രാത്രി ദോഹയിൽ നടന്ന മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ പിറന്ന രണ്ട് ഗോളുകളായിരുന്നു ഇന്ത്യയുടെ തോൽവി ഉറപ്പിച്ചത്. കാണികളില്ലാതെ നടന്ന മത്സരത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉൾപ്പെടെ ഏതാനും വിശിഷ്ടാതിഥികളും ഇന്ത്യൻ ഫുട്ബാൾ ആരാധക കൂട്ടായ്മയായ ഖത്തർ മഞ്ഞപ്പട പ്രതിനിധികളും മാത്രമായിരുന്നു ഗാലറിയിലുണ്ടായിരുന്നത്.
അവരുടെ നിറഞ്ഞ പിന്തുണയിൽ കളിച്ച ടീം ഇന്ത്യ ഒന്നാം പകുതിയിൽ മധ്യനിരയിൽ മികച്ച മുന്നേറ്റങ്ങളും, ശ്രദ്ധേയമായ പ്രകടനങ്ങളുമായി കൈയടി നേടി. എന്നാൽ, മുൻനിരയിൽ അവയൊന്നും കൃത്യമായി കണക്ട് ചെയ്യാനോ, ജോർഡൻ പ്രതിരോധത്തെ പിളർത്താനോ കഴിഞ്ഞില്ല. 76ാം മിനിറ്റിൽ മുൻതർ അബു അമാറയും, ഇഞ്ചുറി ടൈമിന്‍റെ മൂന്നാം മിനിറ്റിൽ മുഹമ്മദ് അബു റൈഖും നേടിയ ഗോളുകളിലായിരുന്നു ജോർഡൻ കളി ജയിച്ചത്.
ഛേത്രിയും മൻവീർ സിങ്ങും നയിച്ച മുൻനിരക്കൊപ്പം, മലയാളി താരം സഹൽ അബ്ദുൽ സമദ്, ഗ്ലാൻ മാർട്ടിനസ്, അനിരുദ്ധ് ഥാപ്പ എന്നിവർ മധ്യനിര കാത്തുകൊണ്ടായിരുന്നു ഇന്ത്യൻ െപ്ലയിങ് ഇലവൻ. സന്ദേശ് ജിങ്കാനും സുഭാശിഷ് ബോസും പ്രതിരോധത്തിൽ നെടുന്തൂണായി. ഗോളി ഗുർപ്രീത് സിങ് ഉജ്ജ്വലമായ ഏതാനും സേവുകളിലൂടെയും കൈയടി നേടി.
സഹലും ഗ്ലാൻ മാർട്ടിനസും മധ്യനിരയിൽ നിറഞ്ഞു കളിച്ചെങ്കിലും ഛേത്രിയുടെ വേഗവും മൂർച്ചയും നഷ്ടമായത് കളത്തിൽ പ്രകടമായിരുന്നു. രണ്ടാം പകുതിയിൽ ജോർഡൻ കൂടുതൽ കെട്ടുറപ്പോടെ ആക്രമിച്ചപ്പോൾ, സഹലും മുഹമ്മദ് യാസിറും ചില ശ്രദ്ധേയ നീക്കങ്ങളും നടത്തി. പക്ഷേ, 75ാം മിനിറ്റിൽ സന്ദേശ് ജിങ്കാന്‍റെ പ്രതിരോധ പിഴവ് ആദ്യ ഗോളിന് വഴിയൊരുക്കി. അതുവരെ മികച്ച പ്രതിരോധം തീർത്ത ഇന്ത്യക്ക് താളം കൈവിട്ടതോടെ ഇഞ്ചുറി ടൈമിൽ രണ്ടാം ഗോളും പിറന്നു.
ടീമിന്‍റെ പ്രകടനത്തിൽ കോച്ച് ഇഗോർ സ്റ്റിമാക് സംതൃപ്തി പ്രകടിപ്പിച്ചു. 'കളിയിലുടനീളം മികച്ച പ്രകടനമായിരുന്നു. എന്നാൽ, ആദ്യം ഗോൾ നേടാൻ കഴിഞ്ഞില്ലെന്നത് തിരിച്ചടിയായി. അങ്ങനെ സംഭവിച്ചെങ്കിൽ ഫലം മറ്റൊന്നാവുമായിരുന്നു. പ്രതിരോധത്തിൽ ചില വീഴ്ചകളുണ്ടായി. അത് പരിഹരിക്കപ്പെടും' -കോച്ച് പറഞ്ഞു. ദോഹയിലെ മത്സരം കഴിഞ്ഞതോടെ ടീം ചൊവ്വാഴ്ച കൊൽക്കത്തയിലേക്ക് തിരിക്കും.
ജൂൺ എട്ടിന് ഏഷ്യാകപ്പ് യോഗ്യത റൗണ്ടിൽ കംമ്പോഡിയ, അഫ്ഗാൻ, ഹോങ്കോങ് ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.