ഒരു കളിയിൽ ലിവർപൂൾ കളത്തിലിറക്കിയത് മൊത്തം 31 പേരെ; ഗോൾ നേടി ഹെൻഡേഴ്സണും സലാഹും -വിഡിയോ
text_fieldsസിംഗപ്പൂർ: ജോർദാൻ ഹെൻഡേഴ്സണും മുഹമ്മദ് സലാഹും നേടിയ ഗോളുകളുടെ മികവിൽ ക്രിസ്റ്റൽ പാലസിനെതിരായ സൗഹൃദ മത്സരത്തിൽ ലിവർപൂളിന് ജയം. സിംഗപ്പൂരിലെ നാഷനൽ സ്റ്റേഡിയം വേദിയൊരുക്കിയ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ ജയിച്ചുകയറിയത്.
വിസ സംബന്ധമായ പ്രശ്നങ്ങളും പരിക്കും വിനയായതിനെ തുടർന്ന് കഴിഞ്ഞ സീസണിൽ കളിച്ച ടീമിലെ 11 സീനിയർ താരങ്ങൾ മാത്രമാണ് ക്രിസ്റ്റൽ പാലസിന്റെ അണിയിൽ ഉണ്ടായിരുന്നത്. ആദ്യപകുതിയിലുണ്ടായിരുന്ന മുഴവൻ കളിക്കാരേയും പിൻവലിച്ച് 'പുതിയ ഇലവനെ'യാണ് രണ്ടാം പകുതിയിൽ ലിവർപൂൾ കളത്തിലിറക്കിയത്. പിന്നീട് ഇവരിൽ ഒമ്പതുപേരെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുകയും ചെയ്തു. ക്രിസ്റ്റൽ പാലസ് അഞ്ചു കളിക്കാരെ വീതം രണ്ടു തവണ പിൻവലിച്ച് പകരക്കാരെ ഇറക്കി.
എതിർ പ്രതിരോധം കടന്നുകയറാനാകാതെ പാലസുകാർ കുഴങ്ങിയ കളിയിൽ വിർജിൽ വാൻഡൈക്കും ഫാബിയോ കാർവാലോയും സുവർണാവസരങ്ങൾ തുലച്ചില്ലായിരുന്നെങ്കിൽ ലിവർപൂളിന്റെ ജയം കൂടുതൽ മികച്ചതായേനേ. 12-ാം മിനിറ്റിൽ ഹാർവി എലിയറ്റിന്റെ തകർപ്പൻ പാസിൽനിന്നാണ് ഹെൻഡേഴ്സൺ ചെങ്കുപ്പായക്കാരെ മുന്നിലെത്തിച്ചത്. 47-ാം മിനിറ്റിൽ സലാഹിന്റെ 20 വാര അകലെനിന്നുള്ള ഷോട്ട് ഗോളിയുടെ കൈകളിൽതട്ടി വലയിലെത്തിയതോടെ ലീഡ് ഇരട്ടിയായി.
ആദ്യ പകുതിയിൽ േപ്ലയിങ് ഇലവനിൽ ഇല്ലാതിരുന്നിട്ടും സലാഹിനുവേണ്ടി ആർത്തുവിളിച്ച കാണികൾക്ക് ആഘോഷ നിമിഷങ്ങളാണ് ആ ഗോൾ സമ്മാനിച്ചത്. കഴിഞ്ഞ ദിവസം തായ്‍ലാൻഡിൽ നടന്ന സൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനോട് മറുപടിയില്ലാത്ത നാലുഗോളുകൾക്ക് തകർന്ന ലിവർപൂളിന് ആശ്വാസം പകരുന്നതായി ക്രിസ്റ്റൽ പാലസിനെതിരായ വിജയം. ഇതോടെ ടീമിന്റെ ഏഷ്യൻ പര്യടനം സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.