'ഞാൻ എപ്പോഴും ചുവപ്പായിരിക്കും... മരിക്കുന്ന ദിവസം വരെ'; ലിവർപൂളിനോട് വിടപറഞ്ഞ് ഹെൻഡേഴ്സൻ
text_fieldsലണ്ടൻ: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ലിവർപൂൾ നായകൻ ജോർഡൻ ഹെൻഡേഴ്സൺ ക്ലബ് വിടാൻ തീരുമാനിച്ചു. 12 വർഷത്തിന് ശേഷം താൻ ലിവർപൂളിനോട് വിടപറയുകയാണെമന്ന് ഹെൻഡേഴ്സൻ പ്രഖ്യാപിച്ചു. ആൻഫീൽഡിൽ ചിത്രീകരിച്ച വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചാണ് വിടവാങ്ങൽ സ്ഥിരീകരിച്ചത്.
'ഈ കഴിഞ്ഞ 12 വർഷങ്ങളെ വാക്കുകളിൽ വിവരിക്കുക പ്രയാസമാണ്, വിട പറയാൻ അതിലും പ്രയാസമാണ്. ഞാൻ എപ്പോഴും ചുവപ്പായിരിക്കും. ഞാൻ മരിക്കുന്ന ദിവസം വരെ. എല്ലാത്തിനും നന്ദി.' എന്നായിരുന്നു വീഡിയൊക്കൊപ്പം പങ്കുവെച്ച കുറിപ്പിലുള്ളത്.
സൗദി അറേബ്യൻ ക്ലബായ അൽ-ഇത്തിഫാഖിലേക്കാണ് കൂടുമാറ്റം എന്നാണ് റിപ്പോർട്ടുകൾ. 12 മില്യൺ പൗണ്ടിന്റെ ഡീലാണ് 33 കാരനായി സൗദി ക്ലബ് മുന്നോട്ട് വെച്ചത്.
2020ൽ ലിവർപൂളിനെ 30 വർഷത്തിനിടെ ആദ്യമായി പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ചത് ഹെൻഡേഴ്സണായിരുന്നു. ഇംഗ്ലണ്ട് ഇന്റർനാഷണൽ ചാമ്പ്യൻസ് ലീഗ്, എഫ്.എ കപ്പ്, രണ്ട് ലീഗ് കപ്പുകൾ, യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവയും മെർസിസൈഡിൽ തന്റെ കാലത്ത് ഉയർത്തി.
ജെയിംസ് മിൽനർ, അലക്സ് ഓക്സ്ലെയ്ഡ് ചേംബർലെയിൻ, നബി കീറ്റ എന്നിവരെല്ലാം കരാർ കാലാവധി കഴിഞ്ഞ് നേരത്തെ ടീം വിട്ടവരാണ്. അതിനു പിന്നാലെയാണ് കരുത്തരായ ഹെൻഡേഴ്സനും ഒപ്പം ഫബീഞ്ഞോയും ടീം വിടുന്നത്.
അലക്സിസ് മാക് അലിസ്റ്റർ, ഡൊമിനിക് സോബോസ്‍ലായ് എന്നീ മധ്യനിര താരങ്ങൾ അടുത്തിടെ ലിവർപൂളിലെത്തിയിരുന്നു. സതാംപ്ടണിലെ 19കാരൻ റോമിയോ ലാവിയയും എത്തിയേക്കും. എന്നാലും, പ്രമുഖരെല്ലാം മടങ്ങുന്നത് ടീമിന് കടുത്ത പ്രതിസന്ധി തീർക്കുമെന്നുറപ്പാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.