കൊറിയയെ വീഴ്ത്തി ജോർഡൻ ഏഷ്യൻ കപ്പ് ഫൈനലിൽ
text_fieldsദോഹ: അവസാന മിനിറ്റിലെ നാടകീയതകൾക്കൊന്നും ദക്ഷിണ കൊറിയക്ക് സമയം നൽകാതെ, രണ്ടാം പകുതിയിൽ പിറന്ന ഇരട്ടഗോളുകളുമായി ജോർഡൻ ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ കലാശപ്പോരാട്ടത്തിലേക്ക്. അഹമ്മദ് ബിൻഅലി സ്റ്റേഡിയത്തിൽ 90 മിനിറ്റും ആരവവുമായി നിറഞ്ഞ ഗാലറിക്കു മുന്നിൽ മിന്നൽ ആക്രമണങ്ങളിലൂടെ എതിരാളികളെ തരിപ്പണമാക്കിയായിരുന്നു ഏഷ്യൻ കപ്പിലെ തങ്ങളുടെ ആദ്യ സെമിഫൈനൽ പ്രവേശനം കലാശപ്പോരാട്ടത്തിലേക്കുള്ള യാത്രയാക്കി മാറ്റിയത്.
ബുധനാഴ്ച നടക്കുന്ന ഖത്തർ-ഇറാൻ രണ്ടാം സെമിയിലെ വിജയികളാവും ഫെബ്രുവരി 10ന് നടക്കുന്ന ഫൈനലിലെ എതിരാളികൾ. കളിയുടെ 53ാം മിനിറ്റിൽ യാസൻ അൽ നയ്മതും 66ാം മിനിറ്റിൽ മൗസ അൽ താമരിയും നേടിയ തകർപ്പൻ ഗോളുകളിലായിരുന്നു ജോർഡന്റെ ജയം.
ആറു പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിന് ഖത്തറിൽ വിരാമംകുറിക്കാമെന്ന സ്വപ്നവുമായി ബൂട്ടുകെട്ടിയ ദക്ഷിണ കൊറിയയെ കളത്തിൽ തീർത്തും നിഷ്പ്രഭമാക്കിയായിരുന്നു ജോർഡൻ വിജയം.
മിന്നൽ ആക്രമണങ്ങൾ
സൗദിയെയും ആസ്ട്രേലിയയെയും വീഴ്ത്തിയ ദക്ഷിണ കൊറിയ ജോർഡന്റെ ഇരട്ടമുഖമുള്ള ആക്രമണങ്ങൾക്കു മുന്നിൽ സ്വന്തം ആയുധങ്ങൾ മറന്നപോലെയായിരുന്നു കളിച്ചത്. ഹ്യൂങ് മിൻ സണിന് പന്തുകൾ കിട്ടാതായപ്പോൾ പ്രതിരോധത്തിലെ വന്മതിൽ കിം ജെ സസ്പെൻഷനിലായതും തിരിച്ചടിയായി.
എതിരാളിയുടെ പ്രതിരോധം പിളർത്തിയ നീക്കത്തിലൂടെയായിരുന്നു 53ാം മിനിറ്റിലെ ഗോൾ. ദക്ഷിണ കൊറിയക്കാരെ കാഴ്ചക്കാരാക്കി മുന്നേറിയ മൗസ തമരിയുടെ ക്രോസിനെ ബോക്സിനുള്ളിൽ വെച്ച് സ്റ്റാർ സ്ട്രൈക്കർ യാസൻ അൽ നയ്മത് വലയിലേക്കു കയറ്റി. കൊറിയൻ പ്രതിരോധത്തിലെ ജുങ് യുൻ സ്യൂങ്ങിന്റെയും സിയോൾ വൂ യങ്ങിന്റെയും ട്രാപ്പിനെ മറികടന്ന് കുതിച്ച യസാന്‍, അഡ്വാൻസ് ചെയ്ത ഗോളി ജോ വൂങ് യോന്‍ മുകളിലൂടെ ചിപ് ചെയ്തുകൊണ്ട് വലകുലുക്കിയാണ് ടീമിന് ലീഡ് സമ്മാനിച്ചത്.
ആദ്യ ഗോളിൽ ഞെട്ടിയ ക്ലിൻസ്മാൻ തൊട്ടടുത്ത മിനിറ്റിൽ മുന്നേറ്റത്തിന് മൂർച്ചകൂട്ടാൻ ഡച്ച് ക്ലബ് മിറ്റ്ലാൻഡിന്റെ താരം ചോസങ് ഗുവിനെ എത്തിച്ച് പരീക്ഷണം നടത്തി. എന്നാൽ, വിങ്ങിലൂടെ വേഗമേറിയ നീക്കങ്ങളിലൂടെയായിരുന്നു ജോർഡൻ കൊറിയക്കാരുടെ താളംതെറ്റിച്ചത്. മധ്യവരക്കടുത്തുനിന്നു നിസാർ മഹ്മൂദ് നൽകിയ ക്രോസ്, അസാമാന്യമായ റണ്ണപ്പിലൂടെ കാലിൽകുരുക്കി കുതിച്ച മൗസ അൽ തമാരി ഡി സർക്കിളിൽ നിന്നുതന്നെ തൊടുത്ത ലോങ് റേഞ്ചർ ഗോളിയെയും മറികടന്ന് വലയിലായി.
രണ്ടു ഗോൾ ലീഡ് നേടിയിട്ടും ആക്രമണത്തിന് ഒട്ടും വീര്യം കുറക്കാതെ പന്തു സ്വന്തമാക്കി ജോർഡൻ കൊറിയക്കുമേൽ സമ്പൂർണ ആധിപത്യം സ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.